2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

ദേശീയ പാത .......


കുടിയിറക്കപ്പെട്ടവരുടെ
കലങ്ങിപ്പോയ ഹൃദയം
രണ്ടാക്കി പ്പിര്‍ളത്തിയ പോലെ
ചോരയുണങ്ങാതെ
ദേശീയ പാത .......

വിസ .....


വിസ ......
വഴി യടഞ്ഞവര്‍ക്കൊരു
'വഴി' യാണെങ്കിലും
വന്നണഞ്ഞാല്‍ പിന്നെ
വഴിപ്പെടാനുള്ള
വിധി യാണ് 

2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

കലണ്ടര്‍


കൊല്ലം തികഞ്ഞാല്‍
കൊല്ലു മെന്നറിഞ്ഞ്
കലണ്ടറുകളൊക്കെ
കഴുത്തിലൊരു
കയറി ട്ടാണ്
കയറി വരുന്നത്
--------------------------------

 കലണ്ടര്‍
കഥകളോര്‍ത്ത് പറയാറുണ്ട്
കഴിഞ്ഞതും കണ്ടതും
കാത്തു വെക്കാറുണ്ട്
കല്യാണത്തിനും
കല്ലിടലിനും കൂട്ട് പോകാറുണ്ട്
കണിയാനും കപ്യാരും
കണക്കു നോക്കാറുണ്ട്
...........എന്നിട്ടും..........
കൊല്ലം തികഞ്ഞപ്പോ
കുറിച്ച് വെച്ച
കണക്കുകളടക്കം
കത്തിച്ചു കളഞ്ഞല്ലോ ...?!

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

മുള



കൂര്‍ത്ത മുള്ളുകള്‍ വീശി
കാത്തു വെച്ചെങ്കിലും
കാറ്റിലാടിപ്പോയ ജീവിതം ...
പൂര്‍ത്തിയായെ ന്നറിയിച്ചത്
പറന്നു വന്നൊരു
പൂക്കാല മായിരുന്നു 

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇണക്കിളികള്‍...


കണ്ടിരിക്കുമ്പോള്‍
കണ്ണുരുട്ടുന്നവര്‍
കാത്തിരിക്കുമ്പോള്‍
കണ്ണു റങ്ങാത്തവര്‍
കാണാതിരിക്കുമ്പോള്‍
കണ്ണുകളുരുകുന്നവര്‍


ഒറ്റ മുറി


പ്രവാസത്തിന്റെ
ഒറ്റ മുറിയില്‍
കുത്തിയൊലിക്കുന്നുണ്ട് ..
ഓടിത്തീരാത്ത വലിയ വീട്ടിലെ
ഇരമ്പി പ്പെയ്യുന്ന നെടുവീര്‍പ്പും
ഇരമ്പലറിയാത്ത
കുഞ്ഞുങ്ങളുടെ ആരവങ്ങളും 

അച്ചാറ്



വിട്ടു പോരുമ്പോഴും
പൊതിഞ്ഞു തന്നിരുന്നു....
പ്രണയത്തിന്റെ മണമുള്ള
മുടിയിഴകള്‍ ഒളിപ്പിച്ച
നിറമുള്ള അച്ചാറും
വിരഹത്തിന്റെ എരിവുള്ള
കുറെ ഓര്‍മകളും

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

പല്ലി


ഒറ്റ ത്തുള്ളലില്‍ 
നീ മുറിച്ചു കളഞ്ഞത്
വീണ്ടും കിളിര്‍ക്കുന്ന
ഒരു വാല്‍ തലപ്പു
മാത്രമായിരുന്നില്ല 
തിരിച്ചു കിട്ടാത്ത
എന്റെ കരുതലും
കൗശലവും കൂടി യാണ്

അക്വറിയം


അക്വറിയം
-------------
ചില്ലു കൂടൊരുക്കി 
മീന്‍ വളര്‍ത്തുന്നത്
വലിയ കൂട്ടിലെ
ചെറിയ കൂട് കണ്ടെങ്കിലും
അവളിത്തിരി ചിരിക്കട്ടെ
എന്ന് കരുതി മാത്രമല്ല
കൂടിന്റെ
അതിരും അച്ചടക്കവും
ഓര്‍മിപ്പിക്കാന്‍ കൂടിയാണ്


2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

കുട്ടി


രാജാവ് നഗ്നനാണെന്നു 
വിളിച്ചു കൂവിയ കുട്ടി 
മുതിര്ന്ന പൌരനായി 
ഇപ്പൊഴവന്‍ 
തുണിയുടുക്കാത്തവരെ
തിരഞ്ഞു നടക്കുകയാണ് 
'ഗൂഗിളി'ല്‍ 

അനാഥം


കവിത നെയ്യാന്‍
വാക്കുകള്‍ കിട്ടാതെ
കണ്ണടച്ചിരിക്കുമ്പോ
ഉള്ളില്‍ കലമ്പുന്ന
ചുഴിയും ചാകരയും
അനാഥമായി പോകുന്നു  

മൊബൈല്‍ ഫോണ്‍


കാപട്യത്തിന്റെ കൂട്
കടും കാഴ്ച കണ്ട്
കമഴ്ന്നുറങ്ങാന്‍  
കള്ളങ്ങൾ കേട്ട്
കാറിത്തുപ്പാന്‍
കൂട്ടം കൂടുമ്പോഴും
കുനിഞ്ഞിരുന്ന്
കിനാവിലൊളിക്കാന്‍
കയ്യില്‍ ചുമക്കുന്ന
കുഞ്ഞി കിളികളെ
കൊളുത്തിട്ട് വലിക്കാന്‍
കൂട്ടം തെറ്റി  മേയുന്നോരെ
കെണി വെച്ച് പിടിക്കാന്‍
കഴുത്തില്‍ തൂക്കിയ
കമ്പിയില്ലാ
കളങ്ക ക്കൂട്




2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

പ്രവാസം...


പ്രവാസം
പതിവ് തെറ്റിച്ചപ്പോഴാണെത്രെ
പ്രണയം
പടിയിറങ്ങി പ്പോയത്    

സത്യം


സത്യം ഇറങ്ങി പ്പോയപ്പഴാണ്
സ്വത്തുക്കള്‍ കയറിവന്നത്
സ്വപ്‌നങ്ങള്‍ തീര്‍ന്നപ്പോഴറിഞ്ഞു
സ്വസ്ഥത ഒളിച്ചോടിയെന്ന്

നിറങ്ങള്‍ ....!!


മരം ചാടുന്ന ഓന്തുകള്‍ 
എത്ര പെട്ടെന്നാണ് 
നിറങ്ങളില്‍ നീരാടുന്നത് 

തുടിക്കുന്ന ചോരച്ചുകപ്പ്
കള്ളങ്ങളാല്‍ നിറം കെട്ട്
പീത വർണത്തില്‍
ഒളിയിടം തേടുന്നതും
പൂപ്പല്‍ പിടിച്ച പച്ചയില്‍
പുഴുക്കുത്ത് വീണ്
മഞ്ഞ പുതച്ചുറങ്ങുന്നതും
കാഴ്ചയില്‍
കറുത്ത ഇരുട്ടിനെ ഓര്‍മിപ്പിക്കുന്നു

വര്‍ണങ്ങൾ തുന്നിച്ചേര്‍ത്ത്
വിസ്മയം തീര്‍ത്തവര്‍
ഇരുളിലും പകലിലും
നിറം മാറ്റത്തിന്റെ
വിരുന്നുകളൊരുക്കുമ്പോള്‍
ഗ്രാമത്തിലെ അമ്മ മാര്‍
മുലകുടിക്കുന്ന കുഞ്ഞിന്റെ
പൊക്കിളില്‍ വിരലമര്‍ത്തി
വിതുമ്പി പറയുന്നത്
"ഓന്തു കളുടെ നിറം മാറ്റം
എന്റെ കുഞ്ഞിന്റെ
ചോര കുടിക്കാന്‍ തന്നെ "

അടവ്

വീടിന്റെ കടം
അടച്ചുതീര്‍ന്നപ്പോള്‍ 
ഒരിക്കലും തീരാത്ത
പുതിയ 'അടവു'മായി
അയാള്‍ പടികടന്നു വന്നു
ടെലിവിഷനും
കേബിള്‍ കണക്ഷനും   

വിത്ത്


വെയിലേറ്റ്
ഉറങ്ങിക്കിടന്നത്
മഴ കൊണ്ട്
ഉണരാനായിരുന്നു

മഷിത്തണ്ട്


നിന്റെ വീടിന്റെ
പിന്നാമ്പുറത്തുള്ള
ആ മഷിത്തണ്ട്
ഒരിക്കല്‍ കൂടി
എനിക്കു വേണം
മനസ്സില്‍ വരച്ചിട്ട
ഓര്‍മകളെ മായ്ക്കുമ്പോള്‍
ഇത്തിരി കുളിരിൽ
നിന്റെ മണമിരിക്കട്ടെ
എന്റെ കയ്യിലുള്ള
ഏറെസേര്‍ കൊണ്ട്
മായ്ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ
ചോരപൊടിയുന്നു

മഴുവിനോട് മരം ചോദിച്ചത്


എന്നില്‍ നിന്ന്
നിന്നെ മുറിച്ചെടുത്തപ്പോള്‍
വേദനിച്ചത്
എനിക്കും നിനക്കുമായിരുന്നു
ഇന്നു നീ വന്ന്
എന്നെ മുറി വേല്‍പ്പിക്കുമ്പോള്‍
വേദനിക്കുന്നത്
എനിക്ക് മാത്രമാകുന്നതെന്തേ...?! 

2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ബലി മൃഗങ്ങള്‍

അറവു മാടത്തിലെക്കുള്ള 
റോഡുകളുടെ മേന്മയെ കുറിച്ചും 
കഴുത്തില്‍ കത്തിവീഴും മുന്പ് 
മേയാനുള്ള കൃഷിയിടങ്ങളുടെ 
പച്ചപ്പിനെകുറിച്ചുമായിരുന്നു 
കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ 
ബലി മൃഗങ്ങള്‍
വാതോരാതെ സംസാരിച്ചത്  

കുഴിയാന


കുഴിയാന 
നമ്മെ വിളിക്കുന്നത് 
പിറകോട്ടു നടക്കാനാണ് 
മറന്നു പോയ പ്രണയം
ഒളിച്ചിരിക്കുന്ന
ചെറു കുഴികളിലെക്കും
മരിച്ചു പോയ ഓര്‍മ്മകളെ
കുഴിച്ചു മൂടിയ
പൂഴി മണ്ണിലേക്കും
അത് നമ്മെ
വിളിച്ചു കൊണ്ടേയിരിക്കുന്നു

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

പല്ലിയും തവളയും അഥവാ പോക്കിങ്ങും ബ്ലോക്കിങ്ങും



പൊട്ടക്കിണറ്റിലെ 
പോക്കാച്ചിത്തവള
പോന്നംമ്പിളിയെ കണ്ടാണ്‌
പൊത്തില്‍ കേറിയൊളിച്ചത്
പൊന്‍ പുലരി വന്ന്‌
'പോക്ക്' ചെയ്തപ്പോള്‍
പേക്രോം പേക്രോം പ്രാകി
'''''''''''''''''''''''''''''''''''''''''''''''''''''''''''

ഉത്തരം താങ്ങുന്ന പല്ലി
ഉല്ലാസയാത്ര പോയപ്പോഴാണ്
ഉത്തരം മുട്ടിക്കുന്നവരെ
ഉപരോധിക്കണമെന്ന് *
ഉരഗ രാജാവിന്റെ
ഉത്തരവുണ്ടായത്
'''''''''''''''''''''''''''''''''''''''''''''''
* പുതു ഭാഷ : ബ്ലോക്ക്‌ ചെയ്യണമെന്നു 
 —