2010, ജൂലൈ 7, ബുധനാഴ്‌ച

കാല്‍പന്തുകളി

കാല്‍ പന്ത് കളിയെ പ്പറ്റി എനിക്കെല്ലാമറിയാം
കാലും വലയും കെട്ടി ചുറ്റും കുമ്മായം വിതറി 
വിസിലൂതി പിന്നെ കൂട്ടത്തല്ലില്‍ തീരുന്നതുവരെ 
എല്ലാറ്റിലും ഞാന്‍ മിടുക്കനായിരുന്നു
എന്റെ അപ്പനപ്പൂപ്പന്മാരെല്ലാം
കാല്‍പന്തു കളിയില്‍ അതി വിദഗ്ദരാണ്
എന്നെ ഗര്‍ഭം ധരിച്ചപ്പോള്‍തന്നെ
ഉമ്മ എന്റെ കളി വയറില്‍ തൊട്ടറിഞ്ഞിരുന്നെന്ന്
ഇപ്പോഴും പറയാറുണ്ട്‌
എന്റെ വല്ല്യുപ്പ
പണ്ട് സിംഗപ്പൂരില്‍ പോയത് പന്ത് കളിക്കാനായിരുന്നെന്നു
എല്ലാവര്‍ക്കുമറിയാം
റബ്ബര്‍ ടാപ്പിങ്ങിനായിരുന്നെന്നു അസൂയാലുക്കള്‍ പറയുന്നതാണ്
പന്തുണ്ടാക്കാന്‍ വേണ്ടി ചിലപ്പോള്‍
റബ്ബര്‍ ടാപ്പിങ്ങും ചെയ്തിട്ടുണ്ടാവും
വല്ല്യുപ്പയുടെ ഉപ്പയും പിന്നെ അവരുടെ ഉപ്പയും വിദഗ്ദര്‍ തന്നെ
അവരൊക്കെ 'പടാളി' എന്നുപറഞ്ഞതും ഒരു പക്ഷെ
പന്തുകളിയെപ്പറ്റിയാവാം
എല്ലാം "ഒരു കളി "യാണല്ലോ
ചെറുപ്പത്തില്‍ എന്നും എന്റെ സ്വപ്നം
ഉരുണ്ട വലിയ പന്തായിരുന്നു
എന്റെ അധ്യാപകര്‍ ക്കും ഇത് നന്നായറിയാമായിരുന്നതുകൊണ്ട്
എല്ലാ പരീക്ഷയിലും ഉത്തരക്കടലാസു തരുമ്പോള്‍
ഒരു പന്തിന്റെ ചിത്രം വരച്ചു തരും
അവര്‍ക്കും പന്തിനോട് ആരാധനയായിരുന്നു
നൂറ് എന്നാ അക്കം താഴെയും എനിക്കിഷ്ടപ്പെട്ട പന്ത്‌
മുകളിലുമായിട്ടാണ് ചിത്രംവര
അന്നേ എനിക്ക് മനസ്സിലായി ,
പന്ത് എപ്പോഴും നൂറിന്റെ മീതെയായിരിക്കുമെന്നു
ഒരിക്കല്‍ ഒരു ടീച്ചര്‍ മാത്രം എന്റെവീട്ടില്‍ പോയി പന്തിനെ അവഹേളിച്ചു സംസാരിച്ചു
അവരെനിക്കു തന്നത് പന്തല്ല എന്നും അതിനു പൂജ്യം എന്നാണു പറയുക തുടങ്ങി
ഇതുവരെ ആരും പറയാത്ത കഥകള്‍ ...........
പെണ്ണുങ്ങള്‍ക്ക്‌ പന്തിനോടുള്ള വിരോധം ചരിത്രാതീതകാലം മുതല്‍ക്കുള്ളതാണെന്ന്
അന്നെനിക്കറിയില്ലായിരുന്നു
എന്തായാലും കണക്കു ടീച്ചര്‍ കളവുപറഞ്ഞതാണെന്ന സത്യം ഉമ്മ തിരിച്ചറിഞ്ഞില്ല എന്ന്
എനിക്ക് മനസ്സിലായത്‌ അന്ന് രാത്രിയാണ്
വടിയുടെ ശീല്‍ക്കാരം റഫറിയുടെ വിസിലായും
അടിയുടെ ശബ്ദം പെനാല്‍ട്ടികിക്കിന്റെ ശബ്ദമായുംഎനിക്ക് തോന്നി
സന്തോഷത്തിന്റെ അശ്രുകണങ്ങള്‍
എന്റെ വിരിപ്പിനെ നനചെങ്കിലും ആ വിരിപ്പ്
ഒരു നിധിപോലെ ഇപ്പോഴും എന്റെ തലയിണക്കുള്ളിലുണ്ട്
പിന്നീടെന്നും പന്തിനു പകരം
പന്തുപോലുള്ള അവരുടെ മുഖവും
പന്തുരുളുന്നതുപോലുള്ള ആ നടപ്പും സ്വപ്നത്തില്‍ വന്നെന്റെ ഉറക്കം കെടുത്തി
ഒരിക്കല്‍ അവരെന്നോട് പറയുകയാണ്‌
"ഇങ്ങിനെ പന്തും പിടിച്ചുനടന്നാല്‍
നീ പത്തിലെത്തുമ്പോള്‍ പന്ത് പൊട്ടുമ്പോലെ പൊട്ടും"
പെണ്ണുങ്ങള്‍ക്ക്‌ പന്തുകളിക്കാന്‍ കഴിയാത്തതിന്റെ കുശുമ്പ്
അവരെന്നോട് തീര്‍ക്കുകയായിരുന്നു
ഇങ്ങിനെ പന്തില്‍ പൊതിഞ്ഞ എന്റെ കഥകള്‍ ഏറെയുണ്ട്
എല്ലാം ചേര്‍ത്ത് ഒരിക്കല്‍
എന്റെ മകനോട്‌ പറഞ്ഞപ്പോള്‍ അവന്റെ ചോദ്യം
"ഈ കാല്‍പന്തുകളി എന്നാല്‍ എന്താ................?"
ട്ടും..........
അതുവരെ സൂക്ഷിച്ച എന്റെ പന്ത് അന്നുപൊട്ടി
ഒടുവില്‍ ടീവി തുറന്നു മെസ്സിയുടെ കളി കാണിച്ചപ്പോള്‍ അവനെന്നെയൊരു നോട്ടം
ഇത് ഫുട്ബാള്‍ അല്ലെ .............?
ട്ടും .........
എന്റെ ഹാര്‍ട്ട്‌ ആണ് അപ്പോള്‍ പൊട്ടിയത്
അല്ലെങ്കിലും അവനെ പറഞ്ഞിട്ട് കാര്യമില്ല
ഒരിക്കല്‍പോലും നൂറില്‍ ഒരു " പന്ത് " വാങ്ങാത്തവന്
പന്തിനെ ക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത ....?!
അവന്‍ ഫുട്ബോള്‍ എന്ന് തന്നെ പറയട്ടെ ............

2 അഭിപ്രായങ്ങൾ: