2013, ഡിസംബർ 28, ശനിയാഴ്‌ച

ഫ്രീക്


നരച്ച പുരികങ്ങള്‍
ഒട്ടും 'ഫ്രീക'ല്ലെന്ന്
ഒളിച്ചോടുമ്പോള്‍
'കാഴ്ച്ച' യുടെ ന്യായം

ഇരുമ്പ് മതിലില്‍
ചില്ലു പതിച്ച് 
'ഫ്രീക്' ആകാമെന്ന്
 തൂങ്ങിയ കണ്ണുകള്‍ 

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

ഇടത്തും വലത്തും


അച്ചന്‍
'ഇടതാ'ണെന്ന് കേട്ട്
അമ്മ പറഞ്ഞു
"ന്റെ ഇടങ്ങേറു തീരൂല്ല"

മകന്‍
'വലതാ' ണെന്നു കേട്ട്
അമ്മ ചിരിച്ചു
"വല്ലാത്തൊരു ജന്മം തന്നെ"

ഇടതും
വലതും ചേര്‍ന്ന്
മകള്‍ക്ക് കൊടി പുതപ്പിച്ചപ്പോഴാണ്
അമ്മ "ചൂലെ"ടുത്തത് 

2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഡിസ്പോസിബിള്‍


ഡിസ്പോസിബിള്‍ കാലത്തെ
നിറമുള്ള പ്രണയത്തിന്
എ ടി എം കാര്ഡിന്റെ
അഴകെങ്കിലും
ഒരു സിം കാര്ഡിന്റെ
ഭാരം മാത്രം
............................................

നമ്മുടെ പ്രണയം
തൊട്ടാവാടിയുടെ
ഇലപോലെ വാടുന്നതും 
മുള്ളു പോലെ
ചെറുതു മായിരുന്നു
കാലം ചവിട്ടി ഞെരിച്ചിട്ടും
എങ്ങിനെയാണത്
വാടാതെ
ഹൃദയത്തില്‍ ആഴ്ന്നിറങ്ങി
ഇന്നും പച്ച യുണങ്ങാത്ത
മുറിവായത് ...??!!

അകത്തും പുറത്തും


അകത്ത്
ഒറ്റു കാശിന്റെ
ആര്‍ഭാടത്തില്‍
അണിയിച്ചൊരുക്കിയ
അടുക്കളയില്‍

ഉന്മത്തരായി 
ഉപ്പ് നുകരുമ്പോള്‍
വിളമ്പാനിരിക്കുന്ന
അത്താഴ വിഭവങ്ങളില്‍
അത്ഭുതം കൂറി
ശിഷ്യന്മാര്‍

പുറത്ത്
യൂദാസിന്റെ
കൊട്ടാര മുറ്റത്ത്
ചമയിച്ചൊരുക്കിയ
പുല്‍കൂട്ടില്‍
തണുത്ത് വിറച്ച്
ഉപേക്ഷിക്കപ്പെട്ട
ഉണ്ണിയേശു  

2013, ഡിസംബർ 25, ബുധനാഴ്‌ച

വെറുതെ മൂന്നു പേര്‍


ഉള്ളില്‍
ഒന്നുമില്ലെങ്കിലും
എന്നും
കൂടെയുണ്ടാവും
പ്രതാപ കാലത്തിന്റെ
ചൂരൊടുങ്ങാത്ത
ഒരു പേഴ്സ്
..................................

 പൊങ്ങച്ചത്തിന്റെ
മുഷിഞ്ഞ
കീശയിലിരുന്ന്
നാറുന്നുണ്ട്
കടലാസ് കാണാതെ
മഷിയുണങ്ങി മരിച്ച
പൊന്നു പൂശിയ
പേനയുടെ ജഡം
..................................

ആറ്റി ക്കുറുക്കിയ
ആയുസ്സും പേറി
മരണത്തിന്റെ
മാളത്തിലേക്ക്
കുതിച്ചോടുമ്പോള്‍
വാച്ചിനും
ഹൃദയത്തിനും
ഒരേ താളം

2013, ഡിസംബർ 23, തിങ്കളാഴ്‌ച

പരാതി


നിന്റെ
അശ്രദ്ധ കാരണം
അലിഞ്ഞു തീരുന്നത്
എന്റെ ജീവിതമാണെന്ന്
മഷിത്തണ്ടിന്റെ
പരാതി

2013, ഡിസംബർ 22, ഞായറാഴ്‌ച

പോസ്റ്റ്‌ കാര്‍ഡ്



പൊതിഞ്ഞു വെച്ച
പകയും
വിഷം പുരട്ടിയ  
വാക്കും
കൂട്ടിനില്ലാത്തവര്‍ക്ക്
സൌഹൃദത്തെ
ഓര്‍മപ്പെടുത്താന്‍
ഒരു മഞ്ഞ ക്കാര്‍ഡ് 

2013, ഡിസംബർ 21, ശനിയാഴ്‌ച

പരോള്‍


സുഗന്ധം
പെയ്തിറങ്ങിയ
വസന്ത കാലത്ത്
മിതവാദ ത്തിന്റെ
വിരിപ്പാക്കി
വാരിപ്പുണര്‍ന്നവര്‍
തന്നെയാണ്
വെറുപ്പിന്റെ
ഉഷ്ണ കാലത്ത്
തീവ്രവാദ ത്തിന്റെ
ചാപ്പ കുത്തി
തുറുങ്കില്‍ തള്ളിയത് ....

നിരപരാധി യെന്നറിഞ്ഞിട്ടും
നിറ യൗവനം മരിച്ചിട്ടും
മരം കോച്ചുന്ന
ശൈത്യകാലത്തെ
കാത്തിരിക്കേണ്ടി വന്നു
ഒരു പരോളെങ്കിലും
പതിച്ചു കിട്ടാന്‍   

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

മൗനം


മൌനത്തെ നമുക്ക്
മനോഹരമായൊരു
കവിതയാക്കാം

അക്ഷര ത്തെറ്റിനു
അമ്മിണി ടീച്ചര്‍
ചെവി പിടിക്കില്ല

വരി തെറ്റിച്ചെന്നു
സാറാമ്മ ടീച്ചര്‍
വഴക്കു പറയില്ല

വ്യാകരണം ചോദിച്ച്
വിജയമ്മ ടീച്ചര്‍
വടി യെടുക്കില്ല
 
ഉള്ളില്‍
കടലിരമ്പുമ്പോള്‍
ചുണ്ടില്‍
ഇലയനങ്ങാതെ

കണ്ണില്‍
കനലാളുമ്പോള്‍
കാഴ്ചകളില്‍
ഇരുട്ട് പുതച്ച്

ഒളിച്ചും
ഒതുങ്ങിയും
മരിച്ചു പോയവരെ
ശ്മശാനത്തിലേക്കെടുക്കുമ്പോള്‍
മൂളാനും വേണ്ടേ
ഒരു കവിത

വെയില്‍


മഞ്ഞുറഞ്ഞ
മരുഭൂമിയില്‍
കുളിര് കായാന്‍
വിരുന്നെത്തിയ
വെയില്‍ കുഞ്ഞുങ്ങള്‍
പുതപ്പില്ലാതെ
പനി  പിടിച്ച്
വിറച്ചുറങ്ങുന്നു  

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മഞ്ഞു തുള്ളി


ഇലകള്‍ക്കുള്ളില്‍
ഒളിച്ചിരുന്ന മഞ്ഞു തുള്ളിക്ക്
വെയില്‍ പൊള്ളിയപ്പോഴാണ്
നീട്ടിക്കിട്ടിയ ആയുസ്സിന്റെ
ഭാരത്തെ കുറിച്ച്
ദൈവത്തോട് പരാതിപ്പെട്ടത് 

2013, ഡിസംബർ 18, ബുധനാഴ്‌ച

എന്റെ പ്രണയിനിക്ക്

പൂവിലേക്ക്
മഞ്ഞെന്ന പോലെ
നീ വന്നു

പുഴയില്‍
പൂന്തിങ്ക ളെന്നപോലെ
നീ ചിരിച്ചു

മരങ്ങളില്‍ ചേക്കേറിയ
കിളികളെ പോലെ
നീ ചിലച്ചു

പുലര്‍ കാലത്തെ
കിനാവ് പോലെ
നിന്നെ തനിച്ചാക്കി
ഞാന്‍ മടങ്ങി

തൊട്ടതും തലോടിയതും 
മഴ കരിഞ്ഞു പോയ 
മീന ച്ചൂടിലെങ്കിലും  

നീ പകര്‍ന്നു നല്‍കിയത്   
പുലരു മെന്നുറപ്പുള്ള
സ്വപ്നങ്ങളും

പ്രവാസത്തിന്റെ
ഇരുമ്പ് കട്ടിലില്‍
വിരിക്കാനുള്ള
പൂ നിലാവുമായിരുന്നു



2013, ഡിസംബർ 17, ചൊവ്വാഴ്ച

പ്രണയം


പത്താം ക്ലാസിന്റെ 
പാതി വഴിയില്‍
പിണങ്ങിപ്പോയ
പ്രണയം
നഗരത്തിന്റെ
തിരക്കുകള്‍ ഭേദിച്ച്
തിരഞ്ഞു വന്നത്
പരിചയം പുതുക്കാനും
പൊറുക്കണമെന്ന്
പറയാനുമായിരുന്നു

സിരകളില്‍  നുഴഞ്ഞു കയറി
ഹൃദയത്തിന്റെ
പൂട്ടുകള്‍ പൊളിച്ചതും
അകത്തു കയറി
സ്വപ്നങ്ങള്‍ക്ക് തീ പകര്‍ന്നതും
ഒളിചോടുമ്പോള്‍
'മറക്കുക'
എന്നെഴുതാനായിരുന്നോ...??!

2013, ഡിസംബർ 16, തിങ്കളാഴ്‌ച

പെട്ടികള്‍


മരങ്ങളില്ലാത്ത കാലത്ത്
ചിലന്തി  ക്കുഞ്ഞുങ്ങള്‍
വല നെയ്യുന്നതും നോക്കി
പ്രണയത്തിന്റെ നോവും
വിരഹത്തിന്റെ വേവും
തിരിച്ചറിയാതെ
വെയിലു കായുന്നു
ചില ചുവന്ന പെട്ടികള്‍

2013, ഡിസംബർ 15, ഞായറാഴ്‌ച

2013, ഡിസംബർ 14, ശനിയാഴ്‌ച

2013, ഡിസംബർ 11, ബുധനാഴ്‌ച

വെള്ളം


 കുഴിച്ചിട്ടും
കുഴിച്ചിട്ടും
കാണാതെ
വെള്ളം

പെയ്തിട്ടും
പെയ്തിട്ടും
തീരാതെ
മഴ 

2013, ഡിസംബർ 10, ചൊവ്വാഴ്ച

തണുപ്പ്


പ്രവാസത്തിന്റെ
നെഞ്ച് തുളച്ച്
അകത്തു കയറിയ 
തണുപ്പ് 
വിരഹത്തിന്റെ 
വിങ്ങലും വിഷാദവും
തിളച്ചു മറിയുന്ന  
ഓര്‍മ്മകളില്‍ പൊള്ളി 
വിയര്‍ത്തൊലിച്ച് 
പുറത്തേക്ക് 

2013, ഡിസംബർ 9, തിങ്കളാഴ്‌ച

പ്രതീക്ഷ


ശിഖരങ്ങള്‍
പിണങ്ങി പ്പോയപ്പോള്‍
താഴ് ത്തടി  
ഉണങ്ങി വീണെങ്കിലും
പ്രതീക്ഷ നല്കുന്നു
പച്ച യുണങ്ങാത്ത
ചില വേരുകള്‍..

2013, ഡിസംബർ 8, ഞായറാഴ്‌ച

ശകുനം


ഇര തേടിയ കറുത്ത പൂച്ച
വില കൂടിയ വെളുത്ത കാറില്‍
ഇണ നോക്കി നില്‍ക്കെ
ചുവന്ന ചിത്രം രചിച്ച്
പിടഞ്ഞു തീര്‍ന്നപ്പോഴും
അകത്തെ തണുപ്പില്‍ നിന്ന്
വിയര്‍ത്തൊലിച്ചൊരു ശബ്ദം
"ശകുനം മുടങ്ങിയോ.........?!"


2013, ഡിസംബർ 7, ശനിയാഴ്‌ച

കടലിരമ്പം


അവളിലൊരു
കടലിരമ്പം കേട്ടാണ്
സൂത്രത്തില്‍
ഊളിയിട്ടിറങ്ങിയത്

കടലില്‍
ഉപ്പുന്ടെന്നറിഞ്ഞ്
നടുക്കടലില്‍ തന്നെ മുങ്ങി
ഉപ്പു പരതി

ഉപ്പിലൊരു
ജീവിതം കണ്ടാണ്‌
കുഴിയെടുത്തതും
വിത്തിട്ടതും 

കാത്തു നില്‍പ്പ്


കൊള്ളക്കാര്‍ കലക്കി
കടും കളറിലൂട്ടി
കുപ്പിയില്‍ പൊതിഞ്ഞ
കൊലക്കത്തി വാങ്ങാന്‍ 
കെട്ടുതാലി വിറ്റവരുടെ
കാത്തു നില്‍പ്പ് 

2013, ഡിസംബർ 4, ബുധനാഴ്‌ച

ഡിസംബർ 6

കൊല ചെയ്യപ്പെട്ട
നീതിക്കു മുകളില്‍
അധര്‍മത്തിന്റെ
കൊടി പുതപ്പിക്കുമ്പോള്‍

പതിനെട്ട് ഭാഷകളുടെ
മരിച്ച മൗനത്തിലൂടെ
സമ്മത മെന്നറിയിച്ച
ഭരണകൂട ഭീകരതയെ
മറക്കാതിരിക്കാന്‍
.....................................
ജനാധിപത്യത്തിന്റെ
വംശ ശുദ്ധി വരുത്തിയ
കാവല്‍ പട്ടികൾക്ക്
ആഘോഷത്തോടെ
ഘോര ഘോരം
കുരച്ചുല്ലസിക്കാന്‍
..........................................
ഒത്ത വില കിട്ടാതെ
ഊഴം കാത്തു നില്‍ക്കുന്ന
'മതേതരപ്പൊട്ടന്‍'മാര്‍ക്ക്
സംയമനത്തിന്റെ
കവിത യെഴുതിക്കളിക്കാന്‍
തണുത്ത ഡിസംബറിന്റെ 
ഒഴുക്കില്ലാത്ത ആറ് 

2013, ഡിസംബർ 1, ഞായറാഴ്‌ച

കലണ്ടര്‍



കൊല്ലം തികഞ്ഞാല്‍
കൊല്ലു മെന്നറിഞ്ഞ്
കലണ്ടറുകളൊക്കെ
കഴുത്തിലൊരു
കയറി ട്ടാണ്
കയറി വരുന്നത്

മുക്കുവന്‍


ഒഴിഞ്ഞ വലയില്‍ 
നിറയെ വിശപ്പുമായി 
കര പറ്റാതെ 
മുക്കുവന്‍

ചരമ കോളം


ചിരിച്ചിരിക്കുന്ന
ചിത്രം നിരത്തി 
ചിത യൊടുങ്ങുന്നതും കാത്ത് 
ചമഞ്ഞൊരുങ്ങിയ 
ചരമ കോളം .......

ഗര്‍ഭം


ഗര്‍ഭം 
ഒരു നിലാവെങ്കില്‍
പ്രസവം 
ഒരു പ്രഭാതം തന്നെ

അതിരുകള്‍


ആഴ്ന്നിറങ്ങേണ്ട 
വേരുകളൊക്കെ 
അരിഞ്ഞെടുത്ത നാടിന്
അതിരുകള്‍ 
ഏറെ വിശാലമായിട്ടെന്ത്

ഫെമിനിസം


പൂക്കാതെ 
കായ്ക്കാതെ 
വേരുകള്‍ പിഴുതെടുത്തും 
ഉള്ളിലെ തണലെരിച്ചും
ഉലഞ്ഞാടി........
ഫെമിനിസം

പട്ടം


ആകാശത്തിന്റെ 
അതിരുകള്‍ തേടുമ്പോഴും 
അടിമത്തത്തിന്റെ നൂലില്‍ കുരുങ്ങി
ആയുസ്സൊടുങ്ങുന്ന ജീവിതം