2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

സ്വാതന്ത്ര്യം......!!

അര്‍ദ്ധരാത്രി യുടെ
ഭീകരതയില്‍
സ്വപ്നത്തിലെന്നപോലെ
ആരോ പറഞ്ഞ് കേട്ടു
സ്വാതന്ത്ര്യം......!!

രണ്ടു പട്ടികളുടെ
കടി പിടി ശബ്ദങ്ങളില്‍
അക്ഷരം വ്യക്തമായില്ലെങ്കിലും
കുട്ടികളുടെ കൂട്ടക്കരച്ചിലും
പെണ്ണുങ്ങുടെ മാനം പൊത്തിയുള്ള
കൂട്ട പലായനങ്ങളും
വാതോരാതെ സംസാരിച്ചത്
സ്വാതന്ത്ര്യത്തിന്റെ മേന്മകളായിരുന്നു  

അതിരിട്ട ഭൂമിയിലെ
അതിരുവിട്ട അഹങ്കാരങ്ങളും
അടയാളപ്പെടുത്തിയ
സ്വാര്‍ത്ഥ ചിഹ്നങ്ങളുടെ
സ്വാസ്ഥ്യം കെടുത്തുന്ന
ചായക്കൂട്ടുകളും
സംസ്കാരങ്ങളെ
ഇഴയുടച്ചറുത്തെടുത്തപ്പോള്‍
ഊര്‍ന്നിറങ്ങിയ ചോരച്ചാലില്‍
സ്വാതന്ത്ര്യത്തിന്റെ ഗന്ധം
പതഞ്ഞു പൊങ്ങിയിരുന്നു

മുറിച്ചെടുത്ത കാലും
ചൂഴ്ന്നെടുത്ത കാഴ്ചയും
ഒറ്റക്കണ്ണാല്‍ നീതിയളക്കുന്ന
തുരുമ്പു തിന്ന തുലാസുകളും
സ്വാതന്ത്ര്യത്തിന്റെ
അടയാളങ്ങളാണെന്ന്
ദേശഭക്തി ഗാനത്തിന്റെ
ഈശലുകളാണ്
ആവര്‍ത്തിച്ചറിയിച്ചത്

കരിഞ്ഞുണങ്ങിയ വയറിന്മേല്‍
കുത്തകക്കമ്പനിയുടെ നാടയില്‍-
(ചൂണ്ടയില്‍ ഇരയെന്നപോലെ)
കോര്‍ത്തു  തൂക്കിയ
പുത്തന്‍ മൊബൈല്‍ഫോണ്‍
അടച്ചിട്ട റേഷന്‍ കടക്കുള്ളില്‍
ബഹളം കൂട്ടുന്ന എലിശബ്ദം
വറയ്റ്റിയുള്ള റിംഗ്ടോണ്‍ ആക്കി
വിശപ്പിന്റെ ഗീതം
"വക്കാ വക്കാ" പാടിയപ്പോഴും
പറഞ്ഞു കേട്ടത്
സ്വാതന്ത്ര്യം എന്നായിരുന്നു

ആദിവാസിപ്പുരകളിലെ
വെളു വെളുത്ത കുഞ്ഞുങ്ങളും
അഭയ കേന്ദ്രങ്ങളിലെ
അച്ഛനില്ലാ പൈതങ്ങളും
വരും തലമുറക്കുള്ള
സ്വസ്ഥ സ്വാതന്ത്ര്യത്തിന്റെ
വരണ്ട മേച്ചില്‍ പുറങ്ങളാണെന്നത്
ഭരണത്തിന്റെ ഘടനയറിയുന്നവര്‍ക്ക്
കാണാന്‍ സ്വാതന്ത്ര്യമുള്ള സ്വപ്നമാണ്

അര്‍ദ്ധ രാത്രിയില്‍
വീതം വെച്ചെടുത്ത സ്വാതന്ത്ര്യം
സ്വാതന്ത്ര്യത്തിനും  അതിര്
നിര്‍ണയിക്കാനായിരുന്നെന്നു
ചുങ്കപ്പാതകളുടെ
ദേശീയ ഗാനം കേട്ടാണ്
ഉറക്കപ്പിച്ചിലും ഞാനറിഞ്ഞത്.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ