2012, ഡിസംബർ 4, ചൊവ്വാഴ്ച

തീ മഴ ...


ചിരിയുണങ്ങാത്ത
കുഞ്ഞുങ്ങളുടെ
ഉരുകിയ തലയോട്ടിക്കുള്ളില്‍
ഒളിച്ചിരിക്കുന്ന മൌനം
വരും കാലത്തിന്റെ
ആരവമാകുമെന്ന്
ആയുധപ്പുരകളുടെ
കാവല്‍ക്കാര്‍
ഏറ്റു പറയുന്നുണ്ട്

ചൂഴ്ന്നെടുത്ത്‌
ചുട്ടു തിന്ന
ഗര്‍ഭസ്ഥ ശിശുവിന്റെ
വെന്തു പോയ ജീവന്‍
അതിരുകള്‍ ഭേദിക്കാന്‍
ഉയിര്‍ത്തെഴുന്നെല്‍ക്കുമെന്ന്
വെടിക്കോപ്പുകള്‍ നിറക്കുമ്പോഴും
ആരാച്ചാര്‍
തിരിച്ചറിയുന്നുണ്ട്

തീ മഴ പെയ്യുമ്പോഴും
തിമിരം തകര്‍ത്ത
കണ്ണുകള്‍ കൊണ്ട്
'ഉത്സവം' നുകരുന്ന ലോകത്തിന്റെ
ഉറങ്ങിപ്പോയ നീതിബോധത്തിന്ന്
വെടി മരുന്നിന്റെ
കെട്ട മണമാണെന്ന്
വിളിച്ചു പറയുന്നവരെ നോക്കി
വേട്ടക്കാര്‍
അടക്കം പറയുന്നുണ്ട്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ