2012, ഡിസംബർ 2, ഞായറാഴ്‌ച

വിഷം തീണ്ടിയ ഭൂമി


നിറം കെട്ട ഉദ്യാനങ്ങളില്‍
വേരൊടുങ്ങിയ ചെടികള്‍ക്ക് ചുറ്റും
വരും കാലത്തിന്റെ വെയിലോര്‍ത്തും
വാടിപ്പോയ തണല്‍ പാര്‍ത്തും
കുരുവിയും കുഴിയാനയും
ദു:ഖം അരുവി തീര്‍ക്കുന്നുണ്ട്

വിടരാതെ വീണ പൂക്കളുടെ
ഇതളുകള്‍ ഒളിപ്പിച്ച
പൂമ്പൊടിയുടെ പൈതൃകം തേടി
ചിറകുകള്‍ ചിലന്തി തിന്ന്
മരണം കാക്കുന്ന വണ്ടുകള്‍
മൂളാതെ ഇഴയുന്നുണ്ട്

തുളവീണ വര്‍ണ്ണച്ചിറകുകള്‍
വീശാനാവാതെ ശലഭങ്ങള്‍
ഉരുകിത്തീര്‍ന്ന
വാടാ മല്ലികക്കൊപ്പം
പുകയുന്ന വെടിയുണ്ട പേറി
കരയാതെ കരിയുന്നുണ്ട്

കരിയിലച്ചോട്ടില്‍
ഒളിപ്പിച്ച വിത്തും വേരും
വിഷം തീണ്ടിയ ഭൂമിക്കു മുകളില്‍
ചാപിള്ളയെ ഗര്‍ഭം പേറി
ഗതി കിട്ടാതെ
ഒളിയിടം തേടി അലയുന്നുണ്ട്

ചിറകൊടിഞ്ഞ കുരുവി
വിരിയാതെ വെന്ത മുട്ടകള്‍ക്ക്
സ്വപ്നങ്ങളുടെ ചൂടൊഴിച്ച്
അടയിരിക്കുമ്പോഴും
മറന്നു പോയ രാഗം
'ടവറു'കള്‍ക്ക്  മുകളില്‍
കുരുങ്ങിപ്പിടയുന്നുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ