2014, ഡിസംബർ 2, ചൊവ്വാഴ്ച

മടക്കം ......

പ്രവാസത്തിന്റെ 
പത്തൊന്പതാണ്ടുകൾ 
പെയ്തു നനഞ്ഞ കണ്ണീർ കിടക്ക 
പൊള്ളുന്ന വെയിലു കാണിച്ച്  
ഉണക്കിയെടുക്കണം 

മരണം മണക്കുന്ന 
വരണ്ട 'കല്ലു'കൾക്കിടയിൽ 
സമൃദ്ധിയുടെ കവിത തിരഞ്ഞ്
മഞ്ഞളിച്ച കണ്ണുകളിലിത്തിരി 
പച്ചപ്പ്‌ കോരിയൊഴിക്കണം....

കാത്തു കാത്തിരിക്കേ 
കണ്ണുറങ്ങിപ്പോയ ഉമ്മയുടെ  
നിലാവ് പൂക്കുന്ന ഖബറിൽ 
കണ്ണുണങ്ങാത്ത 'ദുആ'യുമായി  
കനിവോടെ കാവലിരിക്കണം 

'ഹിന്ദി'യെന്ന വിളിപ്പേര് മായ്ക്കാൻ
'ഇപ്പച്ചിയേ ....' ന്നു 
നീട്ടി വിളിക്കുന്ന മക്കളോടൊപ്പം  
ഗൾഫ്  'ശുഹദാ' ക്കളുടെ 
കഥ പറഞ്ഞിരിക്കണം ....

കെട്ടിനിർത്തിയ കണ്ണീരുറവയെ 
മഞ്ഞുറഞ്ഞൊരു പുൽനാംബെടുത്ത് 
തഴുകിയും തലോടിയും 
തുറന്നൊഴുക്കി 
തിരമാല തീർക്കണം   

വാക്കുകൾ കിട്ടാതെ 
വഴി മുടങ്ങിപ്പോയ 
വരികളോർത്തു ചൊല്ലി 
അനാഥ  'ജിന്നു' കളെ 
കവിത വിളമ്പി വിരുന്നൂട്ടണം 

പിന്നെ .......
മലക്കുകൾ പെയ്തിറങ്ങുന്നൊരു രാവിൽ
ഉറക്കെ യുറക്കെ 'കലിമ' ചൊല്ലി 
പതുക്കെപ്പതുക്കെ പറന്നുയർന്ന്  
ഉമ്മയുറങ്ങുന്ന നിലാവിലേക്ക് 
വിശുദ്ധരോടൊപ്പം വിരുന്നു പോവണം .....