2014, നവംബർ 26, ബുധനാഴ്‌ച

പപ്പടം




ചവിട്ടി ക്കുഴച്ചിട്ടും 
ഉരുട്ടി പ്പരത്തീട്ടും 
കലി തീരാതെ 
തീ പൊള്ളിച്ച് 
കടിച്ച് തിന്നുമ്പോഴാണ് 
അവനോര്‍ത്തത്
"സിന്ധൂ" ന്റെ പപ്പടത്തിന്
പഴയ രുചിയില്ല


ടിപ്പർ



കുഞ്ഞു ന്നാളിൽ 
ബസ്സിലിരുന്ന് 

കാഴ്ചകൾ നുണയുമ്പോൾ  
പിറകോട്ടോ ടിയിരുന്ന
മലകളും മരങ്ങളും 
ഇന്നെന്തേ 
ടിപ്പറിൽ കയറി
മുന്നോട്ടോടുന്നു ......?!!


2014, നവംബർ 16, ഞായറാഴ്‌ച

ഉമ്മയില്ലാത്ത വീട്

ഉമ്മയില്ലാത്ത വീട്
ഉണങ്ങിയ മരങ്ങൾ പോലെ
ഉടഞ്ഞ കല്ലുകൾ പോലെ...
ഉരിയാടലുകൾ നിലച്ച
ഉറവ വറ്റിയൊരു കാട്

ഒരു കൊല്ല മായില്ലേ....?
ഓനെന്താ വരാത്തതിനിയുമെന്ന
ഒറ്റച്ചോദ്യം കൊണ്ട്
ഓർമകളെ തിരിച്ചു കൊണ്ടുവരാൻ
ഒരാളില്ലാതെ പോയ
ഒച്ച നഷ്ടപ്പെട്ടൊരു കൂട്
കവിളിലൊരു മുത്തം പകര്‍ന്ന്
കണ്ണ് നിറഞ്ഞിറങ്ങുമ്പോള്‍
കോജ രാജാവേ , ന്റെ കുട്ടീനെ
കാക്കണേ ന്നും പറഞ്ഞ്
കൂട്ടിപ്പിടിച്ച് കരയുന്ന
കനിവുള്ളൊരു കരളായിരുന്നു
ഉമ്മയില്ലാത്ത വീട്ടില്‍
ഉറങ്ങിപ്പോയൊരു മുസ്ഹഫും
ഉറക്കം പോയൊരുപ്പയും
ഉള്ളകം പൊള്ളി പ്പനിച്ച്
ഉമ്മയുടെ മണം തിരയുകയാണ്

ഗ്രീൻ ടീ

സൌഹൃദത്തിന്റെ മധുരം പകർന്ന   
കട്ടൻ ചായയിൽ നിന്നും 
ഒറ്റപ്പെടലിന്റെ കൈപ്പുറയുന്ന 

'ഗ്രീൻ ടീ' യിലേക്ക് 
വഴി മാറുമ്പോൾ 
അനാഥ മായിപ്പോകുന്നത് 
ഉണങ്ങിയ പരിപ്പ് വടകൾ മാത്രമല്ല
ഒരു ജനത നെഞ്ചോടു ചേർത്ത
വിപ്ലവ ബോധം കൂടിയാണ്