2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

മദീന...!എന്റെ പ്രിയപ്പെട്ട മദീന...!!

മഞ്ഞും മധുരവും പെയ്ത്ത് 
മനസ്സില്‍ നന്മ വിളയിച്ചാണ് 
മരുഭൂമിയുടെ മടിത്തട്ടിലൊരു 
'മദീന' പിറ കൊണ്ടത്‌ 

കദനം പുകയുന്ന കണ്ണുകള്‍ക്ക്‌ 
കുളിരുണര്‍ത്തി കനിവായി മദീന 
കരിപുരണ്ട ഹൃദയങ്ങള്‍ക്ക്‌ 
കഴുകാന്‍ മഞ്ഞായി മദീന 

കാപട്യം കെറുവുണര്‍ത്തിയ
കെട്ട ദര്‍ശനങ്ങളുടെ 'കെട്ട'കറ്റി 
കരിഞ്ഞ 'ഇസ'ങ്ങളുടെ ചവര്‍പ്പകറ്റാന്‍ 
കേളി കേട്ട മധുരമായി മദീന 

ഇരുളില്‍ വെളിച്ചം വിതച്ചും 
ഇഷ്ടം വഴികളില്‍ പുതച്ചും 
ഇമവെട്ടാതെ കരുണ യൊഴിച്ചുമാണ് 
'ഇഷ്ഖി'ന്റെ ദൂദര്‍ മദീന കാത്തത് 

തിരസ്കാരത്തിന്റെ നോവും 
തിരിഞ്ഞു നോട്ടത്തിന്റെ നൊമ്പരവുമാണ് 
തിരിച്ചറിവിന്റെ 'യസ്രിബി' ലെത്തിച്ചത് 
തിളങ്ങും തിരുദൂദരുടെ വെളിച്ചമാണ്
തിരിച്ചറിയാത്ത വഴിയില്‍ 'മദീന' പണിതത്  

മദീന ഒരു മോഹമാണ് -
മുത്തു നബിയെ കാതോര്‍ക്കുന്നവര്‍ക്ക്,
മദീന ഒരു മാര്‍ഗമാണ് -
മഹത്ത്വം മനസ്സാല്‍ തേടുന്നവര്‍ക്ക്,
മദീന ഒരു ലകഷ്യമാണ് -
മഞ്ഞും മധുരവും കൊതിക്കുന്നവര്‍ക്ക് 


2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

വിവിധങ്ങളായി ഞാന്‍.....


രാത്രിയുടെ മറപറ്റി

ആരെയും അറിയിക്കാതെ യാണ് 
ഹൃദയം മുറിച്ചെടുത്ത് 
ഒരു കലിഡോസ് കോപ്പിലിട്ട് 
പതുക്കെ കുലുക്കി നോക്കിയത്....

വിവിധങ്ങളായി പിരിഞ്ഞ് 
വര്‍ണങ്ങളില്‍ കുളിച്ച് 
രൂപമാറ്റം വരുന്ന ഹൃദയം 
കാഴ്ചകളില്‍ കൌതുകവും 
ചിന്തകളില്‍ അത്ഭുതവുമായി 

കരുണയുടെ വെളുപ്പും 
കലഹത്തിന്റെ കറുപ്പും 
കെട്ടു പിണഞ്ഞ് ഇണ പിരിയാതെ ....
വിവിധങ്ങളാക്കിയ എന്നെ 
ഞാനാരെന്നറിയാതെ 
നോക്കി നില്‍ക്കുകയാണ് 

പ്രണയത്തിന്റെ ചുകപ്പും 
പ്രതീക്ഷകളുടെ പച്ചപ്പും ചേര്‍ന്ന
നഷ്ടങ്ങളുടെ മഞ്ഞളിപ്പില്‍ 
നിരാശയുടെ നര കാണിച്ച് 
ഈ കലിഡോസ് കോപ്  എന്നെ 
ആശങ്കയുടെഗേഹങ്ങളില്‍ തളച്ചിടുന്നു 

മഞ്ഞുങ്ങാത്ത പുലരിയില്‍ 
വര്‍ണങ്ങള്‍ വേര്‍ തിരിച്ച് 
വെളുപ്പും ചുവപ്പുമെടുത്ത് 
കഴുകി ത്തുടച്ചു തുന്നിക്കൂട്ടി 
മുറിച്ചെടുത്തിടത്തു തന്നെ കെട്ടിത്തൂക്കി 

തിരിഞ്ഞു നോക്കുമ്പോള്‍ വീണ്ടും 
കലിഡോസ് കോപ്പിന്റെ  പൊട്ടിച്ചിരി 
പുതിയ വര്‍ണങ്ങളില്‍ ചിതറിക്കിടക്കുന്ന 
വിവിധങ്ങളായ എന്നെ ചൂണ്ടി 
അത് ചിരിച്ചു കൊണ്ടേ യിരിക്കുന്നു 


2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഹജ്ജ്

ഹജ്ജ് 
ഹാജിയുടെ പോരാട്ടമാണ് 
തൊട്ടു വിളിക്കുന്ന കാഴ്ചകളെയും 
തളച്ചിടുന്ന മോഹങ്ങളെയും 
തട്ടിത്തകര്‍ക്കുന്ന പോരാട്ടം ...........

നമ്രൂദിന്റെ അധികാര മുഷ്ക്കും 
നാട്ടു ദൈവങ്ങളുടെ പൈതൃകപ്പെരുമയും 
നാശത്തിന്റെ നാള്‍ വഴികളെന്നു ചൊല്ലി 
നാട് വിട്ടിറങ്ങി ദേശങ്ങള്‍ താണ്ടിയെത്തിയ 
നബി-ഇബ്രാഹീമാണ് അവരുടെ പടനായകന്‍ 

അഹന്തയുടെ ആടയാഭരണങ്ങള്‍ 
അകലങ്ങളില്‍ ഊരിയെറിഞ്ഞ് 
അലിവിന്റെ വെള്ള യുടുത്ത് 
അനുസരണത്തിന്റെ വെള്ള പുതച്ച് 
അനുഭൂതിയുടെ ലോകം തേടി 
അവന്‍-ഹാജി- പോരാടുകയാണ്....

സ്വാര്‍ത്ഥ മോഹങ്ങളേ പടിയടച്ചോടിച്ച് 
സ്വസ്ഥ സ്വര്‍ഗങ്ങളെ മനസ്സില്‍ തളിര്‍പ്പിച്ച് 
സ്വഫാ-മര്‍വയില്‍ പാദം പതിപ്പിച്ച് 
സ്വപ്‌നങ്ങള്‍ പൂക്കുന്ന താഴ്വര മോഹിച്ച് 
സ്വന്തത്തെ ബലി നല്‍കുന്ന പോരാട്ടമാണത് 

ദേശങ്ങളുടെ അതിരുകള്‍ ഭേദിച്ച് 
ദേശാടനത്തിന്റെ മേന്മകള്‍ വിരിയിച്ച് 
ദാഹമകറ്റിയ നാഥനെ ധ്യാനിച്ച്‌ 
ദയാവായ്പിന്റെ ഉമ്മ-'ഹാജറ'യെ അറിയിച്ച് 
ദിഗന്തങ്ങള്‍ മുഴങ്ങുന്ന കീര്‍ത്തന മുച്ചരിച്ച് 
ദശാബ്ദങ്ങളുടെ ചരിത്രം പഠിപ്പിച്ച് 
ദേഹേഛ ക്കെതിരിലുള്ള പോരാട്ടമാണത് 

പിശാചിന്റെ പിന്‍ വിളികളെ -
പതറാതെ കല്ലെറിഞ്ഞോടിക്കാന്‍ ...........
പ്രലോഭനങ്ങളുടെ അധികാര ഹുങ്കിനെ -
പുല്‍കാതെ തട്ടിത്തെറിപ്പിക്കാന്‍.........
പാപത്തിന്‍ പാതാള നരകങ്ങളെ -
പുണ്യങ്ങളുടെ പാല്‍കടലില്‍ തണുപ്പിക്കാന്‍ .......
പിറന്ന പൈതലിന്‍ പരിശുദ്ധി നേടുവാന്‍ ......
പോരാളിക്ക് പ്രാപ്തി നല്‍കുന്ന -
പകരമില്ലാത്ത പോരാട്ടമാണ് ഹജ്ജ് ..........