2012, നവംബർ 30, വെള്ളിയാഴ്‌ച

പ്രവാസം

എനിക്ക്
ഒളിച്ചോട്ട മായിരുന്നു
പുകയാത്ത അടുപ്പില്‍ നിന്ന്
പുകയുന്ന കണ്ണുകളില്‍ നിന്ന്
വിരിയാത്ത ചുണ്ടുകളില്‍ നിന്നും
എരിയുന്ന സ്വപ്നങ്ങളില്‍ നിന്നും ...!

നിനക്ക്
അലങ്കാരമായിരുന്നു
ഓടു മേഞ്ഞ വീടുകള്‍ കൊണ്ട്
മണമുള്ള ബിരിയാണി കൊണ്ട്
ചുടു നിശ്വാസമൊഴിഞ്ഞ വീട്ടകങ്ങള്‍ കൊണ്ട്
കണ്ണ് മൂടുന്ന റയ്ബാന്‍ ഗ്ലാസ്സും
കാതടപ്പിക്കുന്ന കൌതുകപ്പെട്ടി
"543" യുടെ സംഗീതവും കൊണ്ട്....!!

അവന്
ആഡംഭരമായിരുന്നു
മാര്‍ബിള്‍ തറയുടെ തണുപ്പ് കൊണ്ട്
ശീതപ്പെട്ടിയുടെ ശീല്‍ക്കാരം കൊണ്ട്
മണവാട്ടിയുടെ മൊന്ജും മുഴുപ്പും കൊണ്ട്
മണിയറയുടെ മാറ്റും
സ്ത്രീ ധനത്തിന്റെ ഭാരവും കൊണ്ട്

നമുക്ക്
ഒരു തിരിച്ചോട്ടമാണ്
മറന്നുപോയ പഴങ്കഞ്ഞിച്ചൂരിലേക്ക്
മടി പിടിച്ചിരുന്ന ആല്‍ തറയുടെ കുളിരിലേക്ക്
മാടിവിളിക്കുന്ന പുളിങ്കറിയുടെ രുചിയിലേക്ക്
മധുരം ഉറഞ്ഞുപോയ പ്രിയതമയുടെ
നെടു വീര്‍പ്പിന്റെ ചൂടിലേക്ക്...( * )
-------------------------------------
( * )ഒരിക്കലും എത്തില്ലെന്നുറപ്പുണ്ടായിട്ടും 

2012, നവംബർ 28, ബുധനാഴ്‌ച

വികസനവും പ്രകൃതിയും .......
വികസനവും പ്രകൃതിയും .......
----------------------------------
വികസനം
--------------
വികസനം എന്ന വാക്ക് പുരോഗതിയുടെ പര്യായമായും ജന്ക്ഷേമത്തിന്റെ അടയാളമായുമാണ് ആധുനിക സമൂഹം മനസ്സിലാക്കുന്നത് , സമൂഹത്തിന്റെ ആവശ്യങ്ങള്‍ മാത്ത്രമല്ല ആഗ്രഹങ്ങളും വികസനത്തിന്റെ മാന ദണ്ട മായി വിലയിരുത്തപ്പെടുന്നു ,യഥാര്‍ത്തത്തില്‍ 1949ല്‍ അമേരിക്കയാണ് ലോകത്തെ വികസിതമെന്നും അവികസിതമെന്നും തരംതിരിച്ചത്. ഇതിന്റെ മാന ദണ്ട ാകട്ടെ സാംസ്കാരിക പുരോഗതിയോ സാമൂഹ്യ സുരക്ഷയോ ആയിരുന്നില്ല , കോര്പരെട്ടു മുതലാളിത്ത കണ്ണുകള്‍ രൂപപ്പെടുത്തിയ 'സാമ്പത്തിക പുരോഗതി' മാത്രമായിരുന്നു, അതിനുശേഷമാണ് വികസനത്തിന്റെ പേരില്‍ ആട്ടിയോടിക്കലും സ്വന്തം സംസ്‌കാരത്തെയും പ്രകൃതിയെയും അവമതിക്കലും അസമത്വം സൃഷ്ടിക്കലുമൊക്കെ ഉണ്ടായത്.ഇന്നിപ്പോള്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന വാദ കോലാഹലങ്ങള്‍ മറ്റൊരു പരിസ്ഥിതി മലിനീകരണ ഹേതുവായി മാറിയ സവിശേഷ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.
സാമൂഹികാവസ്ഥയുടെ ഉള്‍പ്പിരിവുകളും നാനാവശങ്ങളും ഇഴപിരിച്ച് മനസ്സിലാക്കുന്നതോടൊപ്പം ജീവിക്കുന്ന ചുറ്റുപാടിനെയും പ്രകൃതിയെയും ഒക്കെ ഒരേ വര്‍ണരാജിയില്‍ അണിനിരത്തി അവയുടെ പാരസ്‌പര്യത്തെയും സഹജീവനത്തെയും അംഗീകരിച്ചും ആദരിച്ചും ചിട്ടപ്പെടുത്തുന്ന വികസന തന്ത്രമേ വികസനമാവൂ അല്ലാത്തത് കുതന്ത്രമേ ആവൂ എന്നതാണ് നാളിതു വരെയുള്ള അനുഭവം , ഒരു രാഷ്ട്രത്തിന്റെ വികസനോന്മുഖതയുടെ തെളിവായിക്കാനെണ്ടത് അവരുടെ അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം , ഭക്ഷണം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നിവയിലുള്ള പുരോഗതിയാണ് ,ഈ രംഗത്ത് ഒരു മുന്നേറ്റവും നടത്താതെ പണിതുയര്‍ത്തുന്ന വിമാനത്താവളങ്ങളും ചുങ്കം പിരിക്കുന്ന വീതികൂടിയ റോഡുകളും വികസനത്തിന്റെ വികല രൂപം മാത്രമാണ്
ഈ അര്‍ത്ഥത്തില്‍ വികസനത്തിലേക്ക് കുതിക്കുന്ന ഇന്ത്യ യുടെയും നമ്മുടെ സംസ്ഥാനത്തിന്റെയും വികസനം എവിടെ എത്തി നില്‍ക്കുന്നു എന്ന് പരിശോധിക്കാം ഇന്ത്യാരാജ്യത്ത് 20 രൂപ ദിവസവരുമാനം കണക്കാക്കി ദരിദ്രരെ നിര്‍ണയിച്ചപ്പോള്‍-അതും ഇല്ലാത്തവര്‍ 50 കോടിയോളം വരും-ഒരു നാടിന്‍െറ യഥാര്‍ഥ ചിത്രം നമുക്ക് ലഭിക്കുന്നു. നമ്മുടെ ജനതയുടെ 44 ശതമാനം ഇന്നും പട്ടിണിയില്‍. മുംബൈയില്‍ മാത്രം ചേരിനിര്‍മാര്‍ജനത്തിലൂടെ എട്ടു ലക്ഷം പേര്‍ കൂരയില്ലാത്തവരായി. ആകാശം കൂരയാക്കി അന്തിയുറങ്ങുന്നവരുടെ തൊട്ടയലത്ത് അംബാനിയുടെ 5000 കോടിയുടെ ആഡംബര ഭവനം, നിരക്ഷരതയുടെ കാര്യത്തില്‍ ഇന്നും ആഫ്രിക്കന്‍ രാജ്യങ്ങളോടൊപ്പമാണ് നമ്മുടെ സ്ഥാനം, നമ്മുടെ ഭരണാധികാരികള്‍ ഇതൊന്നും കാണുന്നില്ല. അമേരിക്കന്‍ സായിപ്പിന്‍െറ അഭിലാഷം എന്താണെന്ന് അവര്‍ക്കറിയാം. ആരുടെ ചരടില്‍കെട്ടിയ പാവകളാണ് നമ്മുടെ ഭരണാധികാരികള്‍? എന്നതിന് സാക്ഷ്യം നില്‍ക്കാന്‍ അനുഭവം തന്നെ ധാരാളം.
കൈയൂക്കും മടിശ്ശീലക്കു കനവും ഉള്ളവന്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങളുടെ പേരായി മാറിയിട്ടുണ്ട് ഒരു വേള വികസനം എന്ന സംജ്ഞ എന്നേടത്തോളമാണ് കാര്യത്തിന്റെ കിടപ്പ്. ഈ വിഭ്രമാവസ്ഥക്ക് കീഴ്‌പ്പെടാതെ മനസ്സാന്നിധ്യത്തോടെ വസ്തുസ്ഥിതി കഥനം നടത്തുന്നവരെ വികസനവിരോധികളായി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമവും മറുവശത്ത് നടക്കുന്നു ,സാമ്പത്തിക വികസനം എന്നതിനെക്കാളുപരി സാമൂഹിക വികസനം എന്ന കേരള സങ്കല്‍പം ഓര്‍മയായി. കോര്‍പറേറ്റ് വികസന രീതികളോട് വിയോജിക്കുന്നവര്‍പോലും അതിനോട് രാജിയാകുന്ന സാഹചര്യമാണുള്ളത്. വികസന സംരംഭങ്ങളുടെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടേതടക്കം ഭൂമിയുടെ പ്രശ്‌നം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പക്ഷെ നമ്മുടെ 'വികസനം' പാവങ്ങളെ ഒരരുകിലാക്കിക്കൊണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്? വികസനപദ്ധതികള്‍ക്കെന്നുപറഞ്ഞ് കര്‍ഷകരില്‍നിന്ന് നിസ്സാരതുകക്ക് ഭൂമി ഏറ്റെടുക്കുക, പിന്നെ പലമടങ്ങ് കൂടുതല്‍ തുകക്ക് സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് മറിച്ചുവില്‍ക്കുക. മായാവതിയുടെ നോയിഡയില്‍ മാത്രമല്ല, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വികസനത്തിന്റെ മറവില്‍ നടക്കുന്നത് ഇതൊക്കെതന്നെയാണ്.
വികസനത്തിന്റെ മുന്‍ഗണനാ ക്രമം
-----------------------------------
ഇന്നത്തെ വികലമായ വികസന സമ്പ്രദായങ്ങള്‍ക്ക് തടയിടാനും മുതലാളിത്ത അജണ്ടകളെ ഫലപ്രതമായി പ്രതിരോധിക്കാനും വികസന കാര്യത്തില്‍ ചില മുന്ഗണനാ ക്രമങ്ങള്‍ നാം പാലിക്കെണ്ടിയിരിക്കുന്നു,
a ) പാര്‍പ്പിടം :- മനുഷ്യ പുരോഗതിക് ആദ്യം വേണ്ടത് സ്വസ്ഥമായി തലചായ്ക്കാനുള്ള ഒരിടമാണ്, അതില്ലാത്ത സമൂഹം അലച്ചിലിന്റെയും അസ്വസ്തതയുടെയും അടയാളങ്ങളാണ്,
b )ഭക്ഷണം :- മതിയായ ഭക്ഷണവും പോഷകങ്ങള് മില്ലാതെ വികസിക്കപ്പെടുന്ന ഒരു ജീവി വര്‍ഗ്ഗവും ഭൂമുഖത്തില്ല, ഇന്ത്യയുടെ ഭകഷ്യ വിതരണത്തിലെ അപാകതകളും പോഷകാഹാരക്കമ്മി മൂലമുള്ള ശിശു മരണങ്ങളുടെ എണ്ണവും എന്നും ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാണ്,
c ) വിദ്യാഭ്യാസ പുരോഗതി:- ഇതു തരത്തിലുള്ള വികസന കാഴ്ചപ്പാടും ഫലപ്രാപ്തിയിലെത്തിക്കാന്‍ അഭ്യസ്ത വിദ്യരുള്ള ഒരു സമൂഹത്തിനെ കഴിയൂ, നിരക്ഷരതയും ദാരിദ്ര്യവും ദീര്‍ഗവീക്ഷനത്തോടെ മാറ്റിയെടുക്കലാണ് വികസനത്തിനെ അടിത്തറ പാകല്‍
d ) സാമൂഹിക സുരക്ഷ :- സാമൂഹിക സുരക്ഷയില്ലാത്ത സമൂഹത്തില്‍ ഒരു രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളും പൂര്തീകരിക്കാണോ ഫലപ്രാപ്തിയിലെത്തിക്കാനോ കഴിയില്ല,
e )സന്തുലിതത്വം :- വികസനം ജനപക്ഷവും സന്തുലിതവുമായിരിക്കണം
അസന്തുലിത വികസനമാണ് ലോകം നേരിടുന്ന ഇന്നത്തെ പ്രധാന പ്രശ്‌നം , 99 ശതമാനം ജനത്തിനും എന്തെന്നറിയാത്ത മൊത്തം ആഭ്യന്തര ഉല്‍പ്പാദനമെന്ന (ജി.ഡി.പി) വാചകമടിയിലൂടെ ഭരണാധികാരികള്‍ കബളിപ്പിക്കുന്ന കാഴ്ചയാണ് ലോകമെങ്ങുമുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തിലേറെ വരുന്ന 84 കോടി ജനങ്ങളും പ്രതിദിനം 20 രൂപ പോലും വരുമാനമില്ലാതെ കഴിയുമ്പോഴാണ് ജി.ഡി.പി വളര്‍ച്ചയുടെ കണക്കുപറഞ്ഞ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ അഭിമാനം കൊള്ളുന്നത്. രാജ്യത്തെ മൊത്തം ധനവും കൈവിരലിലെണ്ണാവുന്ന ചില കുടുംബങ്ങള്‍ മാത്രം കൈപ്പിടിയിലൊതുക്കുമ്പോഴും നാം വികസിക്കുകയാണെന്നാണ് ഭരണാധികാരികള്‍ പറഞ്ഞു പഠിപ്പിക്കുന്നത്. വളര്‍ച്ചയുടെ ഗുണം ഏറ്റവും പാവപ്പെട്ടവനുവരെ ലഭിക്കുകയെന്നതാണ് വികസനം സംബന്ധിച്ച വിശുദ്ധ സങ്കല്‍പ്പം. സാമ്പത്തികമായി സൂപ്പര്‍ ശക്തിയാവുകയെന്നതല്ല, സന്തോഷവും ആരോഗ്യവുമുള്ള രാജ്യമാവുക എന്നതാകണം ലക്ഷ്യം.
പ്രകൃതിയോടുള്ള സമീപനം
--------------------------------
ഏതു വിക്സനപ്രവത്തനങ്ങളുടെയും ആദ്യത്തെ ഇര നാം അധിവസിക്കുന്ന പ്രകൃതി തന്നെയാണ്, ലാഭം ലകഷ്യ മാവുകയും വരും തലമുറ നമ്മുടെ അബോധ തലത്തില്‍ പോലും ഇല്ലാതാവുകയും ചെയ്യുമ്പോള്‍ അറിഞ്ഞും അറിയാതെയും നാം പ്രകൃതിയെ കയ്യേറ്റത്തിന് വിധേയമാക്കുന്നു , സാമ്പത്തിക വികസനം എന്നതിനെക്കാളുപരി സാമൂഹിക വികസനം എന്ന കേരള സങ്കല്‍പം ഓര്‍മയായി. കോര്‍പറേറ്റ് വികസന രീതികളോട് വിയോജിക്കുന്നവര്‍പോലും അതിനോട് രാജിയാകുന്ന സാഹചര്യമാണുള്ളത്. വികസന സംരംഭങ്ങളുടെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടേതടക്കം ഭൂമിയുടെ പ്രശ്‌നം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.പരിസ്ഥിതി നശീകരണവും മനുഷ്യാവകാശ ലംഘനവും അനീതിയും വികസനത്തിന്റെ അടിസ്ഥാനമാകുന്ന ഘട്ടത്തിലാണ് കേരളത്തിന്റെ വികസനപ്രക്രിയയില്‍ ഒരു വിമര്‍ശക ശക്തി എന്ന നിലയില്‍ സമൂഹം ഇടപെടേണ്ടതും തടയണ തീര്‍ക്കേണ്ടതും
അഡ്വ: വി.ഡി സതീശന്‍ എഴുതിയ ലേഖനത്തില്‍ (മാധ്യമം ആഗസ്റ്റ് 22) തന്റെ രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കുന്നുണ്ട്. അതിലെ സൂചനകളെ ഇങ്ങനെ സംഗ്രഹിക്കാം: ''ഹരിത രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് സന്തുലിതമായ വികസനവും സര്‍വാശ്ലേഷിയായ വളര്‍ച്ചയുമാണ്. വികസനം എന്ന വാക്കു തന്നെ പുനര്‍ നിര്‍വചിക്കേണ്ടതുണ്ട്. ഭൂമിയുടെ ഉപയോഗം പ്രധാനപ്പെട്ട വിഷയമാണ.് ഇന്ന് റിയല്‍ എസ്റ്റേറ്റ് ദല്ലാളന്മാര്‍ ഭൂമി കൈക്കലാക്കി അവിടെ ബഹുനില കെട്ടിടങ്ങളും വില്ലകളും ഓഫീസ് കോംപ്ലക്‌സുകളും പടുത്തുയര്‍ത്തുന്നു. ഇവര്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തെയാണ് നാം വികസനമെന്ന് പേരു ചൊല്ലി വിളിക്കുന്നത്. ഒരു പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ അവിടെ നിന്ന് വലിച്ചെറിഞ്ഞ് ആ പ്രദേശത്തിന്റെ പാരിസ്ഥിതികമായ പ്രത്യേകതകളെ അവഗണിച്ച് വികസനത്തിന്റെ തേരിലേറി നാം പോകുകയാണ്. വികസനം നടപ്പാക്കുന്ന സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലും ജീവിത നിലവാരത്തിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതിനെ വികസനമെന്ന് വിളിക്കാന്‍ കഴിയൂ. പ്രകൃതിയെയും പരിസ്ഥിതിയെയും തകര്‍ത്തു കൊണ്ടുള്ള വികസനത്തിനും കടിഞ്ഞാണിടണം. ഹരിത രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പ്രകൃതിയും പരിസ്ഥിതിയും മാത്രമല്ല അത് അക്രമ രാഷ്ട്രീയത്തിനെതിരായും അഴിമതിക്കെതിരായും ഉറച്ച നിലപാടുകളെടുക്കും. വര്‍ഗീയവല്‍ക്കരണത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സാമൂഹിക നീതി നിഷേധത്തെയും ശക്തിയായി എതിര്‍ക്കും, ദുര്‍ബലരായ ജന വിഭാഗങ്ങളെ കരുതലോടെ നോക്കി കാണുന്ന ആര്‍ദ്രമായ രാഷ്ട്രീയമാണത്.
കുന്നും മലകളും ഇടിച്ചുനിരപ്പാക്കി തണ്ണീര്‍ തടങ്ങളും വയലുകളും മണ്ണിട്ട്‌ മൂടി എല്ലാം നിരപ്പാക്കുന്ന വികസന മോഡല്‍ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, നീര്‍ത്തട തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു മഴവെള്ള സംഭരണത്തിന് മാത്രമേ കേരളത്തിലെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ചരിഞ്ഞ പലക പോലെ കിടക്കുന്ന കേരളത്തില്‍ പെയ്യുന്ന മഴ വഴി ഉണ്ടാകുന്ന ജലം ശരാശരി എട്ട് മണിക്കൂര്‍ കൊണ്ട് സമുദ്രത്തില്‍ എത്തുന്നു. ഈ എട്ട് മണിക്കൂര്‍ നമുക്ക് 16 മണിക്കൂര്‍ ആക്കിത്തീര്‍ക്കാന്‍ പറ്റിയാല്‍, ഭൂഗര്‍ഭജലത്തെയും ഉപരിതല സ്രോതസ്സുകളെയും പുനരുജ്ജീവിപ്പിക്കാന്‍ പറ്റും. കേരളത്തിന്റെ പാറകളുടെ സ്വഭാവം (geology) കുഴല്‍ കിണറുകള്‍ക്ക് യോജിച്ചതല്ല. അതിനു പകരം മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ച്, ജലവും മണ്ണും തമ്മിലുള്ള സംവേദന സമയം കൂട്ടിയാല്‍ വറ്റിവരണ്ട ഊഷര നീര്‍ത്തടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് കഴിയും

വനപ്രദേശങ്ങളില്‍ പരിമിതമാവുന്ന നീര്‍ത്തടങ്ങളെ വീട്ടുവളപ്പിലേക്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍ നമുക്ക് കഴിയണം. പല തട്ടുകളുള്ള സസ്യാവരണമായിത്തീരുമാറ് നിലനില്‍ക്കുന്ന വീട്ടുവളപ്പുകളെങ്കിലും മാറിത്തീരണം. അതിനനുയോജ്യമായ കൃഷി സംവിധാനം രൂപപ്പെടുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുണ്ടാവണം. വീട്ടുമുറ്റങ്ങളിലെ കോണ്‍ക്രീറ്റ് തറ വെട്ടിപ്പൊളിച്ച് ഉദ്യാന സസ്യങ്ങളെങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. പരിസ്ഥിതിയെ സ്‌നേഹിക്കുന്ന എല്ലാ കൂട്ടായ്മകളും പച്ചപ്പുണ്ടാക്കാനും മണ്ണ്-ജല സംരക്ഷണത്തിനും മുഖ്യ പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ടിറങ്ങിയില്ലെങ്കില്‍ അടുത്ത തലമുറ നമ്മെ ശപിക്കും, തീര്‍ച്ച
കമ്പോള കേന്ദ്രീകൃതമായ മുതലാളിത്ത വ്യവസ്ഥ ശക്തി പ്രാപിച്ചതോടെ ലാഭം മാത്രമായി വികസനത്തിന്‍െറ ലക്ഷ്യം. കമ്പോളത്തിന് ലാഭമല്ലാത്ത ഒന്നിനെപ്പറ്റിയും ചിന്തിക്കാനറിയില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നു: ‘ അനുസ്യൂതം വികസ്വരമാവുന്ന കമ്പോളത്തിന്‍െറ ആവശ്യകത ബൂര്‍ഷ്വാസിയെ ഭൂഗോളത്തിലെങ്ങും പരക്കം പായിക്കുന്നു. എല്ലായിടത്തും അതിന് കൂടു കൂട്ടണം, എല്ലായിടത്തും അതിന് ബന്ധങ്ങള്‍ സ്ഥാപിക്കണം, എല്ലായിടത്തും അതിന് താവളങ്ങള്‍ തീര്‍ക്കണം’. മൂലധന ശക്തികള്‍ കമ്പോളത്തിനും ലാഭത്തിനുംവേണ്ടി കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നടത്തിയ പരക്കം പാച്ചിലുകള്‍ ചരിത്രത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. ഓരോ കടന്നാക്രമണത്തിന്‍െറയും ബാക്കിപത്രമെഴുതുമ്പോള്‍ ലാഭത്തിന്‍െറയും സമ്പത്തിന്‍െറയും അളവുകോല്‍ മാത്രമാണ് ഉപയോഗിക്കപ്പെട്ടത്.
കേരളത്തെ ദുബൈ, കാലിഫോര്‍ണിയ നഗരങ്ങളെപ്പോലെ വല്ലാതെ വികസിപ്പിക്കാന്‍ പാടുപെടുന്നവരുടെ ദുരൂഹ പദ്ധതികളെയാണ് കേരള ജനത വികസനം എന്ന പേരില്‍ കാലങ്ങളായി സഹിക്കേണ്ടി വരുന്നത്. നൂറിലധികം സ്ഥലങ്ങളില്‍ സാധാരണക്കാര്‍ അതിജീവനത്തിനായി സമരപ്പന്തലുകള്‍ കെട്ടി പോരാട്ടത്തിലാണ്. എല്ലാം വികസനമെന്ന പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പു സമരങ്ങള്‍. നെല്ലിയാമ്പതിയിലെ ടൂറിസം പദ്ധതി ഇതിനകം വിവാദമായിക്കഴിഞ്ഞു. മണ്ണിനും മനുഷ്യനും പരിക്കേല്‍പിക്കാത്ത സുതാര്യ പദ്ധതികളാണെങ്കില്‍ ഏത് വികസന പദ്ധതികളും സ്വാഗതാര്‍ഹമാണ്
എമിര്‍ജിംഗ് കേരളയും കഴിഞ്ഞ യു.ഡി.എഫ് കാലത്ത് കൊട്ടിഘോഷിച്ച് നടത്തിയ ജിമ്മിന്റെ പരാജയ പാതയിലേക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ ആഗോള നിക്ഷേപത്തെ അഹമഹമികയാ പിന്തുണച്ച മലയാള മനോരമ തന്നെ ഒടുവില്‍ സമ്മതിച്ചു ജിം പൊളിയായിരിന്നുവെന്ന്. ''തീര്‍ച്ചയായും ജിമ്മിന്റെ ബാക്കിപത്രത്തില്‍ കൂടുതലും നിരാശതന്നെയാണ്. ധാരണയനുസരിച്ച് നിക്ഷേപമെത്തിയില്ല. പല പദ്ധതികളും വിവാദങ്ങളിലും തടസ്സങ്ങളിലും കുടുങ്ങി. പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അവലോകനങ്ങള്‍ തുടര്‍ച്ചയായി നടത്തി തടസ്സങ്ങള്‍ നീക്കാന്‍ താല്‍പര്യം കാണിച്ചതുമില്ല'' (മലയാള മനോരമ, സെപ്റ്റംബര്‍ 3, എഡിറ്റോറിയല്‍). ജിമ്മിലെ പരാജയത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വിശേഷിച്ച് ഒരു പാഠവും പഠിച്ചില്ലായെന്ന് തെളിയിക്കുന്നതാണ് എമര്‍ജിംഗ് കേരളയുടെ ഒരുക്കവും പദ്ധതികളും. ലോകത്തുതന്നെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിന്റെ സ്വഭാവം അട്ടിമറിക്കുന്ന പദ്ധതികള്‍ തത്ത്വദീക്ഷയില്ലാതെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിന്റെ ഭാവിയെ തകര്‍ക്കുകയാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തഃസത്തക്ക് എതിരാണ് എമര്‍ജിംഗ് കേരളയിലെ പല പദ്ധതികളും. കാടും കടലും പുഴയും പാടവുമെല്ലാം മുറിച്ച് വില്‍ക്കുന്നത് വികസനമല്ല, വിനാശമാണ്. പശ്ചിമഘട്ടവും അതില്‍ നിന്നുത്ഭവിക്കുന്ന പുഴകളും അതിനെത്തുടര്‍ന്നുള്ള കായലുകളും പാടങ്ങളുമാണ് കേരളത്തിന്റെ ജീവനും ജീവിതവും. അവയില്ലാതായാല്‍ കേരളം തന്നെയാണ് ഇല്ലാതാവുക. വികസനം കേരളത്തെ മനോഹരമാക്കാനാണ്, ഇല്ലാതാക്കാനല്ല എന്ന തിരിച്ചറിവാണ് കേരളോന്മുഖമായ നിക്ഷേപ സമാഹരണത്തിന് കരുത്ത് പകരുക. ആ തിരിച്ചറിവാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നതും.
നമ്മുടെ അണുശക്തി പ്ലാന്റുകളുടെ രക്ഷയും ഈയവസരത്തില്‍ ഒരു പുനര്‍നിര്‍ണയത്തിന് വിധേയമാക്കേണ്ടതാണ്. അതൊരു രഹസ്യ സ്വഭാവമുള്ള ചര്‍ച്ചയിലൂടെയല്ല ചെയ്യേണ്ടതും. മറ്റു പല പാഠങ്ങളും ജപ്പാന്‍ അനുഭവം നമ്മെ പഠിപ്പിക്കേണ്ടതുണ്ട്. പ്രകൃതിക്ഷോഭങ്ങളെയും ദുരന്തങ്ങളെയും രാജ്യാതിര്‍ത്തികള്‍ക്കുപോലും തടയാനാവില്ലെന്ന് ജപ്പാന്‍ സൂനാമിയുള്‍പ്പെടെ അടുത്തകാല സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ യാഥാര്‍ഥ്യം സമകാലിക രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിഭിന്നതങ്ങളുടെ നടുവിലും ഇത്തരം ദുരന്തങ്ങള്‍ നേരിടാന്‍ ലോകസമൂഹം ഒരുമിച്ചുനില്‍ക്കണമെന്ന ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. അപ്പോഴും നാം കൂടംകുളം പദ്ധതിക്കായി ജനങ്ങളുടെ മേല്‍ കുതിരകെരിക്കൊണ്ടിരിക്കുകയാണ്,പുതിയ കേരളത്തിന്റെ മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ യുവാക്കളുടെ സന്നദ്ധസംഘങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തികളുണ്ട്. ധീരമായ ചില അജണ്ടകള്‍ യുവജനസംഘടനകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പണ്ടത്തെപ്പോലെ വെറുതെ തല്ലുകൊള്ളാന്‍ ചെറുപ്പക്കാര്‍ ഇന്ന് തയാറല്ല എന്നതാണ് വിപ്ലവ യുവജനസംഘടനകളുടെ പ്രധാന വെല്ലുവിളി. അത് ശരിയുമാണ്. ഇന്ന് തല്ലുകൊണ്ട വിഷയത്തിന് നാളെ പാര്‍ട്ടിതന്നെ മുന്‍കൈയെടുക്കുമെന്നതിന് അവര്‍ക്ക് തെളിവുണ്ടല്ലോ. എന്നാല്‍ സമരംചെയ്ത് നേടിയെടുക്കേണ്ട വിടവുകള്‍ കേരളത്തിലെ വികസനപരിപാടികളിലുണ്ട്. അതിന്റെ ഇരകളും അവകാശികളും ഒരുപോലെ രക്ഷകരെ കാത്തിരിക്കുകയാണ്. സേവനത്തിന്റെ ത്യാഗഭൂമിയിലേക്ക് കൈയും മെയ്യും മറന്നു കടന്നുവരാന്‍ യുവജനങ്ങള്‍ ഇന്നും തയാറാണ്. സേവനത്തിനായി സമ്പത്തും അധ്വാനവും നല്‍കാന്‍ അവര്‍ക്ക് മടിയുമില്ല. സമൂഹത്തിലെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട വിഭാഗം അവരുടെ സഹായം കാത്തിരിക്കുകയാണ്. അധഃസ്ഥിതരും പീഡിതരുമായ പാവങ്ങളുടെ തേങ്ങലും സങ്കടങ്ങളും യുവജനസംഘടനകളെ തേടുകയാണ്. വ്യാജമായ പ്രകടനങ്ങളെ മാറ്റിവെച്ച്, തല്ലുകൊള്ളിക്കുന്ന സംഘടനാ വഴക്കങ്ങളെ മാറ്റിവെച്ച്, പിതൃസംഘടനകളുടെ സ്വാര്‍ഥനിര്‍ബന്ധങ്ങളെ അവഗണിച്ച് യുവജനസംഘടനകള്‍ ചങ്കൂറ്റമുള്ള തീരുമാനങ്ങളെടുക്കേണ്ട കാലമാണിത്.നമ്മുടെ ഭരണാധികാരികള്‍ ഇതൊന്നും കാണുന്നില്ല. അമേരിക്കന്‍ സായിപ്പിന്‍െറ അഭിലാഷം എന്താണെന്ന് അവര്‍ക്കറിയാം. ആരുടെ ചരടില്‍കെട്ടിയ പാവകളാണ് നമ്മുടെ
ഭരണാധികാരികള്‍?
-പാബ്ളോ നെരൂദയുടെ വാക്കുകള്‍ ഓര്‍മയില്‍ ഓളം വെട്ടേണ്ട ആസുര കാലം ഇതല്ലാതെ മറ്റെതാണ്........??!!
ചതിയന്‍ പടനായകരേ,
ഇതാ കാണൂ, 
എന്‍െറ മരിച്ച തറവാട്കാണൂ, 
ഈ തകര്‍ന്ന നാട്
വീടായ വീട്ടില്‍നിന്നെല്ലാം
പൂക്കള്‍ക്കുപകരം 
ഉരുകിയ ലോഹമൊഴുകുന്നു.2012, നവംബർ 22, വ്യാഴാഴ്‌ച

ഉലക്ക അഥവാ "ഒലക്കേടെ മൂട്"


ഒലക്ക
ഒരായുധമാണ്‌
ഒളിഞ്ഞു നോക്കുന്നവരെ
ഓടിച്ചിട്ട് അടിച്ചാല്‍
ഒടയ തമ്പുരാനെ വിളിക്കുന്ന
ഓജസുള്ള ഒരേയൊരായുധം

ഒലക്ക
ഒരോര്‍മ പ്പെടുത്തലാണ്
ഒരുമയുള്ളവര്‍ക്ക്
ഒരുമിച്ചുറങ്ങാമെന്നും
ഒര്മയുള്ളവര്‍ക്ക്
ഒന്നായിരിക്കാമെന്നും

ഒലക്ക
ഒരു സാക്ഷിയാണ്
ഒളിച്ചോടിയ കാലത്തിന്റെ
ഒടുവിലത്തെ കണ്ണിയായി
ഓര്‍മയുടെ 'കുത്തു പുര'കളില്‍
ഒഴിഞ്ഞിരിക്കുന്ന സാക്ഷി

ഒലക്കയുടെ പൈതൃകങ്ങളെ
ഒര്‍മയില്ലാത്തവര്‍ക്കും
ഒലക്കയുടെ താളം
ഒട്ടു മറി യാത്തവരെയും
ഓര്‍മപ്പെടുത്താന്‍
ഒരു വാക്കുണ്ട്
"ഒലക്കേടെ മൂട്"

2012, നവംബർ 17, ശനിയാഴ്‌ച

പുഴുക്കള്‍...

മൌനം സമൃദ്ധമായ
ചാണക ക്കുഴിയില്‍
ഗോ മൂത്രത്തിന്റെ
പോരിശ പറഞ്ഞിരുന്ന
പുഴുവെ പിടിച്ച്
നടുമുറ്റത്ത് കടും വെട്ടത്തില്‍
ഉണക്കാനിട്ടു,

ഗോക്കള്‍
ചവിട്ടി ത്തേച്ച പാടും
ചാണകം തികട്ടുന്ന ചൂരും
മറയിട്ടു മൂടാന്‍
ഗോ മൂത്രത്തിന്റെ ഔഷധ വീര്യം
നെഞ്ചില്‍ എഴുതിപ്പതിച്ചിരുന്നു

ചാണക ക്കുഴിയുടെ ഇരുളില്‍
കുളിര് കാത്തു കിടന്ന പുഴു
കരുത്ത് പെയ്യുന്ന
കടും വെളിച്ചം കണ്ടാണ്
ആര്‍ത്തും പേര്‍ത്തും
കാറി ക്കരഞ്ഞത്

ചൂഴ്ന്നെടുത്ത കണ്ണും
എറിഞ്ഞുടച്ച കാലും
അടയാളം പേറുന്ന നോട്ടപ്പുള്ളികള്‍
പുഴുവിനെ പുരട്ടാന്‍
സുഗന്ധം തേടുന്നത് കണ്ടല്ല

അതിരറിയാത്ത
അപകര്‍ഷതയുടെ നാറ്റവും
അതി വിനയത്തിന്റെ നാട്യവും കണ്ടാണ്‌
വേവുന്നതിനിടയിലും
പുഴു പൊട്ടി ച്ചിരിച്ചത് ....

2012, നവംബർ 11, ഞായറാഴ്‌ച

കഴുകന്‍...


കത്തും കണ്ണിലെ കടും ചുകപ്പും
കാലില്‍ തിളങ്ങുന്ന നഖങ്ങളും മാത്രമല്ല 
കാഴ്ചക്കാരുടെ മൌനവും 
കാഴ്ചകളിലെ കൌശലവും 
കാഴ്ചപ്പാടിലെ കനിവില്ലായ്മയുമാണ് 
കഴുകന്‍റെ ജീവിതത്തെ സുഭിക്ഷമാക്കുന്നത് 

താഴ്വാരങ്ങളില്‍ 
തളിരില തിന്നുന്ന കുഞ്ഞാടിനെ 
തിളങ്ങും നഖങ്ങളില്‍ കോര്‍ത്ത്‌ 
ജീവന്‍ കൊത്തിവലിക്കുമ്പോള്‍ 
കണ്ടു നില്‍ക്കുന്നവര്‍ പറഞ്ഞു കൊള്ളണം 
'കുഞ്ഞാടിനിത്തിരി കുസൃതി കൂടുതലായിരുന്നു'

കാലുകള്‍ കൊത്തിയുടച്ച് 
കണ്ണുകള്‍ കവര്‍ന്നെടുക്കുമ്പോഴും 
കരയുന്ന അമ്മയാടിനെ നോക്കി 
കൂട്ടുകാര്‍ പല്ലിറുമ്പണം 
'തല തിരിഞ്ഞവന്റെ അമ്മ'

മാന്തിയെടുത്ത കുടലും 
മുറിച്ചെടുത്ത നാക്കും 
മിണ്ടാനാവാതെ പിടയുമ്പോഴും 
മരണ മില്ലാത്ത തലച്ചോറ് നോക്കി 
മാതാവ് പറഞ്ഞു കൊള്ളണം 
'വേണ്ട.... എനിക്ക് കാണേണ്ട...'

വിശപ്പൊടുങ്ങാത്ത കഴുകന്‍ 
വിളനിലങ്ങള്‍ക്ക് മുകളില്‍
വട്ടമിട്ട് ഇരകളെ തേടുമ്പോള്‍ 
വിവേക മുദിക്കാത്ത ജനത 
വാതിലടച്ചു സാക്ഷയിട്ട്
വിനയത്തോടെ വിരല്‍ചൂണ്ടിപ്പറയണം 
'ഞാനല്ല.... അവനാണ്...'

2012, നവംബർ 8, വ്യാഴാഴ്‌ച

'ബുദ്ധി ജീവിതം'


അളവ് തെറ്റിത്തെറിച്ച
അഹന്തയുടെ ബീജങ്ങളാണ്
അസത്യങ്ങളുടെ ഭാരം
തലച്ചുമടാക്കിയതും
സ്നേഹത്തിന്റെ വഴികള്‍
ഇരുമ്പ് മതിലിട്ടു അടച്ചു പൂട്ടിയതും..........

ഒളിപ്പിക്കാന്‍ പാടുപെട്ട
അസൂയയുടെ മതിലുകളാണ്
നേര്‍ കാഴ്ച്ചകള്‍ക്ക് മുമ്പില്‍
വെറുപ്പിന്റെ മറകള്‍ പണിതതും
കെട്ട കാഴ്ചകളിലേക്ക്
ഒളിഞ്ഞു നോട്ടത്തിന്റെ
കുറുക്കു വഴികള്‍
ഇരുളില്‍ തുറന്നു വെച്ചതും

അര്‍ത്ഥമറിയാതെ നിഗളിച്ച
ചിതലരിച്ച അറിവുകളുടെ
അമിത ഭാരങ്ങളാണ്
മധുരം പെയ്യിച്ച ദര്‍ശനങ്ങളെ
കൊഞ്ഞനം കുത്താന്‍ മത്സരിച്ചതും
കാപട്യത്തിന്റെ 'ബുദ്ധി ജീവിതം'
പാഴ്ക്കിനാവാണെന്നറിയാതെ
വാളെടുത്തു തുള്ളാന്‍ തുടങ്ങിയതും 

2012, നവംബർ 5, തിങ്കളാഴ്‌ച

കുരുക്ക്

ഇരുട്ടു വീണ വഴികളില്‍ 
ഇരതേടുമ്പോഴാണ് 
കൌതുകം തോന്നുന്നൊരു 
കുരുക്ക് വന്ന് കഴുത്തില്‍ വീണത്‌ 

കുരുക്കെറിഞ്ഞവര്‍ 
ആരെന്നറിഞ്ഞില്ലെങ്കിലും 
ലകഷ്യ മെന്തെന്നറിയാന്‍ 
സൃഗാല ബുദ്ധിയൊന്നും 
വേണ്ടി വന്നില്ല 

കുരുക്ക് മുറുകുംമ്പോഴാണ് 
പുറം കാഴ്ചകള്‍ നിറം മങ്ങുന്നതും 
അകക്കാഴ്ചകള്‍ മിന്നി മറയുന്നതും 
ഇനി കുരുക്കിട്ടവനെ നോക്കി 
പുകഴ്ത്തി പ്പാടുക തന്നെ....!

വാലാട്ടി പിറകെ നടക്കുമ്പോഴും 
വാചാലനായത് 
കുരുക്കിന്റെ കരുത്തിനെ കുറിച്ചും 
കുരുക്കെറിഞ്ഞവന്റെ 
പൈതൃകങ്ങളെ കുറിച്ചുമായിരുന്നു 

ഊറ്റം കൊണ്ടത്‌ 
ചങ്ങലകളുടെ തിളക്കം നല്‍കുന്ന 
സുരക്ഷിതത്വത്തെ കുറിച്ചും 
വേവലാതിപ്പെട്ടത്‌ 
ചങ്ങലകളില്ലാത്ത ലോകം തീര്‍ക്കുന്ന 
ആരാജകത്വത്തെ കുറിച്ചുമായിരുന്നു

2012, നവംബർ 2, വെള്ളിയാഴ്‌ച

ഫിലസ്തീന്‍.......

മരണം കവിത പെയ്യുന്ന താഴ്വാരങ്ങളില്‍ 
മധുരം കിനാവിലൂട്ടുന്ന മനസ് കണ്ടില്ലേ...

സ്വപ്നം കത്തിയമരുന്ന ദു:ഖ ഭൂമിയിലും 
സ്വര്‍ഗം സുഗന്ധമൂതുന്ന കാറ്റ് കണ്ടില്ലേ 

കരിയുന്ന മണലിന്റെ ചുടു ചൂരിലും 
കിനിയുന്ന കനിവിന്റെ യുറവ കണ്ടില്ലേ 

പുണ്യം പുതപ്പിടും ഫിലസ്തീനിലെ 
പൂക്കാതെ കൊഴിയുന്ന പൂ-മൊട്ടു കണ്ടില്ലേ..

ദുരമൂത്ത ജൂതന്റെ ദുഷ്ട ലാക്കാല്‍ 
ദുരന്തം കതിരിട്ട മണ്ണു കണ്ടില്ലേ...

സ്വര്‍ഗം സ്വപ്നമാക്കുന്ന കുഞ്ഞു ബാല്യങ്ങള്‍ 
സ്വസ്ഥത തേടി യലയുന്ന തെരുവുകണ്ടില്ലേ 

ചുടു ചോര മോന്തുന്ന ജൂതന്റെ തോക്കിനെ 
ചുടു-കല്ലാല്‍ തുരത്തുമാകാഴ്ച കണ്ടില്ലെ നീ  

വെട്ടിപ്പിടിച്ചും വെടിവെച്ചൊതുക്കിയും 
വെട്ടം പൊലിഞ്ഞ തിരു ഖുദുസു കണ്ടില്ലെ നീ 

ചങ്കും തുരന്നു ചന്തം കെടുത്തിയ രണഭൂമിയില്‍ 
ചിരി മാഞ്ഞു കരയു മൊരൊലീവു കണ്ടോ..

ദുഷ്ടനാം ജൂതന്റെ കുടില മോഹങ്ങളെ  
ദൂരെ തുരത്തു വാനൊത്തു ചേരൂ.

കഥകേട്ടു കണ്ണീരി ലൊളിയിടം  തേടാതെ 
കത്തും കരുത്തിനാ ലൊത്തു ചേരൂ..

ജന്മാവകാശമാം മാതൃ ഭൂമിക്കുമേല്‍ 
ജൂതന്‍ പടര്‍ത്തു-മര്‍ബുദ മറുത്തു മാറ്റൂ 

'അയ്യൂബി സുല്‍ത്താന്‍'* അതിരിട്ട വഴികളെ 
അന്തസിന്‍ വഴിയായിട്ടോര്‍ത്തു വെക്കൂ..

അധിനിവേശത്തി നോശാന പാടുന്ന 
അതി വിരുത നാശാനെ യെറിഞ്ഞു വീഴ്ത്തൂ 

അളവറ്റ ജീവനുകളപഹരിച്ച 
അക്രമിയെ വേരോടെ പിഴുതു മാറ്റാന്‍ 

ഫലപുഷ്ടി യുറയും ഫിലസ്തീനിനായ് 
ഫലിതം ചമക്കാതെ പട നയിക്കൂ..

പതിതരായ് പാവങ്ങ ളലയുന്ന നാടിന്റെ 
പരിശുദ്ധി വീണ്ടും പുതുക്കി നല്‍കാന്‍ 

'സയണിസം'ചോരയി ലിഴയുന്ന നാടിന്നു 
സത്യ വേദത്താല്‍ സുരക്ഷ തീര്‍ക്കാന്‍ 

സുകൃതമായ് 'ഖുദുസി'നെ വീണ്ടെടുക്കൂ ..
സൂക്ഷ്മമായ്‌ കാഴ്ചകള്‍ ഓര്‍ത്ത്‌ വെക്കൂ.....
------------------------------------------------------------------
* സുല്‍ത്താന്‍ സലാഹുദ്ധീന്‍ അയ്യൂബി (1137 - 1193 AD )