2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ചൂണ്ട (2)


ചൂണ്ട
ഒരു കുരുക്കാണെങ്കിലും
വീശു വലയെക്കാളും
ഒറ്റാലിനെ ക്കാളും
സുരക്ഷിതമാണത്

ഒറ്റാലില്‍ കുടുങ്ങിയാല്‍
ജീവനൊന്നൊടുങ്ങി ക്കിട്ടാന്‍
ഓടിത്തളരണം
എന്നാലും പറയും
അവളൊന്നൊച്ച വെച്ചില്ലെന്നു ...

വീശുവല യുടെ കണ്ണികള്‍
കഴുത്തിലമര്‍ന്ന്
മുന്നോട്ടും പിന്നോട്ടു മല്ലാതെ
ശ്വാസം നിലച്ചു പിടയുമ്പോഴും
വലക്കണ്ണി പൊട്ടിച്ചില്ലെന്ന
കുത്തുവാക്ക് കേള്‍ക്കും ...

ചൂണ്ടയാവുമ്പോള്‍
ആരെയും ഒറ്റു കൊടുക്കാതെ
കൂട്ടിക്കൊടുത്തെന്ന പേരു കേള്‍ക്കാതെ
ആസക്തിയുടെ ഇരയെന്നും
ഒളിച്ചോട്ടത്തിന്റെ വഴിയെന്നും
മാറി മാറി പ്പറഞ്ഞ്
ഇരയാവുന്നതിന്റെ
ശരി തെറ്റുകളറിയാം
ഇരയുടെ രുചിയെന്തെന്നു
സ്വയമൊന്നു ബോധ്യപ്പെടാം

ചൂണ്ടയിലെ ഇര രുചിച്ച്
തൂങ്ങിയും തുള്ളിയും
ഓരോ പിടച്ചിലിലും
ഒറ്റ  കുതിപ്പിനും ......
ഇര യായവരെ
അനുഭവിച്ചറിയാം 
ഇര യാവാത്തവര്‍ക്ക്  
അപകട മറിയിക്കാം
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ