2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

അറബിത്തെരുവിലൂടെ .......


നിയമത്തിന്റെ വാള്‍ തലപ്പുകള്‍ 
ഇടം വലം മുനകൂര്‍ത് നില്‍ക്കുമ്പോഴും 
ക്ഷോഭത്തിന്റെ തീക്കാറ്റ് 
നന്മ യുണങ്ങാത്ത മരുഭൂമിയില്‍ 
മാറ്റത്തിന്‍റെ ചുടു ഗീതം രചിക്കുന്നുണ്ട്....

കരുത്തും കനിവു മൂറുന്ന വിശ്വാസം 
കാമ്പും കനലുമുള്ള വേദത്തിലൂട്ടി 
സ്വെച്ചാധിപത്യത്തിന്‍റെ വേരറുക്കാന്‍ 
കൌമാരം പുകഞ്ഞു പൊരിയുന്നുണ്ട്.....

കാല്‍കീഴില്‍ ചവിട്ടിത്താഴ്ത്തി 
കുടുംബങ്ങള്‍ പങ്കിട്ടെടുത്ത് 
കാലാന്തരങ്ങളായൊതുക്കപ്പെട്ടവര്‍ 
കാത്തിരുന്ന വെളിച്ചത്തിന്‍റെ 
കിരണങ്ങള്‍ തെളിയുന്നുണ്ട്....

പുകയുന്ന സ്വപ്നങ്ങള്‍ക്ക് 
പുതുജീവന്‍ പകര്‍ന്നുണര്‍ത്തി 
നൈലിന്‍റെ നനവാര്‍ന്ന തീരങ്ങളില്‍ 
നഷ്ട വസന്തങ്ങളെവിരിയിച്ചെടുക്കാന്‍ 
നവ സ്വപ്നങ്ങളുടെ പൂക്കാലമുണ്ട് 

ക്ഷോഭം നുരയുന്ന തെരുവോരങ്ങളില്‍ 
ശോഭ പരത്തുന്ന പൈതങ്ങളുണ്ട് 
കത്തിപ്പടരുന്ന കൌമാര കണ്ണുകളില്‍ 
കത്തലൊടുങ്ങാത്ത സ്വാതന്ത്ര്യ ദാഹമുണ്ട് 
രക്ത സാക്ഷിയുടെ അമ്മയെന്നറിഞ്ഞിട്ട്  
രണ്ടു സ്വര്‍ഗങ്ങളറിയുന്ന തരുണികളുണ്ട് 
കണ്ണിലും കനവിലും നനവുണങ്ങാതെ 
കയ്യുയര്‍ത്തിക്കരഞ്ഞു കേഴുന്ന 
വിറയലും വിതുമ്പലും തിരമാല തീര്‍ക്കുന്ന 
വൃദ്ധ മാതാക്കളുടെ പ്രാര്‍ത്ഥനകളുണ്ട് 

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഖഹ്‍വ .......



ഖഹ്‍വ .......
കവിത തുളുമ്പുന്ന താഴ്വരയിലാണ് 
കയ്പ്പും ചവര്‍പ്പും ചേര്‍ത്ത് 
ജീവിതത്തിന്റെ കരുത്തറിയിച്ചത് 

കല്ലടുപ്പിനു മുന്നില്‍ കുന്തിച്ചിരുന്ന് 
ഓര്‍മയുടെ വസന്തം പൂത്ത 
ഓട്ടു പാത്രത്തിലിട്ട് വറുത്ത് 
ദേശങ്ങള്‍ താണ്ടിയെത്തി 

പുന്‍ജിരിയുടെ മഞ്ഞുപെയ്യുന്ന 
ഖഹ്‍വയുടെ കന്നിപ്പരിപ്പ് 
കരുത്തിന്റെ കഥ പറയുന്ന 
കല്ലുരലില്‍ കുത്തിയുടച്ച് 

പ്രൌഡി തിളയ്ക്കുന്ന 
പിച്ചള പ്പാത്രത്തിലിട്ട് 
ഒരുനുള്ളു കുങ്കുമത്തില്‍ 
ഒന്‍പതു ഏലക്ക ചേര്‍ത്ത് 
കനല് കത്തിച്ചു തീയൊരുക്കുക 

തിളച്ചു മറിയുമ്പോള്‍ 
പുതു മണവാട്ടിയുടെ 
മണിയറയില്‍ നിന്നെന്നപോലെ 
കുസൃതി നിറഞ്ഞൊരു ചിരി കേള്‍ക്കാം 

ഇത്തിരിയൊഴിച്ചു 
ചുണ്ടോടമാര്‍ത്തുമ്പോള്‍ 
കന്യകയുടെ കാറ്റിലുലയുന്ന 
കാര്‍കൂന്തലിന്‍റെ മണമറിയാം 

സിരകളില്‍ അഗ്നി പടര്‍ത്തി 
കനവില്‍ കവിത നിറച്ച് 
കനലൊടുങ്ങാത്ത കിനാക്കള്‍ക്ക് 
കഥ പറയാന്‍ കൂട്ടിരിക്കാം 

ഖഹ്‍വ 
ഓര്‍മകളില്‍ വസന്തവും 
ചിന്തകളില്‍ കരുത്തും നിറച്ച് 
മോഹങ്ങളുടെ തേരില്‍ 
കരുത്തിന്റെ കുതിരകളെ പൂട്ടി 
സ്വപ്നങ്ങളില്‍ തീ പടര്ത്തുകയാണ്...



2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ചൂണ്ട ( 1 )


ചൂണ്ട
ഊട്ടുപുരകളുടെ 
കാവല്‍ക്കാരന്‍ മാത്രമല്ല 
ചിന്തകളുടെ ഊട്ടു പുരയുമാണ് 

പോങ്ങുതടികെട്ടി 
ഇരകൊര്‍ത്തു വട്ടം ചുറ്റി 
ആഴ ച്ചുഴിയിലേക്ക്  
ആഞ്ഞു നീട്ടി യൊരേറ് 

ആര്‍ത്തിയുടെ 
ആക്രാന്ത ക്കുതിപ്പുകള്‍ 
കൊളുത്ത് വിഴുങ്ങും വരെ 
ജീവിതത്തിന്റെ ആഴം അളന്നെടുക്കാം  

ആസക്തിയുടെ 
ഒളിഞ്ഞു നോട്ടങ്ങള്‍ 
കൊളുത്തില്‍ കുരുങ്ങും വരെ 
സ്വപനങ്ങളുടെ വേലിയേറ്റം തീര്‍ക്കാം 

കുഞ്ഞു മീനുകള്‍ 
കൊളുത്തില്‍ തൊടാതെ 
ഇരയെ തൊട്ട് കുസൃതി കാട്ടുമ്പോള്‍ 
നാളെയുടെ കണക്കുകള്‍ കുറിച്ചെടുക്കാം 

ഒറ്റക്കുതിപ്പില്‍ 
ഇരവിഴുങ്ങിയ കുലം കുത്തി 
വായുവില്‍ ഇങ്ക്വിലാബ് വിളിക്കുമ്പോള്‍ 
ജീവിതത്തിനും മരണത്തിനും 
ഇടക്കുള്ള ദൂരം ഓര്‍ത്തെടുക്കാം 
...............................................
..............................................
...................................................