2012, നവംബർ 8, വ്യാഴാഴ്‌ച

'ബുദ്ധി ജീവിതം'


അളവ് തെറ്റിത്തെറിച്ച
അഹന്തയുടെ ബീജങ്ങളാണ്
അസത്യങ്ങളുടെ ഭാരം
തലച്ചുമടാക്കിയതും
സ്നേഹത്തിന്റെ വഴികള്‍
ഇരുമ്പ് മതിലിട്ടു അടച്ചു പൂട്ടിയതും..........

ഒളിപ്പിക്കാന്‍ പാടുപെട്ട
അസൂയയുടെ മതിലുകളാണ്
നേര്‍ കാഴ്ച്ചകള്‍ക്ക് മുമ്പില്‍
വെറുപ്പിന്റെ മറകള്‍ പണിതതും
കെട്ട കാഴ്ചകളിലേക്ക്
ഒളിഞ്ഞു നോട്ടത്തിന്റെ
കുറുക്കു വഴികള്‍
ഇരുളില്‍ തുറന്നു വെച്ചതും

അര്‍ത്ഥമറിയാതെ നിഗളിച്ച
ചിതലരിച്ച അറിവുകളുടെ
അമിത ഭാരങ്ങളാണ്
മധുരം പെയ്യിച്ച ദര്‍ശനങ്ങളെ
കൊഞ്ഞനം കുത്താന്‍ മത്സരിച്ചതും
കാപട്യത്തിന്റെ 'ബുദ്ധി ജീവിതം'
പാഴ്ക്കിനാവാണെന്നറിയാതെ
വാളെടുത്തു തുള്ളാന്‍ തുടങ്ങിയതും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ