2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഒട്ടകം

                                       
ഒട്ടകം ഒരു പ്രതീകമാണ് 
ചരിത്രത്തെ മറന്നുപോയവര്‍ക്കു നേരെ  
തലയുയര്‍ത്തി നടന്നുവരുന്ന
ഓര്‍മ്മകളുടെ പ്രതീകം.......................

ജലയുദ്ധത്തിനു ആയുധം മൂര്‍ച്ച കൂട്ടുന്നവരെ 
കണ്ണിറുക്കി കളിയാക്കി 
കാലംതെറ്റി വരാനിരിക്കുന്ന 
മക്കള്‍ക്കുവേണ്ടി 
കരുണയുടെ തീര്‍ത്ഥം 
സൂക്ഷിച്ചു കാത്തിരിക്കുന്ന 
സ്നേഹത്തിന്റെ പ്രതീകം......................

ഇന്ധനവിലയുടെ ഗ്രാഫ് നോക്കി 
നടു റോഡിലിരുന്നു വെയിലുകായുന്ന
'പ്രകടനത്തൊഴിലാളി'യോട് ചിരിച്ചു തളര്‍ന്ന 
പഴമയുടെ പ്രതീകം .........................

അഹങ്കാരത്തിന്റെ കൊടുമുടിയേറി 
അന്നം മുടക്കാന്‍ 
കാത്തുകെട്ടി കിടക്കുന്നവര്‍ക്ക് 
സാലിഹ് നബിയുടെ കഥ പറഞ്ഞുകൊടുക്കുന്ന 
അധ്യാപകന്റെ പ്രതീകം ....................

ദുരന്തങ്ങളെ 
കാല്‍ ചുവട്ടിലുറക്കിക്കിടത്തി 
ശാന്തമായുറങ്ങുന്ന
സ്വസ്ഥതയുടെ പ്രതീകം ....................

ഇലയിളകിയാലിറങ്ങിപ്പടക്കൊപ്പോരുക്കി 
വരുന്ന ജനതയ്ക്ക് മുന്നില്‍ 
വിളക്കുമാടം കെട്ടി കാത്തിരുന്നു 
ക്ഷമയോതുന്ന
സാത്വികന്റെ പ്രതീകം ............

മരുഭൂമിയുടെ 
നിറവും മണവുമുള്ള 
ആഭിജാത്യത്തിന്റെ പ്രതീകം...................... 
യുദ്ധക്കെടുതികള്‍ക്കൊടുവില്‍
സമാധാനത്തിന്റെ ദൂതുമായോടുന്ന 
ധീരതയുടെ പ്രതീകം.................

ശാന്തി കാലത്ത് 
അന്നം തേടിപ്പോകുന്ന ബദവിയുടെ 
കൂടാരത്തിന് കാവല്‍കിടക്കുന്ന
സത്യ സന്ധ്തയുടെ പ്രതീകം ......................

അലച്ചിലില്‍ ആനന്ദം കണ്ടെത്തുന്ന 
ഖാഫിലക്ക് കൂട്ടുപോയി
നിയോഗം പൂര്‍ത്തീകരിച്ച സായൂജ്യം തേടുന്ന 
കൂട്ടാളിയുടെ പ്രതീകം.........................

കെട്ട് ഭാണ്ടങ്ങളുടെ ഭാരം പേറി 
നടുവൊടിഞ്ഞ്
നന്ദികേട്‌ പ്രതിഫലം വാങ്ങി 
അറവുശാലയില്‍ മൂര്‍ച്ചകൂട്ടിയ 
കത്തിയില്‍ നിന്നിറ്റിവീഴുന്ന 
ചോര പേക്കിനാവുകണ്ട് 
ഞെട്ടിയുണരുന്ന പ്രവാസിയുടെ 
ദുഃഖത്തിന്റെ പ്രതീകം................

അങ്ങിനെ യങ്ങിനെ 
ഒട്ടകം 
എല്ലാറ്റിന്റെയും പ്രതീകമാവുന്നു 
എല്ലാ പ്രതീകങ്ങളെയും 
വെല്ലുവിളിക്കുന്ന 
തലയെടുപ്പിന്റെ 
പ്രതീകവും ഒട്ടകം തന്നെ ..........

1 അഭിപ്രായം: