2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

തടവുകാരന്‍

പടിയിറങ്ങി പ്പൊടിമണ്ണു തട്ടിക്കുടഞ്ഞോടി യൊളിച്ച ഞാന്‍ 
ചെറു ബാല്യകാലത്തു കെട്ടിമേഞ്ഞു
കാലിലുറപ്പിച്ചു  നിര്‍ത്തിയ 
കളി വീടിനുള്ളിലെ തടവുകാരന്‍ .......

കത്തിപ്പെയ്ത മഴയില്‍,
കുത്തിയൊലിച്ച 'ചിറക്കലെ' ചിറയില്‍
ഒരു ചെറു  മീനായിപ്പുളഞ്ഞു നീന്തിയാറാടി
ഉമ്മയുടെ അടികൊണ്ട്
പനിമാറാതെ മൂടിപ്പുതച്ചുറങ്ങിയ 
ബാല്യത്തിന്‍ തടവുകാരന്‍ .............

അക്ഷര മോതേണ്ട വായ്‌ തുറന്നങ്ങനെ 
പുസ്തകം വെക്കേണ്ട മേശയില്‍ കാല്‍വെച്ചു
കൂര്‍ക്കം വലിച്ചുറങ്ങിയ ഗുരുവിന്‍ മുഖത്തേക്ക് 
ഒന്നുമെഴുതാതെ പട്ടിണി കിടന്ന ബുക്കിന്റെ വയറു കീറി 
പ്രതിഷേധ കടലാസ് പക്ഷിയെ പായിച്ച 
കുലീനമാം കുസൃതിയുടെ തടവുകാരന്‍ .......................
മധുര മിഠായിയും
കളറുള്ള പെന്‍സിലും കാത്തു വെച്ചെന്റെ
ആഴ്ച വിരുന്നുകള്‍ ആഘോഷമാക്കിയ 
ധീര 'ശുഹാദാ' വിന്‍ പാട്ടെഴുതി കിസ്സ പറയുന്ന
നബിമാരുടെ കഥ ചൊല്ലി യെന്നെയുറക്കിയ
എന്നിലുറങ്ങിക്കിടക്കുന്ന യെന്റെ"വല്ല്യുപ്പ"യുടെ 
'പടപ്പാട്ടിന്‍ 'തടവുകാരന്‍  ‍...............

ആഴ്ച്ചവിരുന്നുകള്‍ ഒന്ന് മുടങ്ങിയാല്‍ 
"എന്റെ ബാവ വന്നീല "യെന്ന സങ്കടം 
രോഗം വെളുപ്പിച്ച മേനിക്കകത്തുള്ള 
രോഗമില്ലാ മനസ്സ് വിങ്ങിപ്പറയുന്ന,
മരണം കാത്തുകിടന്ന നാളിലും 
"എന്റെ ബാവ വന്നോ" എന്നോര്‍ത്തു ചോദിച്ച 
'വല്ല്യുമ്മ'യുടെ  സ്നേഹത്തിന്‍ തടവുകാരന്‍ ................

മാങ്ങയുടെ മണമൊന്നു  മാറിയാലും
ചക്കയില്‍ മധുരമൊന്നൂറിയാലും
ചാക്കിലൊരു ചുമടാക്കി യോടിവന്ന്
'കുഞ്ഞു ബാവയെ'യൂട്ടുന്ന മറ്റൊരുമ്മ 
ഉമ്മൂമ്മയല്ല തെന്റുമ്മതന്നെ .
 "ഉമ്മിയ്യ‌" താണേലു മുളള സ്നേഹം
 തുല്യമായ് സത്യമായ് പങ്കു വെച്ചു
ഇന്നവര്‍ക്കോര്‍മ്മയുടെ നിമിഷങ്ങളില്‍ 
ഞാനാ മടിയിലെ തടവുകാരന്‍ ......................

'വിഷവള' മെന്തെന്നറിയാതെ പൂത്ത്‌ കായ്ച്ചൊരു
നെല്ലിമരത്തിന്റെ സ്വാദും  നുണഞ്ഞ്‌
'ലക്ഷ്മി' ചേച്ചിയുടെ കൈത്തലംതൂങ്ങിയോടി 
കാട്ടുചോലയുടെ മധുരം കുടിക്കവേ 
പിഞ്ചു കാലിലേക്കോടിക്കയറിയ
ക്രൂരനാം കരിങ്കല്ലു ചീറ്റി ത്തെറിപ്പിച്ച 
ചോരക്കു മുമ്പിലുലയാതെ  പതറാതെ
ഉടുമുണ്ട് കീറി മുറിവ് കെട്ടിയും 
"എന്റെ കുട്ടീ  ............"യെന്നാര്‍ത്തു  വിളിച്ചാളെക്കൂട്ടിയും 
മതഭ്രാന്തെ ന്തെന്നറിയാതെ  എന്നെ ലാളിച്ചയാ
ചേച്ചിയുടെ കനിവിന്റെ  തടവുകാരന്‍  ...........
അങ്ങ് 'തടത്തിലെ' പറമ്പിലൊരു വെയില്‍കാല സന്ധ്യയില്‍
ചുവന്ന സൂര്യനില്‍ നിന്നൂറ്റിയെടുത്ത 
ചെഞ്ചായമണിഞ്ഞൊരു ഞാവല്‍ മരം 
മധുരം നിറഞ്ഞു തുടുത്ത പഴം  നീട്ടി മാടിവിളിക്കവേ 
ഓടിയടുത്തും പാഞ്ഞുകയറിയും
തലകുത്തി വീണ ദിനത്തിന്റെ തടവുകാരന്‍ .............



2 അഭിപ്രായങ്ങൾ:

  1. കവിത വളരെ നന്നായി , കവിതയെ ആരാധനയോടൊപ്പം ആഘോഷവുമാക്കാന്‍ കഴിയുമെന്ന്
    താങ്കള്‍ തെളിയിക്കുന്നു , ഗുരുവിന്റെ അലസതയെ വിവരിക്കാന്‍
    "ഒന്നുമെഴുതാതെ പട്ടിണി കിടന്ന ബുക്കിന്റെ വയറു കീറി" എന്ന പ്രയോഗം വളരെ നന്നായി
    തുടരുക , ആശംസകളോടെ ..............................

    മറുപടിഇല്ലാതാക്കൂ