2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

സ്വാതന്ത്ര്യം......!!

അര്‍ദ്ധരാത്രി യുടെ
ഭീകരതയില്‍
സ്വപ്നത്തിലെന്നപോലെ
ആരോ പറഞ്ഞ് കേട്ടു
സ്വാതന്ത്ര്യം......!!

രണ്ടു പട്ടികളുടെ
കടി പിടി ശബ്ദങ്ങളില്‍
അക്ഷരം വ്യക്തമായില്ലെങ്കിലും
കുട്ടികളുടെ കൂട്ടക്കരച്ചിലും
പെണ്ണുങ്ങുടെ മാനം പൊത്തിയുള്ള
കൂട്ട പലായനങ്ങളും
വാതോരാതെ സംസാരിച്ചത്
സ്വാതന്ത്ര്യത്തിന്റെ മേന്മകളായിരുന്നു  

അതിരിട്ട ഭൂമിയിലെ
അതിരുവിട്ട അഹങ്കാരങ്ങളും
അടയാളപ്പെടുത്തിയ
സ്വാര്‍ത്ഥ ചിഹ്നങ്ങളുടെ
സ്വാസ്ഥ്യം കെടുത്തുന്ന
ചായക്കൂട്ടുകളും
സംസ്കാരങ്ങളെ
ഇഴയുടച്ചറുത്തെടുത്തപ്പോള്‍
ഊര്‍ന്നിറങ്ങിയ ചോരച്ചാലില്‍
സ്വാതന്ത്ര്യത്തിന്റെ ഗന്ധം
പതഞ്ഞു പൊങ്ങിയിരുന്നു

മുറിച്ചെടുത്ത കാലും
ചൂഴ്ന്നെടുത്ത കാഴ്ചയും
ഒറ്റക്കണ്ണാല്‍ നീതിയളക്കുന്ന
തുരുമ്പു തിന്ന തുലാസുകളും
സ്വാതന്ത്ര്യത്തിന്റെ
അടയാളങ്ങളാണെന്ന്
ദേശഭക്തി ഗാനത്തിന്റെ
ഈശലുകളാണ്
ആവര്‍ത്തിച്ചറിയിച്ചത്

കരിഞ്ഞുണങ്ങിയ വയറിന്മേല്‍
കുത്തകക്കമ്പനിയുടെ നാടയില്‍-
(ചൂണ്ടയില്‍ ഇരയെന്നപോലെ)
കോര്‍ത്തു  തൂക്കിയ
പുത്തന്‍ മൊബൈല്‍ഫോണ്‍
അടച്ചിട്ട റേഷന്‍ കടക്കുള്ളില്‍
ബഹളം കൂട്ടുന്ന എലിശബ്ദം
വറയ്റ്റിയുള്ള റിംഗ്ടോണ്‍ ആക്കി
വിശപ്പിന്റെ ഗീതം
"വക്കാ വക്കാ" പാടിയപ്പോഴും
പറഞ്ഞു കേട്ടത്
സ്വാതന്ത്ര്യം എന്നായിരുന്നു

ആദിവാസിപ്പുരകളിലെ
വെളു വെളുത്ത കുഞ്ഞുങ്ങളും
അഭയ കേന്ദ്രങ്ങളിലെ
അച്ഛനില്ലാ പൈതങ്ങളും
വരും തലമുറക്കുള്ള
സ്വസ്ഥ സ്വാതന്ത്ര്യത്തിന്റെ
വരണ്ട മേച്ചില്‍ പുറങ്ങളാണെന്നത്
ഭരണത്തിന്റെ ഘടനയറിയുന്നവര്‍ക്ക്
കാണാന്‍ സ്വാതന്ത്ര്യമുള്ള സ്വപ്നമാണ്

അര്‍ദ്ധ രാത്രിയില്‍
വീതം വെച്ചെടുത്ത സ്വാതന്ത്ര്യം
സ്വാതന്ത്ര്യത്തിനും  അതിര്
നിര്‍ണയിക്കാനായിരുന്നെന്നു
ചുങ്കപ്പാതകളുടെ
ദേശീയ ഗാനം കേട്ടാണ്
ഉറക്കപ്പിച്ചിലും ഞാനറിഞ്ഞത്.......

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ചൂണ്ട (2)


ചൂണ്ട
ഒരു കുരുക്കാണെങ്കിലും
വീശു വലയെക്കാളും
ഒറ്റാലിനെ ക്കാളും
സുരക്ഷിതമാണത്

ഒറ്റാലില്‍ കുടുങ്ങിയാല്‍
ജീവനൊന്നൊടുങ്ങി ക്കിട്ടാന്‍
ഓടിത്തളരണം
എന്നാലും പറയും
അവളൊന്നൊച്ച വെച്ചില്ലെന്നു ...

വീശുവല യുടെ കണ്ണികള്‍
കഴുത്തിലമര്‍ന്ന്
മുന്നോട്ടും പിന്നോട്ടു മല്ലാതെ
ശ്വാസം നിലച്ചു പിടയുമ്പോഴും
വലക്കണ്ണി പൊട്ടിച്ചില്ലെന്ന
കുത്തുവാക്ക് കേള്‍ക്കും ...

ചൂണ്ടയാവുമ്പോള്‍
ആരെയും ഒറ്റു കൊടുക്കാതെ
കൂട്ടിക്കൊടുത്തെന്ന പേരു കേള്‍ക്കാതെ
ആസക്തിയുടെ ഇരയെന്നും
ഒളിച്ചോട്ടത്തിന്റെ വഴിയെന്നും
മാറി മാറി പ്പറഞ്ഞ്
ഇരയാവുന്നതിന്റെ
ശരി തെറ്റുകളറിയാം
ഇരയുടെ രുചിയെന്തെന്നു
സ്വയമൊന്നു ബോധ്യപ്പെടാം

ചൂണ്ടയിലെ ഇര രുചിച്ച്
തൂങ്ങിയും തുള്ളിയും
ഓരോ പിടച്ചിലിലും
ഒറ്റ  കുതിപ്പിനും ......
ഇര യായവരെ
അനുഭവിച്ചറിയാം 
ഇര യാവാത്തവര്‍ക്ക്  
അപകട മറിയിക്കാം
 

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ അങ്ങിനെയാണ്
ഓര്‍ക്കാതെ കയറി വരും
ഓര്‍മിപ്പിക്കാതെ ഇറങ്ങിപ്പോവും
ഓര്‍ക്കാന്‍ പണിപ്പെടുമ്പോള്‍
ഒളിച്ചിരുന്ന് കുസൃതി കാട്ടും

പറയാന്‍ ബാക്കി വെച്ച
ഒരു വാക്കിന്റെ തുമ്പിലോ
പറഞ്ഞു പൂര്‍ത്തിയാവാത്ത  
ഒരു പേരിന്റെ മറവിലോ
ഒളിച്ചിരിക്കുന്ന ഓര്‍മ്മകള്‍
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാതതൊക്കെ
നമ്മെ ഓര്‍മിപ്പിക്കും

ഓര്‍ക്കാതെ വന്ന നിറ യൌവനം
നഷ്ട ബാല്യത്തെയും
ഓര്‍ത്തോര്‍ത്തു വന്ന
നരച്ച വാര്‍ധക്യം
നഷ്ട സ്വപ്നങ്ങളെയുമെന്നപോലെ  ....

പാല്‍ കാരിയും പത്രക്കാരനും
ഓര്‍മകള്‍ക്ക് വിരുന്നാണ്
വഴിയിലുപേക്ഷിച്ച പേരുകളും
വാക്കാല്‍ വലിച്ചെറിഞ്ഞ ബന്ധങ്ങളും
വഴി മാറാത്ത ഓര്‍മകളാണ്

പിരിവുകാര്‍ ഗുണ്ടകളെയും
ഭിക്ഷക്കാര്‍ വികലാംഗരെയും
ഓര്‍മിപ്പിക്കാന്‍
ഒട്ടും ചേര്‍ച്ചയില്ലാത്ത വേഷങ്ങളണിഞ്ഞു
വാതില്‍ക്കല്‍ കാത്തിരിക്കുന്നത്‌
നമ്മെ ചിലതൊക്കെ
 ഓര്‍മിപ്പിക്കാന്‍  തന്നെയാണ്

പാച്ചിലിന്റെ തിടുക്കത്തിലും
പണി പൂര്‍ത്തിയാവാത്ത വീട്ടിലും ..
ഓര്‍മ്മകള്‍ നമുക്ക് ഭാര മാവുന്നത്
ഓര്‍ക്കേണ്ടാതൊക്കെ നീ
മറക്കുമ്പോഴും
മറക്കേണ്ടതൊക്കെ നീ
ഓര്‍ത്തെടുക്കുമ്പോഴുമാണ് ........