2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

വില്‍ക്കാനുണ്ട് ,സ്നേഹം

ചന്ത  ,
എന്നും അവനൊരല്‍ഭുതമായിരുന്നു 
ദിനേനെ മാറുന്നതുകൊണ്ട് മാത്രമല്ല ,
അതിന്റെ ശബ്ദഘോഷങ്ങളും ,അലങ്കാരചിന്ഹങ്ങളുമെല്ലാം 
ഏറെ വിചിത്രമാണവന് 
പിന്നെ ഇല്ലാ ഗുണങ്ങള്‍ പറഞ്ഞുള്ള വിലപേശലുകള്‍.................
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 
ഇന്നലെയാണവന്‍  ചന്ത കാണാനിറങ്ങിയത് 
മുന്‍പ് വെറുതെകിട്ടിയിരുന്നവെള്ളം മുതല്‍ 
മൂല്യമറിയാത്ത ഗര്‍ഭപാത്രം വരെ വില്പനക്കുണ്ട് 
ഗര്‍ഭ ശുശ്രൂഷക്കും പ്രകടനത്തിനും മാത്രമല്ല 
മരണാനന്തര കര്‍മങ്ങള്‍ക്കും, തലചേര്‍ന്നിരുന്നു കരയാനും 
ഏജന്‍സികള്‍ കടതുറന്നിരിപ്പുണ്ട് 
സ്നേഹം ഒരു വിപണനവസ്തുവാണെന്ന് അവനറിയില്ലായിരുന്നു 
അടുത്തവര്‍ക്കും അകന്നവര്‍ക്കുമെല്ലാം വാരിക്കോരിനല്‍കിയപ്പോള്‍ 
കിട്ടിയവരില്‍ ചിലര്‍ പല്ലുയര്‍ത്തി ചിരിക്കുന്നതുകണ്ട് 
പാവം കരുതി 
അത് സ്നേഹത്തിനുള്ള മറുചിരിയാണെന്ന് 
ഇപ്പോള്‍,എല്ലാത്തിനും വിലയിട്ട കാലത്ത് 
ചന്തയുടെ കൌതുകം നോക്കി നടക്കുമ്പോഴാണ് കണ്ടത് 
ഒരമ്മ മകളോട് വില പേശുന്നു
പത്തുമാസത്തെ ഗര്‍ഭത്തിനു വാടകവേണമെന്ന്
മുലപ്പാലിന്റെ വില കിട്ടിയില്ലെന്ന് 
നെഞ്ചിടിപ്പോടെ മുന്നോട്ടു നടന്നപ്പോള്‍ 
ഒരച്ചന്‍ മകന്റെനെരെ തിരിഞ്ഞു കൊട്ടേഷന്‍ നല്‍കുന്നു 

ബന്ധം തുടരാന്‍ രണ്ടു ലക്ഷം ..........
ബന്ധം പിരിയാന്‍ മൂന്നു ലക്ഷം ...........
അല്ഭുതക്കാഴ്ചകള്‍ കണ്ട് തലകറങ്ങിവീണ അവന്‍ കണ്ണുതുറന്നപ്പോള്‍ 
അടുത്തിരുന്നൊരാള്‍ വായിക്കുന്നത് കേട്ടു ......
"ഇന്ന കസീറന്‍ മിനല്‍ ആഹ്ബാരി വര്‍രുഹ്ബാനി ല യൌകുലൂന അമവാലന്നാസി ബില്‍ ബാത്തില്‍ .................... "
ഒളിഞ്ഞിരുന്നു ഊറിച്ചിരിക്കുന്ന പിശാച്ച്‌ 
വേദം വായിക്കുന്നവനെ നോക്കി പല്ല് കടിക്കുന്നത് കണ്ട്
അവന്‍ തിരിഞ്ഞോടി ,
ഭീതിയോടെ 
ചന്തയില്‍ അപ്പോഴും വിലപേശല്‍ നടക്കുന്നുണ്ടായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ