2011, നവംബർ 11, വെള്ളിയാഴ്‌ച

ഭാരം.........

അസ്തമയ സൂര്യന്‍  
ചുകപ്പു രാശികള്‍ കൊണ്ട് ചിത്രം വരച്ച മരുക്കാട്ടിലൂടെ 
ഭാരം പേറി നീങ്ങിയ വാഹനത്തിന്റെ 
ഇന്ധനം ചോര്‍ന്നു പോകുന്നത് അവരറിഞ്ഞില്ല 


ഭാര വാഹിനിയുടെ ആദിരൂപം 
കനല്‍ ചൂടിനു മീതെ മുക്കാലിയില്‍ ഊഞ്ഞാലാടുന്നത്
സദ്യക്ക് കൊഴുപ്പേകാനാണെന്ന്
ഒട്ടക ക്കുഞ്ഞിനറിയില്ലല്ലോ 


ചോര്‍ന്ന ഇന്ധനം 
മരുപ്പാതയില്‍ വരച്ച ചിത്രം നോക്കി 
ഭാരങ്ങള്‍ വഴിയിലെവിടെയോ വീണുടഞ്ഞു 
ഉടഞ്ഞ ചില്ലുകള്‍ മൂര്‍ച്ചകൂട്ടി 
ഭാരവണ്ടിയുടെ കരളു മാന്തുമ്പോള്‍ 
നിറം മാറുന്നതും അവരറിഞ്ഞില്ല 


കനലില്‍ വേവിച്ച് രുചികൂട്ടിയ 
ഒട്ടകത്തിന്റെ മാംസം കടിച്ചുകീറുമ്പോഴും
ഇന്നലെ പാല്‍ കറന്നൊരകിടാണിതെന്നു 
ഇന്ന് കൂട്ടുകൂടിയവര്‍ക്കു മറിയില്ലല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ