2012, നവംബർ 11, ഞായറാഴ്‌ച

കഴുകന്‍...


കത്തും കണ്ണിലെ കടും ചുകപ്പും
കാലില്‍ തിളങ്ങുന്ന നഖങ്ങളും മാത്രമല്ല 
കാഴ്ചക്കാരുടെ മൌനവും 
കാഴ്ചകളിലെ കൌശലവും 
കാഴ്ചപ്പാടിലെ കനിവില്ലായ്മയുമാണ് 
കഴുകന്‍റെ ജീവിതത്തെ സുഭിക്ഷമാക്കുന്നത് 

താഴ്വാരങ്ങളില്‍ 
തളിരില തിന്നുന്ന കുഞ്ഞാടിനെ 
തിളങ്ങും നഖങ്ങളില്‍ കോര്‍ത്ത്‌ 
ജീവന്‍ കൊത്തിവലിക്കുമ്പോള്‍ 
കണ്ടു നില്‍ക്കുന്നവര്‍ പറഞ്ഞു കൊള്ളണം 
'കുഞ്ഞാടിനിത്തിരി കുസൃതി കൂടുതലായിരുന്നു'

കാലുകള്‍ കൊത്തിയുടച്ച് 
കണ്ണുകള്‍ കവര്‍ന്നെടുക്കുമ്പോഴും 
കരയുന്ന അമ്മയാടിനെ നോക്കി 
കൂട്ടുകാര്‍ പല്ലിറുമ്പണം 
'തല തിരിഞ്ഞവന്റെ അമ്മ'

മാന്തിയെടുത്ത കുടലും 
മുറിച്ചെടുത്ത നാക്കും 
മിണ്ടാനാവാതെ പിടയുമ്പോഴും 
മരണ മില്ലാത്ത തലച്ചോറ് നോക്കി 
മാതാവ് പറഞ്ഞു കൊള്ളണം 
'വേണ്ട.... എനിക്ക് കാണേണ്ട...'

വിശപ്പൊടുങ്ങാത്ത കഴുകന്‍ 
വിളനിലങ്ങള്‍ക്ക് മുകളില്‍
വട്ടമിട്ട് ഇരകളെ തേടുമ്പോള്‍ 
വിവേക മുദിക്കാത്ത ജനത 
വാതിലടച്ചു സാക്ഷയിട്ട്
വിനയത്തോടെ വിരല്‍ചൂണ്ടിപ്പറയണം 
'ഞാനല്ല.... അവനാണ്...'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ