2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

അറബിത്തെരുവിലൂടെ .......


നിയമത്തിന്റെ വാള്‍ തലപ്പുകള്‍ 
ഇടം വലം മുനകൂര്‍ത് നില്‍ക്കുമ്പോഴും 
ക്ഷോഭത്തിന്റെ തീക്കാറ്റ് 
നന്മ യുണങ്ങാത്ത മരുഭൂമിയില്‍ 
മാറ്റത്തിന്‍റെ ചുടു ഗീതം രചിക്കുന്നുണ്ട്....

കരുത്തും കനിവു മൂറുന്ന വിശ്വാസം 
കാമ്പും കനലുമുള്ള വേദത്തിലൂട്ടി 
സ്വെച്ചാധിപത്യത്തിന്‍റെ വേരറുക്കാന്‍ 
കൌമാരം പുകഞ്ഞു പൊരിയുന്നുണ്ട്.....

കാല്‍കീഴില്‍ ചവിട്ടിത്താഴ്ത്തി 
കുടുംബങ്ങള്‍ പങ്കിട്ടെടുത്ത് 
കാലാന്തരങ്ങളായൊതുക്കപ്പെട്ടവര്‍ 
കാത്തിരുന്ന വെളിച്ചത്തിന്‍റെ 
കിരണങ്ങള്‍ തെളിയുന്നുണ്ട്....

പുകയുന്ന സ്വപ്നങ്ങള്‍ക്ക് 
പുതുജീവന്‍ പകര്‍ന്നുണര്‍ത്തി 
നൈലിന്‍റെ നനവാര്‍ന്ന തീരങ്ങളില്‍ 
നഷ്ട വസന്തങ്ങളെവിരിയിച്ചെടുക്കാന്‍ 
നവ സ്വപ്നങ്ങളുടെ പൂക്കാലമുണ്ട് 

ക്ഷോഭം നുരയുന്ന തെരുവോരങ്ങളില്‍ 
ശോഭ പരത്തുന്ന പൈതങ്ങളുണ്ട് 
കത്തിപ്പടരുന്ന കൌമാര കണ്ണുകളില്‍ 
കത്തലൊടുങ്ങാത്ത സ്വാതന്ത്ര്യ ദാഹമുണ്ട് 
രക്ത സാക്ഷിയുടെ അമ്മയെന്നറിഞ്ഞിട്ട്  
രണ്ടു സ്വര്‍ഗങ്ങളറിയുന്ന തരുണികളുണ്ട് 
കണ്ണിലും കനവിലും നനവുണങ്ങാതെ 
കയ്യുയര്‍ത്തിക്കരഞ്ഞു കേഴുന്ന 
വിറയലും വിതുമ്പലും തിരമാല തീര്‍ക്കുന്ന 
വൃദ്ധ മാതാക്കളുടെ പ്രാര്‍ത്ഥനകളുണ്ട് 

1 അഭിപ്രായം:

  1. കാമ്പും കനിവുമുള്ള വാക്കുകള്‍ ...വേദത്തിന്റെ ഉള്കരുതുമായി ഇനിയുമേറെ എഴുതാനാകട്ടെ എന്ന് ആശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ