2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

പെരുന്നാള്‍ കനല്‍ .....



പെരുന്നാള്‍ കനല്‍
-----------------------------
പെരുന്നാള്‍ പുലര്‍ച്ചയില്‍
ഉമ്മയൊരുക്കിയ ബിരിയാണി
പ്രവാസത്തിന്റെ വര്‍ഷം
പതിനെട്ടു പിന്നിട്ടിട്ടും
മനസ്സിലിപ്പോഴും
മണമൊടുങ്ങാതെ
ബാക്കിയുണ്ട്.....

വഴിതെറ്റാതെ തേടിവരുന്ന
എല്ലാ പെരുന്നാള്‍ രാവിലും
ഉമ്മയുടെ ബിരിയാണി ചെമ്പ്
ഖല്‍ബില്‍ തീ കൂട്ടും
നെഞ്ചിനു മുകളില്‍
കനവുകള്‍ കനല്‍ നിരത്തി
'ദമ്മി'ട്ട് അമര്ത്തി വെക്കും

വേവും തോറും
കണ്ണുകള്‍ തിളച്ചു മറിയും
കനലുകള്‍ കത്തി തിളങ്ങും
ഒടുവില്‍
വെന്തൂ ന്ന് അറിയിച്ച്
ഉള്ളിലമര്‍ത്തിയ  തേങ്ങല്‍
ഒരു വിസിലായി പുറത്തു വരും

ഓര്‍മ്മകള്‍ നുണഞ്ഞ്
'ദമ്മ്' പൊട്ടിക്കുമ്പോള്‍
ഒഴിഞ്ഞ വയറിനെ
നനഞ്ഞ കണ്ണുകള്‍ കുളിപ്പിച്ചിരിക്കും
കരിഞ്ഞ കനലുകള്‍ പോലെ
കാത്തു വെച്ച ഓർമ്മകള്‍
അടുത്ത പെരുന്നാളിന്റെ
തിയതി തിരയും  

2013 ജൂലൈ 29, തിങ്കളാഴ്‌ച

വിട ........................!!


വിട ചൊല്ലുമ്പോഴും
ചുണ്ടിലൊരു മന്ദഹാസം
വിരിയുന്നുണ്ട്
വരും കാല സായാഹ്നങ്ങളില്‍
പുണ്ണ്യങ്ങളുടെ സുഗന്ധം നുണഞ്ഞ്
നാളുകള്‍ 'ഓര്‍ത്ത്‌' പറയാന്‍
മധുരം കാത്തു കിടക്കാമല്ലൊ...

പടിയിറങ്ങുമ്പോഴും
ഉള്ളിലൊരു കുളിരു പെയ്യുന്നുണ്ട്
കനിവു പൂക്കുന്ന നന്മകള്‍ നോക്കി
കിനിവൊടുങ്ങാത്ത  കണ്ണുകള്‍ തുടച്ച്
കാവലിരുന്ന രാവുകള്‍ ഓര്‍ത്ത്‌
വരും മാസങ്ങളില്‍
കിനാവ്‌ കാണാമല്ലോ.....

അടര്‍ന്നു വീഴുമ്പോഴും
കണ്ണിനൊരു തിളക്കമുണ്ട്
ആസക്തിയുടെ മുന യൊടിച്ച്
ആര്ത്തി പൂണ്ട വായ്ക്കും വയറിനും
അച്ചടക്കത്തിന്റെ പാഠം നല്കിയല്ലോ....

പടിയിറക്കപ്പെട്ട ധര്‍മങ്ങള്‍ക്ക്
പുതു ജീവന നല്കാനെങ്കിലും
പൂട്ടിവെച്ച ഭണ്ടാരങ്ങളുടെ
പൂപ്പലും പൊടിയും
പാറ്റി ക്കളഞ്ഞല്ലോ  ..

പൊതിഞ്ഞു വെച്ച ഗ്രന്ഥങ്ങളെടുത്ത്
പൂമുഖത്തും പള്ളിയിലും
പകിട്ടും പത്രാസും നല്കി
പുറം ലോകം കാണിച്ചല്ലോ

വിരുന്ന് തീരുമ്പോഴും
ഉള്ളിലൊരു ചിരി മുഴങ്ങുന്നുണ്ട്
പാതി വഴിയില്‍ മറന്നുപോയോര്‍ക്കും
പെരു വഴിയില്‍ പിഴച്ചു പോയോര്‍ക്കും
വഴിയും വിളക്കും നല്കി
വിട ചൊല്ലാമല്ലോ....

വിശുദ്ധി പുല്‍കിയ നാടും നഗരവും
ഉണര്ന്നിരുന്ന രാവിനെ കുറിച്ച്
 നാഥന്റെ മുമ്പില്‍ ചെന്ന്‌
ഒത്തിരി പറയാനുണ്ട്
നന്മയുടെ നാളുകള്‍
ഓര്‍ത്തോര്‍ത്തു ചൊല്ലാനുണ്ട്
വിടര്‍ത്തി ത്തുറന്ന
'റയ്യാന്‍' വാതില്‍ക്കലെത്തി
 സ്വാഗതം പാടാനുണ്ട് .... 

2013 ജൂൺ 25, ചൊവ്വാഴ്ച

ചെയിഞ്ച് തേടുന്നവർക്ക് വേണ്ടി ..


ചായം ചുവപ്പതിരിട്ട 
ചിരി യുണരുമ്പോഴും 
ചുണ്ടുകള്‍ക്കു പിറകിലൊരു 
ചതി യുറങ്ങുന്നുണ്ട്

ചന്തം നോക്കി
ചേല യുരിയുമ്പോഴും
ചങ്കിലൊരു
ചിലന്തി വല നെയ്യുന്നുണ്ട്

ചുണ്ടില്‍ തിളയ്ക്കുന്ന
ചൂട് പരതുമ്പോഴും
ചുവരില്‍ ചക്രം തിരയുന്ന
ചിമ്മാത്ത മിഴികളുണ്ട്

(ലേബല്‍ :- ചിലതൊക്കെ കണ്ടിട്ടും ചിന്ത യില്ലാതെ ചെയിഞ്ച് തേടുന്നവർക്ക് വേണ്ടി ..)

2013 മേയ് 27, തിങ്കളാഴ്‌ച

ഉമ്മ......



ഞാന്‍  ചോദിച്ചത്
ഒരുമ്മ യാണ്  - പക്ഷെ
അതിനിടയിലെപ്പഴോ
അവളെന്റെ
കുഞ്ഞുങ്ങളുടെ മുഴുവന്‍
'ഉമ്മ' യായി 

2013 ജനുവരി 29, ചൊവ്വാഴ്ച

ആപ്പിള്‍


ആദാമിനെന്ന പോലെ
'ആപ്പിളി'ല്‍ ഇന്നും 
ആര്‍ത്തിയുടെ അടയാളവും 
അതിരു ലംഘനത്തിന്റെ 
അറിയിപ്പുമുണ്ട്‌ ......

പരിധിക്കപ്പുറം 
പ്രലോഭനങ്ങളുടെ 
പൊയ് മുഖം മറച്ച് 
പൊരി വെയില് ചൂണ്ടി 
പെരുമഴ യെന്നെഴുതുന്ന 
പുത്തന്‍ പഠിപ്പിന്റെ 
പര്‍ണ്ണശാല യുണ്ട് ....

കാഴ്ച്ചകള്‍ക്കിപ്പുറം 
കാപട്യങ്ങളുടെ 
കന്മതിലുയര്‍ത്തി 
കണ്ണുണങ്ങാത്ത കാഴ്ചകളെ 
കുത്തിയുടക്കുന്ന 
കൂര്‍പ്പും കൂരമ്പുമുണ്ട് ...

ചൂണ്ടാണി വിരലില്‍ 
ചൂണ്ടകള്‍ കെട്ടി 
ചെറുമീനിനെ ഇരകോര്‍ത്തൊരുക്കി 
ചുഴി യാഴങ്ങളില്‍ 
ചെന്ചായം തിരയുന്ന 
ചുവന്ന കണ്ണുകളുണ്ട് .....

കടും കാഴ്ചകളുടെ 
കൗതുകപ്പുര കണ്ട് 
കൂരിരുട്ടിലൊളിച്ച 
കറുത്ത കുമിളകള്‍ 
കൂട്ടാക്കി ത്തുഴയുന്ന 
കുഞ്ഞു ബാല്യങ്ങളുണ്ട് ..

ചരിത്ര ശേഷിപ്പിന്‍റെ
ചിതല്‍ പുറ്റിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന അധിനിവേശം
ചന്തമുള്ളോരാപ്പിള്‍
ചൂണ്ടയില്‍ കൊരുത്ത്
ചിന്തയില്‍ നഞ്ഞൊഴിക്കുന്നുണ്ട് ...

2013 ജനുവരി 27, ഞായറാഴ്‌ച

ബശ്ശാര്‍ അസദിനോട് രണ്ട് വാക്ക്...


രുധിര മൊഴുകുന്ന
തെരുവിലൂടെ
രഥമുരുട്ടി പ്പായുന്ന
ബശ്ശാര്‍ അസദിനോട്
രണ്ടു വാക്ക്...

രാജ്യവും
രാജാധിപത്യവും
രണ്ടാനമ്മ നല്‍കിയ
'രഹസ്യ തീറെന്ന'പോലെ
രാത്രി ചാരന്മാര്‍
രചിക്കുന്ന കഥകള്‍ കേട്ട്
രണ ഭൂമിയിലെ
രോദനങ്ങള്‍ ചവിട്ടിയരച്ച്
ഇളം ചോരയുടെ
മണം കുടിച്ചു  നീ
കുതിച്ചു പായുന്നത്
ഉടലും തലയും
രണ്ടായിപ്പിരിയുന്ന
സ്വാച്ചാധിപതികളുടെ
ഇരുണ്ട പാതയിലേക്ക്
തന്നെയാണ്,

പൈതങ്ങളെ
പച്ചയില്‍ ചുട്ടൊടുക്കിയും
പെണ്ണുങ്ങളെ നിന്ദ്യരാക്കി
പട്ടിണിയില്‍ മരിക്കാന്‍ വിട്ടും
പോരാട്ടങ്ങളെ
പൊളിച്ചടുക്കാമെന്നത്
ഫറോവയോടെന്ന പോലെ നിന്നോടും
നിന്റെ ചാരന്മാര്‍ പറഞ്ഞത്
കള്ളമാണെന്നറിയിക്കുന്ന
ഒരു ദൂത്
ഹലബി*ന്‍റെ തെരുവില്‍
തിളയ്ക്കുന്ന ചോരയിലൂടെ
ദിമശ്ഖി*ലെ
നീ കുളിര് കായുന്ന
ഒളിത്താവളം നോക്കി
കുതിച്ചു പായുന്നുണ്ട്‌

ഫറോവ മുങ്ങിയ വഴിയും
ഖദ്ദാഫി വീണ കുഴിയും
മുബാറക്കിന്റെ മുള്‍ കിരീടവും
നിനക്ക് മതിയാവില്ല,
നിന്റെ തൊണ്ടയില്‍
നിനക്കായി കൊരുത്തു വെച്ച
അണ മുറിയാത്ത രോദനങ്ങള്‍
പൊട്ടിയൊഴുകുന്നതും കാത്ത്
അണയാത്തൊരഗ്നികുണ്ഡം
അടുത്ത പ്രഭാതത്തില്‍
നിന്നെക്കാത്തെരിയുന്നുണ്ട് 

2013 ജനുവരി 26, ശനിയാഴ്‌ച

പച്ചപ്പ്‌


പെരുവഴിയില്‍ 
പടര്‍ന്ന് 
പൊരിവെയിലില്‍ 
പന്തലൊരുക്കിയ 
പേരാലിനെ 
പറിച്ചെടുത്ത് 
പുതുപണത്തിന്റെ 
പെരുമ പറയാന്‍ 
പൂമുഖത്തില്‍ 
പ്രതിഷ്ടിച്ച 
പ്ലാസ്റ്റിക് പാത്രത്തില്‍ 
പൂട്ടിയിടുമ്പോഴും 
പറഞ്ഞത് 
പ്രകൃതിയുടെ 
പച്ചപ്പിനെ 
പടരാനനുവദിക്കുക 
(എന്നായിരുന്നു)

2013 ജനുവരി 22, ചൊവ്വാഴ്ച

ത്വാഹാ റസൂല്‍


ത്വാഹാ റസൂലിനെ 
കണ്‍ പാര്‍ക്കുവാന്‍ 
ത്വാഹിറിന്‍ ജീവിതം 
തേടുന്നു ഞാന്‍ ...

ഉമ്മുല്‍ ഖുറായിലെ 
ണ്‍ കൂരയില്‍ 
ഉമ്മത്തിനോമന 
ത്തിങ്കളായോര്‍ ...

കണ്ണിലും കാതിലും 
കുളിരേകുവാന്‍ 
ത്വാഹ തന്‍ തോഴനായ്‌ 
തഴുകുന്നു ഞാന്‍ ...

പുണ്യമാം ജീവിതം 
പെയ്തുര്‍ത്തീ
യഥ് രിബിന്‍ 
യശ്ശസ്സുയര്‍ത്തിയോവര്‍... 

കാരുണ്യ ദ്വീപിലെ 
മുത്തൊളിയേ 
മുത്തുവാന്‍ മോഹിക്കും 
മന മാണു ഞാന്‍ ...

ജീവിത യാത്രയില്‍ 
നേര്‍ വഴിക്കായ് 
ജീവന്റെ ജീവനെ 
വഴിയാക്കി ഞാന്‍...

ആത്മ ഹര്‍ഷത്തിന്റെ 
അറിവാണവര്‍ 
ആശകള്‍ വിരിയുന്ന 
വഴിയാണവര്‍ ...

ആബാല വൃദ്ധര്‍ക്കും 
അലിവായവര്‍ 
അണുവോള മന്യായം 
അരുളാത്തവര്‍ ...

മാനവര്‍ക്കെല്ലാം 
മോക്ഷമേകാന്‍ 
മേലാളനായുള്ള 
നാഥന്‍ കൃപാ ...

പുണരട്ടെ ഞാനെന്‍റെ 
തിരു ദൂതരെ 
പുണ്യമായ് പെയ്തൊരു 
പൂമേനിയേ ...

പാടട്ടെ ഞാനെന്റെ 
പൂങ്കരളാം 
പുണ്യ രസൂലിന്റെ 
പോരിശകള്‍ .......

2013 ജനുവരി 21, തിങ്കളാഴ്‌ച

പരാന്ന ഭോജികള്‍

                                               ( പ്രവാസിവര്‍ത്തമാനത്തില്‍ 3-10-2013ന് പ്രസിദ്ധീകരിച്ചത്  


ആലസ്യം നടിച്ച് 
അനങ്ങാതിരിക്കും 
അവസരം പാര്‍ത്ത് 
അടിവേരറുക്കും 

ഇരയെ തിരഞ്ഞ് 
ഇറയാടാറില്ല 
ഇഷ്ടം പകര്‍ന്നവരെ 
ഇരയാക്കി മാറ്റും 

ഊറ്റം നടിക്കാതെ 
ഉയരം മറക്കും 
ഊറ്റിക്കുടിക്കാന്‍ 
ഉറക്കം നടിക്കും 

കണ്ണീരൊലിപ്പിച്ച് 
കള്ളം ചമക്കും 
കാപട്യ മോതി 
കരണ്ടു തിന്നും 

വട്ടം പിടിച്ച് 
വാരി പ്പുതക്കും 
വേദന നല്‍കാതെ 
വേരുകള്‍ താഴ്ത്തും 

മകനെന്നു കരുതി നീ 
മടിത്തട്ടൊരുക്കി 
മധുരം നിലച്ചതും 
മരണം വിധിച്ചവന്‍ 

2013 ജനുവരി 20, ഞായറാഴ്‌ച

യുദ്ധം കിനാവ് കാണുന്നവര്‍


പകിട്ടു പോയ 
ചെങ്കോലും കിരീടവും 
കൈവിട്ടു പോവാതിരിക്കാന്‍ 
പടയാളിയുടെ ചോര 
പണയം പറഞ്ഞും 
പകിട കളിക്കാന്‍ 
പ്രജാപതി 
കളമൊരുക്കുന്നുണ്ട് 

ഇളകാന്‍ തുടങ്ങിയ 
ഇരിപ്പിടങ്ങളില്‍ 
ദേശഭക്തിയുടെ ലേബല്‍ പതിച്ച 
ലാടതൈലം പൂശി 
കരുത്തു കൂട്ടാമെന്ന് 
പാണന്മാര്‍ പാടി നടക്കുന്നത് 
പ്രജാപതിയും 
മൂളിപ്പാടുന്നുണ്ട് 

ഇരമ്പിത്തുടങ്ങിയ 
ഇളം മനസ്സുകളെ 
ഇരുട്ടില്‍ തളച്ചിടാന്‍ 
അതിര്‍ത്തിയിലൊരുക്കുന്ന 
പകിട കളികള്‍ക്കാവുമെന്ന് 
ആയുധപ്പുരയിലെ 
കാവല്‍ക്കാരും കരാറുകാരും  
കട്ടായം കുറുകുന്നുണ്ട് 

നടുറോട്ടില്‍ 
ഉടഞ്ഞുപോയ മാനത്തെയും 
വിശന്ന അടുക്കളയിലെ 
ഒഴിഞ്ഞ കലങ്ങലെയും 
ഓര്‍മകളില്‍ നിന്നകറ്റാന്‍ 
പകിട കളിയുടെ 
പകിട്ടും പത്രാസും 
പുരപ്പുറം കയറി കൂവാമെന്ന് 
വിദൂഷകര്‍ വിളിച്ചു പറയുന്നുണ്ട് 
------------------------------------------------------------- 
വിതുമ്പുന്ന കുഞ്ഞുങ്ങളുടെ 
തലച്ചോറില്‍ തീയിട്ട് 
ബോധം കെടുത്തണമെന്ന് 
'ബോസി'ന്റെ തിട്ടൂരമുണ്ട് 

2013 ജനുവരി 11, വെള്ളിയാഴ്‌ച

കൂട്ടിക്കൊടുപ്പിന്റെ എക്കണോമിക്സ്


യാങ്കിയുടെ കുശിനിയില്‍
കൂട്ടുകറിവെക്കാനും
കൂട്ടിക്കൊടുപ്പിന്റെ
എക്കണോമിക്സ് പഠിക്കാനും
കാത്തുകെട്ടിക്കിടന്നവന്‍
മൃഷ്ടാന്നം ഉണ്ടുറങ്ങിയപ്പോള്‍
കണ്ട സ്വപ്നമായിരുന്നു
'ഉടമയുടെ പ്രീതി
അടിമയുടെ വിനയത്തിലാണെ'ന്നത്

അടുപ്പുകള്‍ പിഴുതെറിഞ്ഞും
വിളകളില്‍ വിഷം തെളിച്ചും
വിടരുന്ന പൂക്കളുടെ
സുഗന്ധം ചോര്‍ത്തിയും
ഉടമയുടെ ഉദ്ധാരണം കൂട്ടാമെന്ന്
കുശിനിപ്പുരയിലെ
വെളുത്ത പെണ്ണുങ്ങളാണ്
അടിമയെ പഠിപ്പിച്ചത്

വേവിക്കാന്‍ അരിയുള്ളവന്റെ
അടുപ്പില്‍ മൂത്ര മൊഴിച്ചും
വെന്ത വയറുള്ളവന്റെ
ഒടിഞ്ഞ മുതുകില്‍ കപ്പം ചുമത്തിയും
ഉടമയുടെ സായാഹ്നങ്ങളില്‍
ഉന്മാദം തീര്‍ക്കാമെന്ന്
കൂട്ടിക്കൊടുപ്പിന്റെ ഗുരുക്കന്മാര്‍
തടിച്ച ഗ്രന്ഥങ്ങളുദ്ധരിച്ചത്
അടിമയുടെ അറിവാണിന്നും ....

വണിക്കുകളുടെ വിജയത്തിലാണ്
ദേശത്തിന്റെ നിര്‍വൃതിയെന്നും
വിശക്കുന്നവന്റെ വിലാപത്തിലാണ്
ഉടമയുടെ രതിമൂര്‍ച്ചയെന്നും
പാണ്ടികശാലയില്‍ കണക്കു പറയുന്ന
സായിപ്പിന് കൂട്ടിരിക്കാന്‍ വന്ന
ഗണികകള്‍ അടക്കം പറയുന്നത്
അടിമ ഒളിഞ്ഞു കേട്ടിരിക്കുന്നു

അതിര് തര്‍ക്കങ്ങളില്‍ കുറുക്കനായും
അങ്ങാടി വാണിഭാങ്ങളില്‍
അപ്പൂപ്പനെ തെറിവിളിച്ച ചെന്നായ യായും
ഗുണ്ട കളിച്ച യജമാനന്റെ
ഒഴിഞ്ഞ പത്തായത്തില്‍
വിത്തും വിത്തവുമെത്തിക്കാന്‍
വിലകൂട്ടാതെ കഴിയില്ലെന്ന്
അടിമ അറിഞ്ഞു വെച്ചിരിക്കുന്നു..
നിന്റെ നിറഞ്ഞ കണ്ണുകള്‍ക്കും
ഒഴിഞ്ഞ അടുപ്പുകള്‍ക്കും
അതൊട്ടു മറിയില്ലെങ്കിലും

2013 ജനുവരി 6, ഞായറാഴ്‌ച

ഇടറാത്ത വാക്കുകള്‍ തേടി .......

നിറഞ്ഞ കണ്ണുകള്‍
പെറുക്കി ക്കൂട്ടിയ
മുറിവേറ്റ വാക്കുകള്‍
ചേര്‍ത്തു വെച്ച്
മുന തേഞ്ഞ പെന്‍സില്‍
പകര്‍ത്തുന്നതാണ്
പകിട്ടില്ലാത്ത ഈ വാക്കുകള്‍

വരണ്ടുപോയ
എന്റെ കുളങ്ങളില്‍
ഉണങ്ങിത്തുടങ്ങിയ
തവളകളുടെ ജഡങ്ങളില്‍
നാളേക്കുള്ള
കരുതിവെപ്പ് കാണുന്ന
ഉറുമ്പുകളെ പോലെ
ഞാനെന്റെ വാക്കുകള്‍
പെറുക്കിയെടുക്കുന്നു,

കൊള്ളയടിക്കപ്പെട്ട
വിളനിലങ്ങള്‍ നോക്കി
നെടുവീര്‍പ്പിടുന്ന
കര്‍ഷകന് വേണ്ടി
മടിക്കുത്തില്‍ ബാക്കിയായ
വിത്തെടുത്തു കഞ്ഞി വെക്കുന്ന
പെണ്ണിനെ പോലെ
ഞാനെന്റെ ചിതലെടുത്ത
പുസ്തകപ്പുര നോക്കി
വാക്കുകളുടെ വിത്തും
വേവിചെടുക്കുന്നു,

നാട്ടു വെളിച്ചത്തില്‍
മാന ഭംഗം ചെയ്യപ്പെട്ട
കുഞ്ഞു കുട്ടികളെ പോലെ
തൊണ്ട വരണ്ടിരിക്കാതെ
ചവിട്ടാന്‍ കാലുയര്‍ത്തുന്നവന്റെ
ചുവന്ന മുഖത്തേക്കെറിയാന്‍
ഞാനെന്റെ വാക്കുകളെ
കനല്‍ ചൂളയില്‍
വേവിചെടുക്കുന്നു

വിലകെട്ട വാക്കുരക്കുന്ന
വില്‍ക്കപ്പെട്ട അധികാരികളാല്‍
ചതിയേറ്റ ഭൂമിയുടെ
ചങ്കില്‍ പുകയുന്ന
വാക്കെന്തെന്നറിയാന്‍
പകിട്ടില്ലാത്ത
ഈ വാക്കുകളോട്
നാക്കറുക്കപ്പെട്ടവരുടെ
വാക്കുകള്‍ ചേര്‍ത്തുരച്ച്
ഞാനെന്റെ വാക്കുകളില്‍
തീ പടര്‍ത്തുന്നു

ഇന്നിപ്പോള്‍
കരിഞ്ഞുണങ്ങിയ
വൃക്ഷങ്ങളില്‍ നിന്നും
കരിയിലത്തണല് പോലും
കൊഴിയില്ലെന്നറിഞ്ഞ്
കൂടൊഴിഞ്ഞു പോകുന്ന
കുരുവികളെ പോലെ
ഇടാറാത്ത വാക്കുകള്‍ തേടി
അതിരില്ലാത്ത ദേശാടനത്തിന്റെ
വിശുദ്ധ വഴികള്‍ തേടി
ഞാന്‍ അലയുന്നു....

2013 ജനുവരി 5, ശനിയാഴ്‌ച

ആഡം ലാന്‍സ ആരായിരുന്നു....?!!

'ആഡം ലാന്‍സ .....
ആഡംബരത്തിന്റെ ഇരയും
അഹന്തയുടെ പുത്രനുമാണ്
ആര്‍ത്തിയുടെ വാക്കുകള്‍ പഠിച്ച്
അതിശയത്തിന്റെ വെടിയൊച്ച കേട്ട്

അണയാതെ കത്തുന്ന
അഫ്ഗാന്‍ കുഞ്ഞുങ്ങളുടെ
ആര്‍ത്തനാദം കുടിപ്പിച്ച്
അടിച്ചൊതുക്കിയ ഇറാഖിന്റെ
അകക്കരള്‍ രുചിച്ച്
അങ്കിള്‍ സാം പോറ്റിയ
ആയുധപ്പെരുമാരുടെ 'അരുമ'

'ന്യൂ ടൌണ്‍'
ന്യൂ ജനറേഷന്റെ
നഖം കൂര്‍ത്ത നാല്‍ക്കവലയാണ്
നാടുകള്‍ ചുട്ടെരിക്കുന്നവര്‍ക്ക്
നാശത്തിന്റെ കെട്ടഴിക്കാന്‍
ന്യൂ ടൌണിലെ കുട്ടികള്‍
നാടന്‍ തോക്കുകള്‍ കൊണ്ട്
നാള്‍ വഴി കാട്ടുന്നുണ്ട്

വിരോധത്തിന്റെ മുനമ്പില്‍
വിനാശത്തിന്റെ
വെടിയൊച്ച കേട്ട് വളര്‍ന്നവര്‍
വെടിയുണ്ടയാക്കുന്നത്
വളര്‍ത്തുന്നവന്‍
വിളമ്പി ക്കൊടുത്ത വംശീയതയുടെ
വാക്കുകള്‍ തന്നെയാണ്

ആയുധങ്ങള്‍
ആര്‍ത്തു ചിരിക്കുകയാണ്
ആഡം ലാന്‍സ
അമ്മയുടെ നെഞ്ചില്‍
ആദ്യ വെടി യുതിര്‍ക്കുമ്പോഴും
ആയുധ ക്കമ്പോളത്തിന്റെ
അഭിമാന മാവുകയാണ്

2012 ഡിസംബർ 30, ഞായറാഴ്‌ച

വസന്തകാലം വിദൂരമല്ല ...

അറിവിന്റെ വഴികളില്‍
അക്ഷരം കാണാതെ
'അവളെ'ത്തിരയുന്നു
ആര്‍ത്തിയുടെ കണ്ണുകള്‍

ഇഷ്ടം നടിക്കുന്നു
ഇരയാക്കി മാറ്റുന്നു
ഇമ്പം കെടുന്നവര്‍
ഇട്ടെറിഞ്ഞോടുന്നു

ഉലയുന്നു ബന്ധങ്ങള്‍
ഉടയുന്നു ധര്‍മങ്ങള്‍
ഉടയാട യുരിയുന്നു
ഉടലിന്റെ ദാഹങ്ങള്‍

മദ ഗന്ധ മുറയുന്ന
മദനോത്സവങ്ങള്‍ക്ക്
മത മില്ല മറ വേണ്ട
മാതൃത്വ മറിയേണ്ട

പീഡനം നിറയുന്നു
പത്ര കോളങ്ങളില്‍
പിന്ജുങ്ങളെ കൊന്നു
പാപികള്‍ പെരുകുന്നു

നട്ടെല്ല് പോയവര്‍
നാട്ടില്‍ ഭരിക്കുന്നു
നായക പ്പിമ്പുകള്‍
നാശം വിതക്കുന്നു

വളരൂ യുവാക്കളെ
വഴികള്‍ തെളിക്കുവിന്‍
വാഴുന്ന തിന്മയുടെ
വഴികള്‍ മുടക്കുവിന്‍

വഴി വിട്ട വേഴ്ച്ചകളെ
വഴിയില്‍ തടുക്കാത്ത
വാഴുന്നവര്‍ക്കെതിരെ
'വസന്തം'രചിക്കുവിന്‍ ..

2012 ഡിസംബർ 28, വെള്ളിയാഴ്‌ച

പീഡന കാലത്തേക്കൊരു കൈ പുസ്തകം

മുളച്ചുയര്‍ന്നതും
മുഴുപ്പിച്ചുണര്‍ത്തിയതും
മുന കൂര്‍പ്പിച്ച്
മുന്താണി യാക്കി

മെലിഞ്ഞുടഞ്ഞതും
മുഷിഞ്ഞുലഞ്ഞതും
മുളങ്കോല് കുത്തി
മല പോലുയര്‍ത്തി

മുട്ടില്‍ മുറിച്ചു
മേലോട്ടുയര്‍ത്തി
മെഴുക്കില്‍ മിനുക്കിയ
മേലഴാക് കാട്ടി

മാറിലൊരു ഇരകെട്ടി
മുതുകിലൊരു വലകെട്ടി
മറകള്‍ പൊളിച്ചിട്ട്‌
മുട്ടി യുരുമ്മി വിളിച്ചു

മുഖം ചുളിച്ഛവരെ
'മത വാദി' യാക്കി
മണം നുണഞ്ഞവരെ
'മനോരോഗി' യാക്കി

മാന്യന്മാരെല്ലാം
മണം പിടിച്ചെത്തി
മതവും മറയുമില്ലാതെ
മത്സരിച്ചെത്തി

മറഞ്ഞു നില്‍ക്കുന്നവര്‍
മുറു മുറുപ്പുയര്‍ത്തുമ്പോള്‍
മുണ്ടുയര്‍ത്തി പ്പറയണം
മഹാ പീഡനത്തിന്‍റെ
മനസ്സലിയിക്കുന്ന കഥകള്‍


2012 ഡിസംബർ 27, വ്യാഴാഴ്‌ച

ചിതലുകളോട് ചോദിക്കുക ...

ചിതലു തിന്ന
നിയമ പുസ്തകത്തിനു മേല്‍
കാവലിരിക്കുന്ന
വിശപ്പ് മാറാത്ത
പെരുച്ചാഴികളോട്
നീതിയെന്തെന്നു ചോദിക്കരുത്

പാതി വഴിയില്‍
കെടുത്തിക്കളഞ്ഞ യുവത്വം
കരിന്തിരിക്ക്‌ താഴെ
ഉരുകി വരച്ച ചിത്രങ്ങള്‍ക്ക്
എന്ത് വില കിട്ടുമെന്നു മാത്രം
നിങ്ങള്‍ ആരായുക ......

രാത്രിയുടെ മറവില്‍
ഒച്ചയില്ലാതെ ഒളിച്ചു വന്ന്
കവര്‍ന്നെടുത്ത് കൊണ്ടുപോയ
കൗമാര ബാല്യങ്ങളുടെ കണ്ണില്‍
വെളിച്ചം ബാക്കിയുണ്ടോ എന്നും
നിങ്ങളന്വേഷിക്കരുത്

കണ്ടുതീരും മുന്‍പേ
മുറിച്ചെടുത്ത സ്വപ്നങ്ങള്‍ക്കും
കേട്ടു തീരാത്ത
കഥകളുറങ്ങുന്ന കാതുകള്‍ക്കും
അന്താ രാഷ്ട്ര വിപണിയിലെ
ആവശ്യമെത്ര യെന്നു മാത്രം ചോദിക്കുക

വെന്തു പോയ
അമ്മ മാരുടെ ഹൃദയങ്ങള്‍ക്ക്‌
എരിഞ്ഞു കത്തുന്ന
അച്ഛന്റെ മൗന ദുഃഖങ്ങള്‍ക്കൊപ്പം
കുഴിമാടം തീര്‍ക്കുന്നതെന്തിനെന്നും
ശ്മശാനത്തിന്റെ കാവല്‍ കാരോട്
നിങ്ങള്‍ ആരായരുത്....

കുഴിച്ചു മൂടിയ നീതിയുടെ
തടിച്ച പുസ്തകങ്ങള്‍ക്കൊപ്പം
പൊലിഞ്ഞു പോയ
പൈതങ്ങളുടെ ദേഹം
എത്ര പെരുചാഴികള്‍ക്ക്
അത്താഴ മാകുമെന്ന് കൂടി
ചിതലുകളോട് നിങ്ങള്‍ ചോദിക്കുക ...

2012 ഡിസംബർ 25, ചൊവ്വാഴ്ച

നിങ്ങള്‍ മറന്നു പോയെന്നോ ...?!!


നിങ്ങളോര്‍ക്കുന്നുണ്ടോ ....?!
കടും കാഴ്ചകള്‍ കണ്ട് 
ചോരവറ്റി യുണങ്ങിയ 
കോലം കെട്ട കുഞ്ഞുങ്ങളുടെ 
പേക്കിനാവിന്റെ നിലവിളികള്‍ കേട്ട് 
ഉറക്കം പടിയിറങ്ങിപ്പോയിട്ടും 
ശബ്ദം മരിച്ചു പോയ 
ഒരു വീടിനെ പറ്റി ....?!!

അശാന്തിയുടെ കൊടുങ്കാറ്റില്‍ 
തീയും പുകയും ചുമന്ന് 
വിളഞ്ഞു വീര്‍ത്ത ,
പൊട്ടി ച്ചിതറാന്‍ വെമ്പി നില്‍ക്കുന്ന 
കലങ്ങിയ കണ്ണുകളുള്ള 
തൊലി വരണ്ട കുഞ്ഞുങ്ങളെ ക്കുറിച്ച് ....?!!

നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ...?!
പാതിരാ കുറുക്കന്‍ 
ഓരിയിടുന്നതിന്റെ ദിശ മണത്ത് 
ഇരകളുടെ കുടിലുകള്‍ തിരയുന്ന 
തിളങ്ങുന്ന ചാര ക്കണ്ണകളുമായി
വെളുത്ത ചെന്നായ്ക്കള്‍ 
ഊര് ചുറ്റുന്നത് ....?!!

വഴിയൊരുക്കാന്‍ ചട്ടം കെട്ടിയ 
കറുത്ത ഗുണ്ടകള്‍ക്ക് പിറകെ 
കൊലക്കയറുമായി 
കത്തി വീശിവരുന്ന 
അറവുകാരെ കണ്ടാണ്‌ 
സ്വപ്‌നങ്ങള്‍ പിണങ്ങിപ്പോയ 
വിളര്‍ത്ത കണ്ണുകളുള്ള 
പനിപിടിച്ച കുഞ്ഞുങ്ങള്‍ 
ഇരുളില്‍ വിറച്ചു കഴിയുന്നതെന്ന് .....?!!

നിങ്ങള്‍ കേള്‍ക്കുന്നില്ലേ...?!
അധികാര മുദ്ര പതിച്ച ബൂട്ടുകള്‍ 
ചവിട്ടി യുടച്ച മണ്‍ കലം നോക്കി 
ഒട്ടിയ വയറില്‍ പറ്റിപ്പിടിച്ച 
കണ്ണീരിന്റെ ഉപ്പു നുണയുന്ന 
മെലിഞ്ഞ കുഞ്ഞുങ്ങളുടെ 
വിശപ്പിന്റെ നിലവിളികള്‍ ....?!!

ഓര്‍മ്മയില്‍ തിളയ്ക്കുന്ന 
കഞ്ഞിയുടെ വേവും 
ചുട്ട മീനിന്റെ മണവുമോര്‍ത്ത് 
നാവു നുണയുമ്പോഴാണ് 
കരി  നിയമങ്ങളുടെ കൈ പിടിച്ചെത്തിയ 
വെടി മരുന്നിന്റെ ഗന്ധം 
അവരെ നിശ്ശബ്ദരാക്കുന്നതെങ്ങിനെ യെന്ന്  .....?!!

നിങ്ങള്‍ മറന്നു പോയോ...?!
ഉണക്കി ച്ചുട്ട നെല്‍പ്പാടങ്ങളില്‍ 
പൊള്ളുന്ന കമ്പിയും 
കൊണ്ഗ്രീറ്റും വിതറിയ 
തടിച്ച കൊലയാളികള്‍  
എന്റെ കലപ്പകള്‍ കവര്‍ന്നെടുത്തതും  
കുരുന്നു ബാല്യങ്ങളുടെ മുതുകില്‍ 
അടിമകള്‍ക്കുള്ള ചാപ്പകുത്തിയതും.....?!!

വിളവെടുപ്പ് സ്വപ്നം കണ്ട് 
മൂളിത്തുടങ്ങിയ പാട്ട് 
എന്റെ പെണ്ണിന്റെ ചുണ്ടില്‍ തന്നെ 
കൊലചെയ്യപ്പെട്ടതും 
അവളുടെ മാനം 
നടുറോട്ടില്‍ കുഴിച്ചു മൂടപ്പെട്ടതും 
ഇനിയും നിങ്ങള്‍ മറന്നു പോയെന്നോ ...?!!

കുസൃതി

അരണയുടെ ബുദ്ധിയും
പല്ലി വാലിന്റെ കരുത്തുമായി
ചിലന്തി വലക്കു ചുറ്റും
കോട്ടവാതില്‍ തീര്‍ക്കാന്‍
ചിതല്‍ പുറ്റൊരുക്കുന്ന
ഈയ്യാം പാറ്റകളുടെ
ദീര്‍ഘ ദൃഷ്ടിയിലെ കുസൃതി കണ്ട്
വിരുന്നു വന്ന കുറുനരി
പടിഞ്ഞാറേ മൂലയിലെ
പത്താം നമ്പര്‍ വീട്ടിലിരുന്ന്
കുലുങ്ങി ച്ചിരിച്ചു 

2012 ഡിസംബർ 23, ഞായറാഴ്‌ച

കൊടിയില്ലാതെയും കൊടുങ്കാറ്റു തീര്‍ക്കാമെന്ന്......!!

ശിശിരത്തിന്റെ കുളിരില്‍
കുനിഞ്ഞു പോയ നിയമത്തിന്റെ
കാതടപ്പിക്കുന്ന കൂര്‍ക്കം വലികള്‍
അലോസരം സൃഷ്ടിക്കുമ്പോള്‍
മഞ്ഞുറങ്ങുന്ന തെരുവില്‍
ക്ഷോഭത്തിന്റെ കനലുകള്‍
കെടാതെ പുകയുകയാണ്

ഇരുള്‍ മൂടിയ ഇന്ദ്രപ്രസ്ഥം
വിലക്കപ്പെട്ട ചാരന്മാരുടെ
ഉറക്കം തൂങ്ങിയ കണ്ണാല്‍
വലയം തീര്‍ക്കുമ്പോഴും
ശണ്ടീകരിക്ക പ്പെടാത്ത
യുവതയുടെ ചുണ്ടില്‍
രോഷത്തിന്റെ അഗ്നി
ആളി പ്പടരുന്നുണ്ട്

നടുറോട്ടിലെ നാട്ടു വെളിച്ചത്തില്‍
നിയമത്തിന്റെ മറകെട്ടി
ചുട്ടെടുത്ത പെണ്ണാടിന്റെ
കണ്ണീരിന്റെ ഉപ്പുണങ്ങാത്ത
വെന്ത തുടകള്‍ക്കിടയില്‍
ധര്‍മങ്ങള്‍ ശവമടക്കപ്പെടുമ്പോള്‍
വിലക്കുകളുടെ വിലങ്ങുകള്‍
കരിച്ചുകളയുന്ന തീക്കാറ്റ്
ആഞ്ഞു വീശുന്നുണ്ട്

നിറം പൂശിയ നുണകളുടെ
നിറം കെട്ട കൊടി തോരണങ്ങള്‍
ചോരയുടെ മണം നുകര്‍ന്ന്
ഉറക്കം നടിക്കുമ്പോഴും
ഉണങ്ങാതെ യെരിയുന്ന
വിലാപത്തിന്റെ തേങ്ങലുകള്‍
കൊടിയില്ലാതെയും
കൊടുങ്കാറ്റു തീര്‍ക്കാമെന്ന്
വിളിച്ചുണര്ത്തുന്നുണ്ട്‌

2012 ഡിസംബർ 20, വ്യാഴാഴ്‌ച

ഇഷ്ടങ്ങളൊക്കെയും തീര്‍ന്നു പോയോ

ബന്ധുക്കളൊക്കെയും 
ബന്ധം മുറിക്കുന്നു
ബന്ധങ്ങളൊക്കെയും
ഭാഗം പിരിക്കുന്നു

കൂട്ടല്‍ ഗുണിക്കല്‍
കുറക്കല്‍ ഹരിക്കലും
കൂട്ടിന്ന് കൂട്ടായ്
കുനുഷ്ടും കുതന്ത്രവും

വീടിനൊരു 'മാറ്റാ'യ
വല്യമ്മ വഴിയിലായ്
വഴികളില്‍ മിഴിവായ
വല്യപ്പന്‍ പിഴയായി

മതില്‍ കെട്ടി മറയാക്കി
മനമാകെ വിഷമാക്കി
മുനകൂര്‍ത്ത വാക്കിന്റെ
മുള്ളാല്‍ മുറീവാക്കി

ചിരി മാഞ്ഞ പെണ്ണിന്റെ
ചങ്കിലൊരു കനലിട്ട്
ചന്തം പെരുപ്പിച്ച്
ചന്ത ച്ചരക്കാക്കി

പോരാടി നായാടി
പെരുമ പങ്കിട്ടവര്‍
പകയൂട്ടി വിളയാടി
പുതു മോടി തീര്‍ക്കുന്നു

അറിവിന്റെ വഴികളില്‍
ആംഗല പ്പുര കെട്ടി
അലിവിന്റെ യുറവയും
അണ കെട്ടി നിര്‍ത്തുന്നു

ഇന്നിന്റെ ലോകത്തിനിതെന്തു പറ്റീ
ഇഷ്ടങ്ങളൊക്കെയും തീര്‍ന്നു പോയോ
ഇര തേടി യലയുന്ന മര്‍ത്ത്യരെല്ലാം
ഇണകളെ ക്കാണാന്‍ മറന്നു പോയോ...

2012 ഡിസംബർ 19, ബുധനാഴ്‌ച

വിട പറയുന്ന വര്‍ഷം എന്നോട് പറയുന്നത് ..... !!


വിട ചൊല്ലുമ്പോഴും
ചുണ്ടിലൊരു മന്ദഹാസം
വിരിയുന്നുണ്ട്
വരും കാല സായാഹ്നങ്ങളില്‍
മരണത്തിന്റെ ഗന്ധം നുണഞ്ഞ്
നാളുകള്‍ 'ഓര്‍ത്ത്‌' പറയാന്‍
കാത്തു കിടക്കേണ്ടല്ലോ .....

പടിയിറങ്ങുമ്പോഴും
ഉള്ളിലൊരു കുളിരുണ്ട്
പക പുതച്ചുറങ്ങുന്ന 'നീതി'യുടെ
കാവല്‍ നായ്ക്കള്‍ക്കൊപ്പം
കുത്തിയുടച്ച കണ്ണുകള്‍ നോക്കി
വരണ്ടു പോയ കണ്ണീരില്‍
ദേശ ഭക്തിയുടെ ഉപ്പു പരതുന്നോര്‍ക്ക്
കൂട്ടിക്കൊടുപ്പിനു
കാവല്‍ കിടക്കെണ്ടല്ലോ ......

അടര്‍ന്നു വീഴുമ്പോഴും
കണ്ണിനൊരു തിളക്കമുണ്ട്
ആസക്തിയുടെ ദുര കണ്ട്
അംഗ ഭംഗം വന്ന കുഞ്ഞുങ്ങളുടെ
ഒലിച്ചിറങ്ങുന്ന ഇളം ചോര നോക്കി
തിയതി കുറിക്കേണ്ടല്ലോ.....
പടിയിറക്കപ്പെട്ട ധര്‍മത്തിന്റെ
പാതി വെന്ത ഗ്രന്ഥങ്ങള്‍ക്ക്
കാവല്‍ കിടന്ന് മുഷിയേണ്ടല്ലോ

വീണുടയുമ്പോഴും
ഉള്ളിലൊരു ചിരി മുഴങ്ങുന്നുണ്ട്
പാതി വഴിയില്‍
ഉടഞ്ഞുപോയ കുഞ്ഞു പെങ്ങള്‍ക്കും
പെരു വഴിയില്‍ നാലായിപ്പിളര്‍ന്ന
പെരുത്ത മോഹങ്ങള്‍ക്കും
കണ്ണീരൊഴിച്ചു കാത്തിരിക്കേണ്ടല്ലോ..

ഓര്‍ത്ത്‌ വെക്കാനല്ല
ഓടിപ്പോവുന്നത്
വെറുക്ക പ്പെട്ടത് കൊണ്ടല്ല
വിട പറയുന്നത്..
വെടി കൊണ്ട സത്യങ്ങള്‍ക്കൊപ്പം
വിറങ്ങലിച്ച കുഞ്ഞുങ്ങളെ നോക്കി
വിതുമ്പി ക്കരയാനിനിയും
വയ്യാത്തത് കൊണ്ടാണ് 

2012 ഡിസംബർ 15, ശനിയാഴ്‌ച

ഇര തേട്ടത്തിന്റെ വിശന്ന വഴികള്‍ ...


ഇരുളായിരുന്നു ,
അകത്തും പുറത്തും
ഇര തേട്ടത്തിന്റെ
വിശന്ന വഴികളില്‍
ഗതി കിട്ടാത്ത
പുരാതന തന്ത്രങ്ങള്‍ക്ക്

തുരുംബെടുത്ത യുക്തിയുടെ
ഓട്ട ത്തകിടാല്‍ മറ കെട്ടി
മധുരം മണപ്പിച്ചിട്ടും
മറ പൊളിച്ച് മുന്നോട്ടോടുന്ന
ഇരകളുടെ കരുത്തു കണ്ടാണ്‌
കണ്ണിലും കനവിലും
കൂരിരുള്‍ മറകെട്ടിയത്

കുരുതിയുടെ കഥ പാടിയും
കള്ളങ്ങളുടെ കുരങ്ങിനെ
കൊഞ്ഞിച്ച്ചും പാലൂട്ടിയും
ചതിയുടെ വഴി തുറക്കാനാവാതെ
പട്ടിണിയുടെ രുചി യറിഞ്ഞാണ്
പകയുടെ ഇരുട്ടും
വിരോധത്തിന്റെ കുനുഷ്ടും
അകത്തും പുറത്തും
മുഷിഞ്ഞ പുതപ്പായതും
'യുക്തി വിചാര'ത്തിന്റെ
പട്ടട യായതും

കാപട്യത്തിന്റെ
ചിലന്തി വലയില്‍
കൗശലത്തിന്റെ പശ പുരട്ടി
കരുത്തുള്ള ഇരകളെ
കുരുക്കാനാവില്ലെന്നത്
പരിണാമം തൊടാത്ത
യുക്തിയാണ്

കാമ്പുള്ള തത്ത്വങ്ങള്‍ക്കും
കനിവുള്ള സൂക്തങ്ങള്‍ക്കും
തടയണ കെട്ടാന്‍
കാപട്യത്തിന്റെ ചിലന്തി വലകള്‍
മതിയാവില്ലെന്നത്
ചരിത്രത്തിന്റെ സാകഷ്യവും 

2012 ഡിസംബർ 13, വ്യാഴാഴ്‌ച

വില്‍ക്കപ്പെട്ടവന്റെ ആശ്വാസം....

ചില്ലിന്‍ കൂട്ടില്‍
ചന്തം വരുത്തി വെക്കാനല്ല
ചില്ലറ വ്യാപാരം പറഞ്ഞ്
ചിലച്ചതും ചിരിപ്പിച്ചതും

വാങ്ങിത്തിന്ന ചില്ലറകള്‍
വായിലും വയറിലും
വഴി മുടക്കിയപ്പോള്‍
ശോധന കിട്ടാനാണ്‌
ചമ്മ്രം പടിഞ്ഞിരുന്നതും
സിന്ദാ ബാദില്‍
ചതിയൊളിപ്പിച്ചതും

വല വിരിച്ചതും വില പറഞ്ഞതും
വണിക്കിന്റെ ചിലന്തികളെങ്കിലും
വില പേശിയതും വിലയുറപ്പിച്ചതും
വില കാത്തിരുന്നവന്റെ
വിരുതും കൗശലവുമാണ്

കുരുതിയുടെ കളങ്ങളില്‍
കുത്തകകള്‍ വിത്തിറക്കുമ്പോഴും
കുടില്‍ കെട്ടി കാവല്‍ കിടക്കുമ്പോഴും
കൂട്ടിക്കൊടുപ്പിന്റെ എച്ചില്‍ നക്കികള്‍
കാണിക്ക വെക്കാന്‍
കിടപ്പറ യൊരുക്കുമെന്ന്
കച്ചവടക്കാര്‍ പഠിച്ചിരിക്കുന്നു

വിറ്റു പോയ സ്വാതന്ത്ര്യവും
വില നല്‍കി വാങ്ങിയ അടിമത്വവും
വിലാപത്തിന്റെ തിരയൊരുക്കുമ്പോഴും
മുദ്രാവാക്യങ്ങളില്‍ മുഖം മറച്ചവര്‍
വിസ്മയം പറയുന്നത്
വാള്‍ മാര്‍ട്ടിന്റെ വര്‍ണം  കണ്ടല്ല
വരിയുടക്കപ്പെട്ടവന്റെ വിശ്വാസവും
വില്‍ക്കപ്പെട്ടവന്റെ ആശ്വാസവുമാണത്




2012 ഡിസംബർ 10, തിങ്കളാഴ്‌ച

മനുഷ്യാവകാശം

'മനുഷ്യാവകാശം' എന്നത് 
ചത്തുപോയ ഒരു വാക്കാണ്‌ 
മനം മടുപ്പിക്കുന്ന 
പെരും കള്ളം 
ദുഷ്ടജീവികള്‍ 
ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന 
ചത്തുപോയ ഔദാര്യം 

കുനിഞ്ഞും കുമ്പിട്ടും 
കൂട്ട് വന്നവരെ 
ഒറ്റിക്കൊടുത്തും
ചാണക ക്കുഴിയിയിലെ 
പുഴുവിനെ പുന്നരിച്ചും 
കൈ കൂപ്പി വാങ്ങുന്ന 
പുച്ഛം നിറഞ്ഞ 
ഭിക്ഷ.....

എഴുതപ്പെട്ട രേഖകളും 
പറയപ്പെട്ട വാക്കുകളും 
പുരാണത്തിലെ 
കള്ളങ്ങളാണ്
പേജുകള്‍ മറിയുമ്പോള്‍
വറ്റിപ്പോയ പുഴയിലെ 
തവള യെന്ന പോലെ ....

ഓരോ ചാട്ടത്തിലും 
ഒരു വിതുമ്പലും 
ഈരണ്ടു അര്‍ത്ഥങ്ങളുമുള്ള
പഴം പുരാണം 

മാടമ്പികളുടെ മടിക്കുത്തില്‍ 
ചത്തുപോയ വാക്കിന്റെ 
ചീഞ്ഞ മണം നിറയുന്നുണ്ട്
കവര്‍ന്നെടുത്ത 
അവകാശങ്ങള്‍ ചേര്‍ത്തു വെച്ച് 
ശ്മശാനം തീര്‍ക്കുന്നുണ്ട്....

2012 ഡിസംബർ 6, വ്യാഴാഴ്‌ച

ഇന്നും ഞാനൊരമ്മ ....


കിള യില്ല വിളയില്ല
കളയില്ല മുളയില്ല
മൂളുന്ന കിളികളുടെ
കള കൂജനങ്ങളില്ലാ...
പൊള്ളുന്ന നെഞ്ചിലൊരു
കൊഞ്ചുന്ന യരുവിയുടെ
കള കളാരവങ്ങളില്ലാ
പുകയുന്ന കണ്ണിലൊരു
വിടരുന്ന തളിരിന്റെ
നിറമുള്ള മണവു മില്ലാ

അളവുണ്ട് അതിരുണ്ട്
അതിമോഹ വിതയുണ്ട്
പുതുലോക വിപണിയുടെ
ചതിമൂത്ത വിരുതുണ്ട്‌
കനിവിന്റെ യുറവയില്‍
 'കുറ്റി' താഴ്ത്താന്‍
കൂട്ടിക്കൊടുപ്പിന്റെ
ദല്ലാളുമാരുണ്ട്

അന്ന്.....
ഭൂമി-യൊരമ്മ -
യെന്നോതിപ്പഠിച്ചവര്‍
ഇന്ന് - ദുരമൂത്ത് വിലയിട്ട
വിലകെട്ട യമ്മ ഞാന്‍..
അളവിനാല്‍ അതിരിനാല്‍
സഹികെട്ട യമ്മ ഞാന്‍ ...
ആര്‍ത്തിയുടെ മൂര്‍ത്തികള്‍
അടിമപ്പെടുത്തി യൊരു
ഇടപാടുകാര്‍ക്കായ്
വിരിപ്പായവള്‍ ഞാന്‍ ....

വിത്തിന്റെ മത്തുള്ള മണമറിഞ്ഞും
വിളവുല്‍സവത്തിന്റെ പാട്ടുകേട്ടും
വേവുന്ന കഞ്ഞിയില്‍ കനിവൊഴിച്ചും
കണ്ണീരുണക്കിയോ രമ്മയിന്ന്
വില്‍ക്കപ്പെടാനുള്ളോ രുടലു മാത്രം
വിഹിതം വിധിക്കും ചരക്കു മാത്രം

അമ്മയുടെ മുലയായ മല തുരന്നൂ
അമ്മയുടെ വയറായ വയലുടച്ചൂ
അമ്മയുടെ നെഞ്ചിലൊരു കുഴലിറക്കീ
കനിവിന്റെ യുറവയു മുണക്കി നിങ്ങള്‍...
ഗര്‍വിന്റെ ഗര്‍ത്തം കുഴിച്ചു താഴ്ത്തീ
അമ്മയെ അതിലിട്ടൊതുക്കി നിങ്ങള്‍..

ഇന്നും...................
ഞാനൊരമ്മ .....
വിലകേട്ടു വിലകെടാന്‍
വിധിയു ള്ളോരമ്മ ...
ചതി കണ്ടു ഗതികെട്ട
വ്യഥ യുള്ളോരമ്മാ.....
ധൃതി കൂട്ടി മൃതി പാര്‍ത്ത്
ശ്രുതി പോയൊരമ്മാ .