2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

തടവുകാരന്‍

പടിയിറങ്ങി പ്പൊടിമണ്ണു തട്ടിക്കുടഞ്ഞോടി യൊളിച്ച ഞാന്‍ 
ചെറു ബാല്യകാലത്തു കെട്ടിമേഞ്ഞു
കാലിലുറപ്പിച്ചു  നിര്‍ത്തിയ 
കളി വീടിനുള്ളിലെ തടവുകാരന്‍ .......

കത്തിപ്പെയ്ത മഴയില്‍,
കുത്തിയൊലിച്ച 'ചിറക്കലെ' ചിറയില്‍
ഒരു ചെറു  മീനായിപ്പുളഞ്ഞു നീന്തിയാറാടി
ഉമ്മയുടെ അടികൊണ്ട്
പനിമാറാതെ മൂടിപ്പുതച്ചുറങ്ങിയ 
ബാല്യത്തിന്‍ തടവുകാരന്‍ .............

അക്ഷര മോതേണ്ട വായ്‌ തുറന്നങ്ങനെ 
പുസ്തകം വെക്കേണ്ട മേശയില്‍ കാല്‍വെച്ചു
കൂര്‍ക്കം വലിച്ചുറങ്ങിയ ഗുരുവിന്‍ മുഖത്തേക്ക് 
ഒന്നുമെഴുതാതെ പട്ടിണി കിടന്ന ബുക്കിന്റെ വയറു കീറി 
പ്രതിഷേധ കടലാസ് പക്ഷിയെ പായിച്ച 
കുലീനമാം കുസൃതിയുടെ തടവുകാരന്‍ .......................
മധുര മിഠായിയും
കളറുള്ള പെന്‍സിലും കാത്തു വെച്ചെന്റെ
ആഴ്ച വിരുന്നുകള്‍ ആഘോഷമാക്കിയ 
ധീര 'ശുഹാദാ' വിന്‍ പാട്ടെഴുതി കിസ്സ പറയുന്ന
നബിമാരുടെ കഥ ചൊല്ലി യെന്നെയുറക്കിയ
എന്നിലുറങ്ങിക്കിടക്കുന്ന യെന്റെ"വല്ല്യുപ്പ"യുടെ 
'പടപ്പാട്ടിന്‍ 'തടവുകാരന്‍  ‍...............

ആഴ്ച്ചവിരുന്നുകള്‍ ഒന്ന് മുടങ്ങിയാല്‍ 
"എന്റെ ബാവ വന്നീല "യെന്ന സങ്കടം 
രോഗം വെളുപ്പിച്ച മേനിക്കകത്തുള്ള 
രോഗമില്ലാ മനസ്സ് വിങ്ങിപ്പറയുന്ന,
മരണം കാത്തുകിടന്ന നാളിലും 
"എന്റെ ബാവ വന്നോ" എന്നോര്‍ത്തു ചോദിച്ച 
'വല്ല്യുമ്മ'യുടെ  സ്നേഹത്തിന്‍ തടവുകാരന്‍ ................

മാങ്ങയുടെ മണമൊന്നു  മാറിയാലും
ചക്കയില്‍ മധുരമൊന്നൂറിയാലും
ചാക്കിലൊരു ചുമടാക്കി യോടിവന്ന്
'കുഞ്ഞു ബാവയെ'യൂട്ടുന്ന മറ്റൊരുമ്മ 
ഉമ്മൂമ്മയല്ല തെന്റുമ്മതന്നെ .
 "ഉമ്മിയ്യ‌" താണേലു മുളള സ്നേഹം
 തുല്യമായ് സത്യമായ് പങ്കു വെച്ചു
ഇന്നവര്‍ക്കോര്‍മ്മയുടെ നിമിഷങ്ങളില്‍ 
ഞാനാ മടിയിലെ തടവുകാരന്‍ ......................

'വിഷവള' മെന്തെന്നറിയാതെ പൂത്ത്‌ കായ്ച്ചൊരു
നെല്ലിമരത്തിന്റെ സ്വാദും  നുണഞ്ഞ്‌
'ലക്ഷ്മി' ചേച്ചിയുടെ കൈത്തലംതൂങ്ങിയോടി 
കാട്ടുചോലയുടെ മധുരം കുടിക്കവേ 
പിഞ്ചു കാലിലേക്കോടിക്കയറിയ
ക്രൂരനാം കരിങ്കല്ലു ചീറ്റി ത്തെറിപ്പിച്ച 
ചോരക്കു മുമ്പിലുലയാതെ  പതറാതെ
ഉടുമുണ്ട് കീറി മുറിവ് കെട്ടിയും 
"എന്റെ കുട്ടീ  ............"യെന്നാര്‍ത്തു  വിളിച്ചാളെക്കൂട്ടിയും 
മതഭ്രാന്തെ ന്തെന്നറിയാതെ  എന്നെ ലാളിച്ചയാ
ചേച്ചിയുടെ കനിവിന്റെ  തടവുകാരന്‍  ...........
അങ്ങ് 'തടത്തിലെ' പറമ്പിലൊരു വെയില്‍കാല സന്ധ്യയില്‍
ചുവന്ന സൂര്യനില്‍ നിന്നൂറ്റിയെടുത്ത 
ചെഞ്ചായമണിഞ്ഞൊരു ഞാവല്‍ മരം 
മധുരം നിറഞ്ഞു തുടുത്ത പഴം  നീട്ടി മാടിവിളിക്കവേ 
ഓടിയടുത്തും പാഞ്ഞുകയറിയും
തലകുത്തി വീണ ദിനത്തിന്റെ തടവുകാരന്‍ .............2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഒട്ടകം

                                       
ഒട്ടകം ഒരു പ്രതീകമാണ് 
ചരിത്രത്തെ മറന്നുപോയവര്‍ക്കു നേരെ  
തലയുയര്‍ത്തി നടന്നുവരുന്ന
ഓര്‍മ്മകളുടെ പ്രതീകം.......................

ജലയുദ്ധത്തിനു ആയുധം മൂര്‍ച്ച കൂട്ടുന്നവരെ 
കണ്ണിറുക്കി കളിയാക്കി 
കാലംതെറ്റി വരാനിരിക്കുന്ന 
മക്കള്‍ക്കുവേണ്ടി 
കരുണയുടെ തീര്‍ത്ഥം 
സൂക്ഷിച്ചു കാത്തിരിക്കുന്ന 
സ്നേഹത്തിന്റെ പ്രതീകം......................

ഇന്ധനവിലയുടെ ഗ്രാഫ് നോക്കി 
നടു റോഡിലിരുന്നു വെയിലുകായുന്ന
'പ്രകടനത്തൊഴിലാളി'യോട് ചിരിച്ചു തളര്‍ന്ന 
പഴമയുടെ പ്രതീകം .........................

അഹങ്കാരത്തിന്റെ കൊടുമുടിയേറി 
അന്നം മുടക്കാന്‍ 
കാത്തുകെട്ടി കിടക്കുന്നവര്‍ക്ക് 
സാലിഹ് നബിയുടെ കഥ പറഞ്ഞുകൊടുക്കുന്ന 
അധ്യാപകന്റെ പ്രതീകം ....................

ദുരന്തങ്ങളെ 
കാല്‍ ചുവട്ടിലുറക്കിക്കിടത്തി 
ശാന്തമായുറങ്ങുന്ന
സ്വസ്ഥതയുടെ പ്രതീകം ....................

ഇലയിളകിയാലിറങ്ങിപ്പടക്കൊപ്പോരുക്കി 
വരുന്ന ജനതയ്ക്ക് മുന്നില്‍ 
വിളക്കുമാടം കെട്ടി കാത്തിരുന്നു 
ക്ഷമയോതുന്ന
സാത്വികന്റെ പ്രതീകം ............

മരുഭൂമിയുടെ 
നിറവും മണവുമുള്ള 
ആഭിജാത്യത്തിന്റെ പ്രതീകം...................... 
യുദ്ധക്കെടുതികള്‍ക്കൊടുവില്‍
സമാധാനത്തിന്റെ ദൂതുമായോടുന്ന 
ധീരതയുടെ പ്രതീകം.................

ശാന്തി കാലത്ത് 
അന്നം തേടിപ്പോകുന്ന ബദവിയുടെ 
കൂടാരത്തിന് കാവല്‍കിടക്കുന്ന
സത്യ സന്ധ്തയുടെ പ്രതീകം ......................

അലച്ചിലില്‍ ആനന്ദം കണ്ടെത്തുന്ന 
ഖാഫിലക്ക് കൂട്ടുപോയി
നിയോഗം പൂര്‍ത്തീകരിച്ച സായൂജ്യം തേടുന്ന 
കൂട്ടാളിയുടെ പ്രതീകം.........................

കെട്ട് ഭാണ്ടങ്ങളുടെ ഭാരം പേറി 
നടുവൊടിഞ്ഞ്
നന്ദികേട്‌ പ്രതിഫലം വാങ്ങി 
അറവുശാലയില്‍ മൂര്‍ച്ചകൂട്ടിയ 
കത്തിയില്‍ നിന്നിറ്റിവീഴുന്ന 
ചോര പേക്കിനാവുകണ്ട് 
ഞെട്ടിയുണരുന്ന പ്രവാസിയുടെ 
ദുഃഖത്തിന്റെ പ്രതീകം................

അങ്ങിനെ യങ്ങിനെ 
ഒട്ടകം 
എല്ലാറ്റിന്റെയും പ്രതീകമാവുന്നു 
എല്ലാ പ്രതീകങ്ങളെയും 
വെല്ലുവിളിക്കുന്ന 
തലയെടുപ്പിന്റെ 
പ്രതീകവും ഒട്ടകം തന്നെ ..........

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

അവള്‍

എന്നാണവള്‍ എന്റെ മനസ്സില്‍ കൂട് കൂട്ടിയത് എന്നെനിക്കറിയില്ല 
ഓര്‍മവെച്ച നാള്‍ മുതല്‍ 
പകലിലും രാവിലും എനിക്ക് കൂട്ടായിരുന്നു 
ചിരിക്കാനും കരയാനും 
എരിവും പുളിയും പങ്കുവെക്കാനും 
ചിലപ്പോഴൊക്കെ മധുരമായി പിണങ്ങാനും 
അവളെന്റെ നിഴലായി കൂടെനടന്നു 
പകലില്‍ എന്റെ കനവായി 
രാവില്‍ എനിക്ക് കുളിരായി
കുളിരില്‍ എന്റെ കനലായി 
പിന്നെ 
ജീവന്റെ തുടിപ്പും താളവുമായി 
എന്നെ പുതച്ചവളുറങ്ങി
ഒടുവില്‍ 
അവളെ കാണാതായപ്പോഴാണ് 
എന്റെ കണ്ണിലുറവ പൊട്ടിയതും 
കനവുകളുറഞ്ഞു പോയതും,
ഒരുനാള്‍ കുപ്പിവള കിലുങ്ങും പോലെ ഒരു ചിരി 
അവളുടെ ചിരി .............
തിരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ സ്നേഹത്തിന്റെ സ്പര്‍ശം 
പരിഭവം നടിച്ച എന്നോടവള്‍ .........
"ഞാനോടിയോളിച്ചതല്ല ,നിന്നിലലിഞ്ഞ് ചേര്‍ന്നതാണ് 
എന്നും ഞാനുണ്ടായിരുന്നു, നിന്റെയുള്ളില്‍ "
ശരിയാണ്, 
അവളുണ്ടായിരുന്നു എന്റെയുള്ളില്‍, 
പിന്നെ ആരാണവളെ 
എന്നില്‍നിന്ന് മറയിട്ടകറ്റുന്നത് ..........

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

വില്‍ക്കാനുണ്ട് ,സ്നേഹം

ചന്ത  ,
എന്നും അവനൊരല്‍ഭുതമായിരുന്നു 
ദിനേനെ മാറുന്നതുകൊണ്ട് മാത്രമല്ല ,
അതിന്റെ ശബ്ദഘോഷങ്ങളും ,അലങ്കാരചിന്ഹങ്ങളുമെല്ലാം 
ഏറെ വിചിത്രമാണവന് 
പിന്നെ ഇല്ലാ ഗുണങ്ങള്‍ പറഞ്ഞുള്ള വിലപേശലുകള്‍.................
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 
ഇന്നലെയാണവന്‍  ചന്ത കാണാനിറങ്ങിയത് 
മുന്‍പ് വെറുതെകിട്ടിയിരുന്നവെള്ളം മുതല്‍ 
മൂല്യമറിയാത്ത ഗര്‍ഭപാത്രം വരെ വില്പനക്കുണ്ട് 
ഗര്‍ഭ ശുശ്രൂഷക്കും പ്രകടനത്തിനും മാത്രമല്ല 
മരണാനന്തര കര്‍മങ്ങള്‍ക്കും, തലചേര്‍ന്നിരുന്നു കരയാനും 
ഏജന്‍സികള്‍ കടതുറന്നിരിപ്പുണ്ട് 
സ്നേഹം ഒരു വിപണനവസ്തുവാണെന്ന് അവനറിയില്ലായിരുന്നു 
അടുത്തവര്‍ക്കും അകന്നവര്‍ക്കുമെല്ലാം വാരിക്കോരിനല്‍കിയപ്പോള്‍ 
കിട്ടിയവരില്‍ ചിലര്‍ പല്ലുയര്‍ത്തി ചിരിക്കുന്നതുകണ്ട് 
പാവം കരുതി 
അത് സ്നേഹത്തിനുള്ള മറുചിരിയാണെന്ന് 
ഇപ്പോള്‍,എല്ലാത്തിനും വിലയിട്ട കാലത്ത് 
ചന്തയുടെ കൌതുകം നോക്കി നടക്കുമ്പോഴാണ് കണ്ടത് 
ഒരമ്മ മകളോട് വില പേശുന്നു
പത്തുമാസത്തെ ഗര്‍ഭത്തിനു വാടകവേണമെന്ന്
മുലപ്പാലിന്റെ വില കിട്ടിയില്ലെന്ന് 
നെഞ്ചിടിപ്പോടെ മുന്നോട്ടു നടന്നപ്പോള്‍ 
ഒരച്ചന്‍ മകന്റെനെരെ തിരിഞ്ഞു കൊട്ടേഷന്‍ നല്‍കുന്നു 

ബന്ധം തുടരാന്‍ രണ്ടു ലക്ഷം ..........
ബന്ധം പിരിയാന്‍ മൂന്നു ലക്ഷം ...........
അല്ഭുതക്കാഴ്ചകള്‍ കണ്ട് തലകറങ്ങിവീണ അവന്‍ കണ്ണുതുറന്നപ്പോള്‍ 
അടുത്തിരുന്നൊരാള്‍ വായിക്കുന്നത് കേട്ടു ......
"ഇന്ന കസീറന്‍ മിനല്‍ ആഹ്ബാരി വര്‍രുഹ്ബാനി ല യൌകുലൂന അമവാലന്നാസി ബില്‍ ബാത്തില്‍ .................... "
ഒളിഞ്ഞിരുന്നു ഊറിച്ചിരിക്കുന്ന പിശാച്ച്‌ 
വേദം വായിക്കുന്നവനെ നോക്കി പല്ല് കടിക്കുന്നത് കണ്ട്
അവന്‍ തിരിഞ്ഞോടി ,
ഭീതിയോടെ 
ചന്തയില്‍ അപ്പോഴും വിലപേശല്‍ നടക്കുന്നുണ്ടായിരുന്നു