2012, ഡിസംബർ 6, വ്യാഴാഴ്‌ച

ഇന്നും ഞാനൊരമ്മ ....


കിള യില്ല വിളയില്ല
കളയില്ല മുളയില്ല
മൂളുന്ന കിളികളുടെ
കള കൂജനങ്ങളില്ലാ...
പൊള്ളുന്ന നെഞ്ചിലൊരു
കൊഞ്ചുന്ന യരുവിയുടെ
കള കളാരവങ്ങളില്ലാ
പുകയുന്ന കണ്ണിലൊരു
വിടരുന്ന തളിരിന്റെ
നിറമുള്ള മണവു മില്ലാ

അളവുണ്ട് അതിരുണ്ട്
അതിമോഹ വിതയുണ്ട്
പുതുലോക വിപണിയുടെ
ചതിമൂത്ത വിരുതുണ്ട്‌
കനിവിന്റെ യുറവയില്‍
 'കുറ്റി' താഴ്ത്താന്‍
കൂട്ടിക്കൊടുപ്പിന്റെ
ദല്ലാളുമാരുണ്ട്

അന്ന്.....
ഭൂമി-യൊരമ്മ -
യെന്നോതിപ്പഠിച്ചവര്‍
ഇന്ന് - ദുരമൂത്ത് വിലയിട്ട
വിലകെട്ട യമ്മ ഞാന്‍..
അളവിനാല്‍ അതിരിനാല്‍
സഹികെട്ട യമ്മ ഞാന്‍ ...
ആര്‍ത്തിയുടെ മൂര്‍ത്തികള്‍
അടിമപ്പെടുത്തി യൊരു
ഇടപാടുകാര്‍ക്കായ്
വിരിപ്പായവള്‍ ഞാന്‍ ....

വിത്തിന്റെ മത്തുള്ള മണമറിഞ്ഞും
വിളവുല്‍സവത്തിന്റെ പാട്ടുകേട്ടും
വേവുന്ന കഞ്ഞിയില്‍ കനിവൊഴിച്ചും
കണ്ണീരുണക്കിയോ രമ്മയിന്ന്
വില്‍ക്കപ്പെടാനുള്ളോ രുടലു മാത്രം
വിഹിതം വിധിക്കും ചരക്കു മാത്രം

അമ്മയുടെ മുലയായ മല തുരന്നൂ
അമ്മയുടെ വയറായ വയലുടച്ചൂ
അമ്മയുടെ നെഞ്ചിലൊരു കുഴലിറക്കീ
കനിവിന്റെ യുറവയു മുണക്കി നിങ്ങള്‍...
ഗര്‍വിന്റെ ഗര്‍ത്തം കുഴിച്ചു താഴ്ത്തീ
അമ്മയെ അതിലിട്ടൊതുക്കി നിങ്ങള്‍..

ഇന്നും...................
ഞാനൊരമ്മ .....
വിലകേട്ടു വിലകെടാന്‍
വിധിയു ള്ളോരമ്മ ...
ചതി കണ്ടു ഗതികെട്ട
വ്യഥ യുള്ളോരമ്മാ.....
ധൃതി കൂട്ടി മൃതി പാര്‍ത്ത്
ശ്രുതി പോയൊരമ്മാ .


6 അഭിപ്രായങ്ങൾ:

 1. നന്നായി സുഹൃത്തേ, കുറെ സത്യങ്ങള്‍ ഇനിയും വിളിച്ചു പറയാനുണ്ട്, നമ്മുടെ തന്നെ ചൂഷണത്തിന്റെ, വൃത്തികെട്ട മുഖം ഇനിയും വലിച്ചുകീരാനുണ്ട്, പക്ഷെ കാഴ്ചക്കാരും നമ്മള്‍ തന്നെ, വാദിയും പ്രതിയും സാക്ഷിയും എല്ല്ലാം നമ്മള്‍ തന്നെ!
  ആശംസകള്‍ !
  http://deeputtandekavithakal.blogspot.com/2012/12/blog-post_15.html

  മറുപടിഇല്ലാതാക്കൂ
 2. ഭൂമിയുടെ വേദന ......തീവ്രമായ വരികളില്‍ ,
  മനോഹരമായ കവിതാ

  മറുപടിഇല്ലാതാക്കൂ
 3. മണ്ണിന്റെ വേദനയും വിരഹവും ക്ഷമയും മനോഹരമായി പകര്‍ത്തി.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഉള്ളം പിളര്‍ക്കുന്ന മൂര്‍ച്ചയുള്ള വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ