2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഹജ്ജ്

ഹജ്ജ് 
ഹാജിയുടെ പോരാട്ടമാണ് 
തൊട്ടു വിളിക്കുന്ന കാഴ്ചകളെയും 
തളച്ചിടുന്ന മോഹങ്ങളെയും 
തട്ടിത്തകര്‍ക്കുന്ന പോരാട്ടം ...........

നമ്രൂദിന്റെ അധികാര മുഷ്ക്കും 
നാട്ടു ദൈവങ്ങളുടെ പൈതൃകപ്പെരുമയും 
നാശത്തിന്റെ നാള്‍ വഴികളെന്നു ചൊല്ലി 
നാട് വിട്ടിറങ്ങി ദേശങ്ങള്‍ താണ്ടിയെത്തിയ 
നബി-ഇബ്രാഹീമാണ് അവരുടെ പടനായകന്‍ 

അഹന്തയുടെ ആടയാഭരണങ്ങള്‍ 
അകലങ്ങളില്‍ ഊരിയെറിഞ്ഞ് 
അലിവിന്റെ വെള്ള യുടുത്ത് 
അനുസരണത്തിന്റെ വെള്ള പുതച്ച് 
അനുഭൂതിയുടെ ലോകം തേടി 
അവന്‍-ഹാജി- പോരാടുകയാണ്....

സ്വാര്‍ത്ഥ മോഹങ്ങളേ പടിയടച്ചോടിച്ച് 
സ്വസ്ഥ സ്വര്‍ഗങ്ങളെ മനസ്സില്‍ തളിര്‍പ്പിച്ച് 
സ്വഫാ-മര്‍വയില്‍ പാദം പതിപ്പിച്ച് 
സ്വപ്‌നങ്ങള്‍ പൂക്കുന്ന താഴ്വര മോഹിച്ച് 
സ്വന്തത്തെ ബലി നല്‍കുന്ന പോരാട്ടമാണത് 

ദേശങ്ങളുടെ അതിരുകള്‍ ഭേദിച്ച് 
ദേശാടനത്തിന്റെ മേന്മകള്‍ വിരിയിച്ച് 
ദാഹമകറ്റിയ നാഥനെ ധ്യാനിച്ച്‌ 
ദയാവായ്പിന്റെ ഉമ്മ-'ഹാജറ'യെ അറിയിച്ച് 
ദിഗന്തങ്ങള്‍ മുഴങ്ങുന്ന കീര്‍ത്തന മുച്ചരിച്ച് 
ദശാബ്ദങ്ങളുടെ ചരിത്രം പഠിപ്പിച്ച് 
ദേഹേഛ ക്കെതിരിലുള്ള പോരാട്ടമാണത് 

പിശാചിന്റെ പിന്‍ വിളികളെ -
പതറാതെ കല്ലെറിഞ്ഞോടിക്കാന്‍ ...........
പ്രലോഭനങ്ങളുടെ അധികാര ഹുങ്കിനെ -
പുല്‍കാതെ തട്ടിത്തെറിപ്പിക്കാന്‍.........
പാപത്തിന്‍ പാതാള നരകങ്ങളെ -
പുണ്യങ്ങളുടെ പാല്‍കടലില്‍ തണുപ്പിക്കാന്‍ .......
പിറന്ന പൈതലിന്‍ പരിശുദ്ധി നേടുവാന്‍ ......
പോരാളിക്ക് പ്രാപ്തി നല്‍കുന്ന -
പകരമില്ലാത്ത പോരാട്ടമാണ് ഹജ്ജ് ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ