2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മണം


ഇര കിട്ടാതെ വലഞ്ഞ പട്ടി  
ഇടവഴിയിലിരുന്നു കുരച്ചുതുപ്പി 
ഏതോ അറവു പുരയിലുയര്‍ന്ന 
കത്തിയുടെ സംഗീതം
കുടല് കീറുന്ന മണത്തിനു വഴിമാറി
ജന്മ വാസന പട്ടിക്കു തുണയായപ്പോള്‍ 
ഒഴുകി പ്പരന്ന ചോര 
കാലിന്റെ വേഗത കൂട്ടി  
ഓട്ടത്തിനിടയിലും പട്ടി മണംപിടിച്ചു 
"പെണ്ണാടിന്റെ" മണം ........
കൊതി പേറിയെത്തിയ കണ്ണുകളില്‍ 
നിരാശ 
അടഞ്ഞു കിടക്കുന്ന അറവു മാടം,
ഉണങ്ങി ത്തുടങ്ങിയ ചോരപ്പാടുകള്‍ ,
പിറകില്‍ 
പേറ്റുമണം മാറാത്ത ആട്ടിന്‍കുട്ടി
ഉണക്കാനിട്ട തുകലില്‍
അമ്മയുടെ 'മുലപ്പാട്' നോക്കി കരയുന്നു 
കരളലിഞ്ഞു 
വിശപ്പ്‌ പേറിയോടുമ്പോള്‍ 
വീണ്ടും കത്തിയുരക്കുന്ന ശബ്ദം
ആട്ടിന്‍ കുട്ടിയുടെ അലര്‍ച്ച...........
അമ്മയുടെ മാംസം തിന്നവര്‍ 
ലഹരിയില്‍ 
മകളുടെ അടിവയര്‍ തുരക്കുന്നു
പാവം പട്ടി വീണ്ടും കുരച്ചു
കുര കേട്ടാലറിയാം ,വിശന്നിട്ടല്ല ........
വിശന്നിട്ടാവില്ല ................!!




 

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

പിറവി

പിറവിയില്‍ കേട്ട അമ്മയുടെ തേങ്ങല്‍
മരണത്തില്‍ വെറും മൌനമാവുന്നു 
പിറന്ന കുഞ്ഞിന്റെ അലര്‍ച്ച 
ജീവിതത്തിലൊരു നീറ്റലാണ്
നിലാവില്‍ വിരിഞ്ഞ പൂക്കള്‍ 
സന്ധ്യ യുടെ ദുര്‍ഗന്ധമാവുന്നു 
ഇന്നലെ കണ്ട ചെറുമീന്‍ 
മുക്കുവന്റെ ചൂണ്ടയിലെ ഇരയാണിന്നു
ഇര വിഴുങ്ങിയ അമ്മ മത്സ്യം 
തീന്മേശയിലെ കാഴ്ച കണ്ട് മരിക്കുന്നു 
പുഴ പറഞ്ഞ കഥകള്‍ 
പുരാണത്തിലെ നുണകളാവുന്നു
കണ്ട് മോഹിച്ച പെണ്ണ് 
ഏതോ മെത്തയിലെ വിരിപ്പാണിന്നു
പൂത്തുലഞ്ഞ ചെടികള്‍ 
വരളുന്ന ഭൂമിയുടെ ദുഖമാവുന്നു
ഓടിത്തളര്‍ന്നവന്റെ വിയര്‍പ്പ് 
വീട്ടുകാര്‍ക്ക് ഒക്കാനമാണിന്നു
മുതുകൊടിഞ്ഞവന്റെ ദുഖം 
കാഴ്ചക്കാര്‍ക്ക് കൌതുകമാവുന്നു
കാത്തു നില്‍ക്കുന്നവന്റെ കണ്ണിലെ തിളക്കം
ഒളിച്ചിരിക്കുന്നവര്‍ക്ക് ശല്യമാണെങ്കിലും 
 

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

ഇന്നലെ...

ഇന്നു കത്തിയ വെയിലില്‍ 
ഇന്നലെ പ്പിറന്ന മഴ മരിച്ചു
ഇന്നു വീശിയ കാറ്റില്‍ 
ഇന്നലെ വിരിഞ്ഞ പൂവും മരിച്ചു 
ഇന്നു വിരുന്നു വന്ന ചൂട് 
ഇന്നലെയുടെ കുളിരിനെ കരിച്ചു 
ഇന്നുകണ്ട കാഴ്ച 
ഇന്നലെയുടെ കണ്ണ് കുത്തിയുടച്ചു 
ഇന്നു കേട്ട വാക്ക് 
ഇന്നലത്തെ പൊയ് വാക്കിനുകുറുകെ ചിറയിട്ടു
ഇന്നുദിച്ച മോഹം 
ഇന്നലത്തെ പാഴ്ക്കിനാക്കളെ മൊഴിചൊല്ലി
ഇന്നു തോന്നിയ ദാഹം
ഇന്നലെ കുടിച്ച കിണറില്‍ വിഷം കലക്കി 
ഇന്നുകണ്ട ചിരിയില്‍ 
ഇന്നലെപ്പുതച്ച പെണ്ണിന്റെ തുണിയുരിഞ്ഞു 
ഇന്നു കേട്ട പാട്ടില്‍ 
ഇന്നലെയുതിര്‍ന്ന  കണ്ണീര്‍ വരണ്ടുണങ്ങി 
ഇന്നലെ പുതച്ചുറങ്ങിയ എനിക്ക് 
ഇന്നത്തെ വിരുന്നിനു കത്തു കിട്ടി, അങ്ങിനെ 
ഇന്നലെ മൈലാഞ്ചി യൂരിയ മണ്ണില്‍ 
ഇന്നു ചുവന്ന മണ്കൂന വന്നു 
ഇന്നലെ എന്നെനോക്കി ചിരിച്ച മക്കള്‍
ഇന്നെന്റെ മണ്കൂന നോക്കി തേങ്ങി, ഒടുവില്‍
ഇന്നുദിച്ച സൂര്യന്‍ 
ഇന്നലെപ്പെയ്ത നിലാവിനെ ചുട്ടുകൊന്നു ............


 

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

അങ്ങിനെയാണ് അത് സംഭവിക്കുന്നത്‌...............

മനസ്സില്‍ വിഷം നിറയുമ്പോഴാണ് 
ഭൂതകാലത്തെ മറന്നു പോകുന്നത് 
ചിന്തകള്‍ വഴി  തെറ്റുമ്പോഴാണ് 
കാതുകള്‍  സീല്‍ വെക്കപ്പെടുന്നത് 
കാതുകള്‍ അടഞ്ഞു പോകുമ്പോഴാണ് 
കണ്ണടച്ചിരുട്ടാക്കുന്നത് 
കണ്ണില്‍ ഇരുട്ട് നിറയുമ്പോഴാണ് 
പിശാചിനെ സ്വപ്നം കാണുന്നത് 
പിശാചു കൂട്ടുകാരാനാവുമ്പോഴാണ്
ശുദ്ധ സൗഹൃതം മുറിഞ്ഞു പോകുന്നത് 
നല്ല കൂട്ടുകാര്‍ അകന്നു പോകുമ്പോഴാണ് 
അഹങ്കാരം മിത്രമായി വരുന്നത് 
അഹങ്കാരം കൂട്ടാളിയാവുമ്പോഴാണ് 
നാക്കിന്റെ ബോധം നഷ്ടപ്പെടുന്നത് 
അങ്ങിനെയാണ് 
കരണ ക്കുറ്റിയില്‍ അടി വീഴുന്നതും 
വിഷമിറക്കി പത്തി താഴ്ത്താന്‍ പഠിക്കുന്നതും 

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

മഴ

ഇപ്പോള്‍
ഉണരുമ്പോള്‍ എന്നും എന്റെ മനസ്സ് പറയും 
ഒരു നല്ല മഴ കണ്ടിരുന്നെങ്കില്‍ എന്ന് 
മൂടിക്കെട്ടിയ ആകാശവും 
കത്തിപ്പെയ്യുന്ന മഴയും
കുത്തിയൊലിച്ചു ചെമമണ്ണു പൂശിയ റോഡുകളും
എന്നും എന്റെ മനസ്സിലെ നിറമുള്ള സ്വപ്നങ്ങളാണ് 
ഇപ്പോള്‍
എത്ര കാലമായെന്നറിയില്ല
നിറമുള്ള ഒരു മഴ കണ്ടിട്ട് 
എന്നാലും മഴയും മഴക്കാലവും
സ്വപ്നത്തിലെ കൂട്ടുകാരായി വന്നു 
ഓര്‍മകളെ ഇക്കിളിപ്പെടുത്തി ഓളങ്ങളുണ്ടാക്കുന്നു
പൂത്തിരിയും വെടിക്കെട്ടും കഴിഞ്ഞ്‌ 
മരങ്ങളെ കുളിപ്പിച്ച് 
ഇലകളില്‍ നിന്ന് ഇലകളിലേക്കിറ്റി വീണ്‌
സംഗീതത്തിന്റെ അകമ്പടിയോടെ 
മണ്ണിലലിയുന്ന  മഴ
എന്നില്‍ നിന്നകന്ന കന്യകയുടെ മണവും 
മരുഭൂമിയില്‍ കരിഞ്ഞുപോയ പാട്ടും 
ഓര്‍മകളുടെ വേദനയും ഓര്‍മിപ്പിച്ചു 
കണ്ണുകളില്‍ പേമാരി പെയ്യിച്ച് 
എന്നില്‍ നിന്നോടിയകലുന്നു