2018, ഫെബ്രുവരി 14, ബുധനാഴ്‌ച

മഴ

മഴ
ജനിക്കുന്നത്
കനിവുണങ്ങിയ പുഴകളെ നോക്കി
മരങ്ങളുറക്കെ കരഞ്ഞിട്ടാവാം

മഴ
കരയുന്നതോ
വിത്തുകളുടെ വീർപ്പുമുട്ടുന്ന
പേറ്റുനോവോർത്തിട്ടും....

മഴ
ചിരിക്കുന്നുണ്ട്
ഇലകളുടെ നൃത്തം നുകർന്നും നുണഞ്ഞും

മഴ
വിതക്കുന്നതും
പിന്നെ കൊയ്യുന്നതും
മണ്ണാൽ കുളിപ്പിച്ച കവിതകൾ മാത്രം

മഴ
ചൊല്ലുന്നു നമ്മോട്
മരങ്ങളെ പോറ്റുവിൻ
മഴുവാൽ കൊല്ലാതെയെന്ന്

മഴ
മരിക്കു മിനിയൊരിക്കൽ
മനുഷ്യനൂട്ടിയുറപ്പിച്ച
മഴുവിന്റെ വായ്തല കൊണ്ട
മുറിവുണങ്ങാത്ത മരണം....