2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഖഹ്‍വ .......



ഖഹ്‍വ .......
കവിത തുളുമ്പുന്ന താഴ്വരയിലാണ് 
കയ്പ്പും ചവര്‍പ്പും ചേര്‍ത്ത് 
ജീവിതത്തിന്റെ കരുത്തറിയിച്ചത് 

കല്ലടുപ്പിനു മുന്നില്‍ കുന്തിച്ചിരുന്ന് 
ഓര്‍മയുടെ വസന്തം പൂത്ത 
ഓട്ടു പാത്രത്തിലിട്ട് വറുത്ത് 
ദേശങ്ങള്‍ താണ്ടിയെത്തി 

പുന്‍ജിരിയുടെ മഞ്ഞുപെയ്യുന്ന 
ഖഹ്‍വയുടെ കന്നിപ്പരിപ്പ് 
കരുത്തിന്റെ കഥ പറയുന്ന 
കല്ലുരലില്‍ കുത്തിയുടച്ച് 

പ്രൌഡി തിളയ്ക്കുന്ന 
പിച്ചള പ്പാത്രത്തിലിട്ട് 
ഒരുനുള്ളു കുങ്കുമത്തില്‍ 
ഒന്‍പതു ഏലക്ക ചേര്‍ത്ത് 
കനല് കത്തിച്ചു തീയൊരുക്കുക 

തിളച്ചു മറിയുമ്പോള്‍ 
പുതു മണവാട്ടിയുടെ 
മണിയറയില്‍ നിന്നെന്നപോലെ 
കുസൃതി നിറഞ്ഞൊരു ചിരി കേള്‍ക്കാം 

ഇത്തിരിയൊഴിച്ചു 
ചുണ്ടോടമാര്‍ത്തുമ്പോള്‍ 
കന്യകയുടെ കാറ്റിലുലയുന്ന 
കാര്‍കൂന്തലിന്‍റെ മണമറിയാം 

സിരകളില്‍ അഗ്നി പടര്‍ത്തി 
കനവില്‍ കവിത നിറച്ച് 
കനലൊടുങ്ങാത്ത കിനാക്കള്‍ക്ക് 
കഥ പറയാന്‍ കൂട്ടിരിക്കാം 

ഖഹ്‍വ 
ഓര്‍മകളില്‍ വസന്തവും 
ചിന്തകളില്‍ കരുത്തും നിറച്ച് 
മോഹങ്ങളുടെ തേരില്‍ 
കരുത്തിന്റെ കുതിരകളെ പൂട്ടി 
സ്വപ്നങ്ങളില്‍ തീ പടര്ത്തുകയാണ്...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ