2014, ജനുവരി 25, ശനിയാഴ്‌ച

ലോട്ടറി


ഇന്നെനിക്കു
ലോട്ടറി യടിക്കണേ...
എന്ന് ഉച്ചത്തില്‍ പ്രാര്‍ഥിച്
പുറത്തിറങ്ങുമ്പോള്‍
കൈ നീട്ടിയ ഭിക്ഷക്കാരനോട്
"പോയി വല്ല തൊഴിലും ചെയ്യെടോ"
എന്ന് കയര്‍ക്കുന്നത് കേട്ടാണ്
ദൈവം പൊട്ടി ചിരിച്ചത് 

2014, ജനുവരി 21, ചൊവ്വാഴ്ച

'വര്‍ത്തമാനം'


നീട്ടിത്തന്ന കൈകളെല്ലാം
കാതോര്‍ത്തത്‌
'ഭൂതകാല'ത്തിന്റെ
നഷ്ട സ്വപ്നങ്ങളും
'ഭാവി'യുടെ
ലാഭക്കണക്കുമായിരുന്നു

ഫലം തിരയുന്ന
കണ്ണുകളില്‍ മാത്രം
നിറഞ്ഞുനിന്നു
വീട്ടില്‍ വിശന്നുറങ്ങുന്ന
കുഞ്ഞുങ്ങളുടെ
വരണ്ട 'വര്‍ത്തമാനം' 

2014, ജനുവരി 10, വെള്ളിയാഴ്‌ച

കടല്‍

എത്ര കോരിയിട്ടും 
തീരാത്തതെന്തെ ന്ന് 
നടുക്കടലിലെത്തിയ 
മുക്കുവന്ന് കൌതുകം 

എത്ര വാരിയിട്ടും 
തൂരാത്തതെന്തെ ന്ന്
കുടവയര്‍ ചൂണ്ടി
കടലിന്റെ മറു ചോദ്യം 

ചേമ്പില



കാടും കടലും
കുടിച്ചു തീര്‍ത്തൊരു
പേമാരിയെ
കാത്തു വെച്ചതൊരു
കുഞ്ഞു ചേമ്പില മാത്രം 

2014, ജനുവരി 7, ചൊവ്വാഴ്ച

കവിത


കവിത .....
...................
നേര്‍ കാഴ്ച കാണാതെ
ഉള്‍കാഴ്ച തിരയുന്ന
കണ്ണ് പൊട്ടന്മാരുടെ
കലമ്പല്‍ 

വികസനം


വികസനം
.................... 
കാല്‍ നനയുന്ന 
ഇടവഴിയില്‍ നിന്നും 
ഉടല്‍ പൊള്ളുന്ന 
'പെരുവഴി' യിലേക്ക്

മൂന്ന് 'ജീര്‍ണ' ലിസങ്ങള്‍

ജേര്‍ണലിസ്റ്റ് 
-------------
കട്ടന്‍ ചായയുടെ
'മുഹബ്ബത്തി'ല്‍
ലവ് ജിഹാദിന്റെ
കൊടുങ്കാറ്റ് തിരയുന്നവന്‍


വിപ്ലവം 
-------------
ഉണങ്ങിപ്പോയ
പരിപ്പു വടകള്‍ തിന്നാണ്
'വിപ്ലവ'ത്തിന്റെ
പല്ലുകള്‍ മുഴുക്കെ
കൊഴിഞ്ഞു പോയത്


പുക   
--------------
ആഞ്ഞു വലിച്ചിട്ടും
'പുക'യായി
വെളുത്തു പോയ
സ്വപ്നങ്ങള്‍ക്ക്
കാല്‍ ചുവട്ടില്‍
അന്ത്യ കൂദാശ

2014, ജനുവരി 4, ശനിയാഴ്‌ച

കുളക്കോഴി


ഊറ്റി യെടുത്ത്
കുപ്പിയിലടച്ച്
താഴിട്ടു പൂട്ടിയ
പുഴകളെ യോര്ത്തു
ഞാന്‍ കരഞ്ഞത്
തൊണ്ട വരണ്ട്
കരയുന്ന കുള ക്കോഴിക്ക്
രണ്ടിറ്റു കണ്ണീരെങ്കിലും
ദാഹ ജലമായി
പകര്‍ന്നു നല്കാനാണ്