2014 ഏപ്രിൽ 20, ഞായറാഴ്‌ച

കണി വെള്ളരി


കണികണ്ട്
കണ്ണെടുക്കും മുന്നേ 
കെട്ടു പോയ 
കണി വെള്ളരിയാണ് 
കൃഷിയിലും ഒരു കെണിയുണ്ടെന്ന് 
കാതിലോതിയത് ...

2014 മാർച്ച് 31, തിങ്കളാഴ്‌ച

പഴം പാട്ട്


പാടം നികത്തി
പതിരു നട്ടവര്‍
പതിവു വിള യില്ലെന്ന
പരാതി പറയുന്നു

പുര പൊളിച്ച്
പുറംമോടി തീര്‍ത്തവര്‍
പുറം പോള്ളുന്നെന്ന
പഴം പാട്ട് പാടുന്നു

തെരഞ്ഞെടുപ്പ്



തിരഞ്ഞ് കുത്തി 
തെരഞ്ഞെടുത്താല്‍ 
തിരിഞ്ഞു കുത്തി 
തുരന്നു തിന്നാന്‍ 
തിരക്ക് കൂട്ടും 
തുരപ്പന്മാരെ
തരം തിരിക്കാനൊരു
തെരഞ്ഞെടുപ്പ് .....!!

2014 ജനുവരി 25, ശനിയാഴ്‌ച

ലോട്ടറി


ഇന്നെനിക്കു
ലോട്ടറി യടിക്കണേ...
എന്ന് ഉച്ചത്തില്‍ പ്രാര്‍ഥിച്
പുറത്തിറങ്ങുമ്പോള്‍
കൈ നീട്ടിയ ഭിക്ഷക്കാരനോട്
"പോയി വല്ല തൊഴിലും ചെയ്യെടോ"
എന്ന് കയര്‍ക്കുന്നത് കേട്ടാണ്
ദൈവം പൊട്ടി ചിരിച്ചത് 

2014 ജനുവരി 21, ചൊവ്വാഴ്ച

'വര്‍ത്തമാനം'


നീട്ടിത്തന്ന കൈകളെല്ലാം
കാതോര്‍ത്തത്‌
'ഭൂതകാല'ത്തിന്റെ
നഷ്ട സ്വപ്നങ്ങളും
'ഭാവി'യുടെ
ലാഭക്കണക്കുമായിരുന്നു

ഫലം തിരയുന്ന
കണ്ണുകളില്‍ മാത്രം
നിറഞ്ഞുനിന്നു
വീട്ടില്‍ വിശന്നുറങ്ങുന്ന
കുഞ്ഞുങ്ങളുടെ
വരണ്ട 'വര്‍ത്തമാനം' 

2014 ജനുവരി 10, വെള്ളിയാഴ്‌ച

കടല്‍

എത്ര കോരിയിട്ടും 
തീരാത്തതെന്തെ ന്ന് 
നടുക്കടലിലെത്തിയ 
മുക്കുവന്ന് കൌതുകം 

എത്ര വാരിയിട്ടും 
തൂരാത്തതെന്തെ ന്ന്
കുടവയര്‍ ചൂണ്ടി
കടലിന്റെ മറു ചോദ്യം 

ചേമ്പില



കാടും കടലും
കുടിച്ചു തീര്‍ത്തൊരു
പേമാരിയെ
കാത്തു വെച്ചതൊരു
കുഞ്ഞു ചേമ്പില മാത്രം 

2014 ജനുവരി 7, ചൊവ്വാഴ്ച

കവിത


കവിത .....
...................
നേര്‍ കാഴ്ച കാണാതെ
ഉള്‍കാഴ്ച തിരയുന്ന
കണ്ണ് പൊട്ടന്മാരുടെ
കലമ്പല്‍ 

വികസനം


വികസനം
.................... 
കാല്‍ നനയുന്ന 
ഇടവഴിയില്‍ നിന്നും 
ഉടല്‍ പൊള്ളുന്ന 
'പെരുവഴി' യിലേക്ക്

മൂന്ന് 'ജീര്‍ണ' ലിസങ്ങള്‍

ജേര്‍ണലിസ്റ്റ് 
-------------
കട്ടന്‍ ചായയുടെ
'മുഹബ്ബത്തി'ല്‍
ലവ് ജിഹാദിന്റെ
കൊടുങ്കാറ്റ് തിരയുന്നവന്‍


വിപ്ലവം 
-------------
ഉണങ്ങിപ്പോയ
പരിപ്പു വടകള്‍ തിന്നാണ്
'വിപ്ലവ'ത്തിന്റെ
പല്ലുകള്‍ മുഴുക്കെ
കൊഴിഞ്ഞു പോയത്


പുക   
--------------
ആഞ്ഞു വലിച്ചിട്ടും
'പുക'യായി
വെളുത്തു പോയ
സ്വപ്നങ്ങള്‍ക്ക്
കാല്‍ ചുവട്ടില്‍
അന്ത്യ കൂദാശ

2014 ജനുവരി 4, ശനിയാഴ്‌ച

കുളക്കോഴി


ഊറ്റി യെടുത്ത്
കുപ്പിയിലടച്ച്
താഴിട്ടു പൂട്ടിയ
പുഴകളെ യോര്ത്തു
ഞാന്‍ കരഞ്ഞത്
തൊണ്ട വരണ്ട്
കരയുന്ന കുള ക്കോഴിക്ക്
രണ്ടിറ്റു കണ്ണീരെങ്കിലും
ദാഹ ജലമായി
പകര്‍ന്നു നല്കാനാണ് 

2013 ഡിസംബർ 28, ശനിയാഴ്‌ച

ഫ്രീക്


നരച്ച പുരികങ്ങള്‍
ഒട്ടും 'ഫ്രീക'ല്ലെന്ന്
ഒളിച്ചോടുമ്പോള്‍
'കാഴ്ച്ച' യുടെ ന്യായം

ഇരുമ്പ് മതിലില്‍
ചില്ലു പതിച്ച് 
'ഫ്രീക്' ആകാമെന്ന്
 തൂങ്ങിയ കണ്ണുകള്‍ 

2013 ഡിസംബർ 27, വെള്ളിയാഴ്‌ച

ഇടത്തും വലത്തും


അച്ചന്‍
'ഇടതാ'ണെന്ന് കേട്ട്
അമ്മ പറഞ്ഞു
"ന്റെ ഇടങ്ങേറു തീരൂല്ല"

മകന്‍
'വലതാ' ണെന്നു കേട്ട്
അമ്മ ചിരിച്ചു
"വല്ലാത്തൊരു ജന്മം തന്നെ"

ഇടതും
വലതും ചേര്‍ന്ന്
മകള്‍ക്ക് കൊടി പുതപ്പിച്ചപ്പോഴാണ്
അമ്മ "ചൂലെ"ടുത്തത് 

2013 ഡിസംബർ 26, വ്യാഴാഴ്‌ച

ഡിസ്പോസിബിള്‍


ഡിസ്പോസിബിള്‍ കാലത്തെ
നിറമുള്ള പ്രണയത്തിന്
എ ടി എം കാര്ഡിന്റെ
അഴകെങ്കിലും
ഒരു സിം കാര്ഡിന്റെ
ഭാരം മാത്രം
............................................

നമ്മുടെ പ്രണയം
തൊട്ടാവാടിയുടെ
ഇലപോലെ വാടുന്നതും 
മുള്ളു പോലെ
ചെറുതു മായിരുന്നു
കാലം ചവിട്ടി ഞെരിച്ചിട്ടും
എങ്ങിനെയാണത്
വാടാതെ
ഹൃദയത്തില്‍ ആഴ്ന്നിറങ്ങി
ഇന്നും പച്ച യുണങ്ങാത്ത
മുറിവായത് ...??!!

അകത്തും പുറത്തും


അകത്ത്
ഒറ്റു കാശിന്റെ
ആര്‍ഭാടത്തില്‍
അണിയിച്ചൊരുക്കിയ
അടുക്കളയില്‍

ഉന്മത്തരായി 
ഉപ്പ് നുകരുമ്പോള്‍
വിളമ്പാനിരിക്കുന്ന
അത്താഴ വിഭവങ്ങളില്‍
അത്ഭുതം കൂറി
ശിഷ്യന്മാര്‍

പുറത്ത്
യൂദാസിന്റെ
കൊട്ടാര മുറ്റത്ത്
ചമയിച്ചൊരുക്കിയ
പുല്‍കൂട്ടില്‍
തണുത്ത് വിറച്ച്
ഉപേക്ഷിക്കപ്പെട്ട
ഉണ്ണിയേശു  

2013 ഡിസംബർ 25, ബുധനാഴ്‌ച

വെറുതെ മൂന്നു പേര്‍


ഉള്ളില്‍
ഒന്നുമില്ലെങ്കിലും
എന്നും
കൂടെയുണ്ടാവും
പ്രതാപ കാലത്തിന്റെ
ചൂരൊടുങ്ങാത്ത
ഒരു പേഴ്സ്
..................................

 പൊങ്ങച്ചത്തിന്റെ
മുഷിഞ്ഞ
കീശയിലിരുന്ന്
നാറുന്നുണ്ട്
കടലാസ് കാണാതെ
മഷിയുണങ്ങി മരിച്ച
പൊന്നു പൂശിയ
പേനയുടെ ജഡം
..................................

ആറ്റി ക്കുറുക്കിയ
ആയുസ്സും പേറി
മരണത്തിന്റെ
മാളത്തിലേക്ക്
കുതിച്ചോടുമ്പോള്‍
വാച്ചിനും
ഹൃദയത്തിനും
ഒരേ താളം

2013 ഡിസംബർ 23, തിങ്കളാഴ്‌ച

പരാതി


നിന്റെ
അശ്രദ്ധ കാരണം
അലിഞ്ഞു തീരുന്നത്
എന്റെ ജീവിതമാണെന്ന്
മഷിത്തണ്ടിന്റെ
പരാതി

2013 ഡിസംബർ 22, ഞായറാഴ്‌ച

പോസ്റ്റ്‌ കാര്‍ഡ്



പൊതിഞ്ഞു വെച്ച
പകയും
വിഷം പുരട്ടിയ  
വാക്കും
കൂട്ടിനില്ലാത്തവര്‍ക്ക്
സൌഹൃദത്തെ
ഓര്‍മപ്പെടുത്താന്‍
ഒരു മഞ്ഞ ക്കാര്‍ഡ് 

2013 ഡിസംബർ 21, ശനിയാഴ്‌ച

പരോള്‍


സുഗന്ധം
പെയ്തിറങ്ങിയ
വസന്ത കാലത്ത്
മിതവാദ ത്തിന്റെ
വിരിപ്പാക്കി
വാരിപ്പുണര്‍ന്നവര്‍
തന്നെയാണ്
വെറുപ്പിന്റെ
ഉഷ്ണ കാലത്ത്
തീവ്രവാദ ത്തിന്റെ
ചാപ്പ കുത്തി
തുറുങ്കില്‍ തള്ളിയത് ....

നിരപരാധി യെന്നറിഞ്ഞിട്ടും
നിറ യൗവനം മരിച്ചിട്ടും
മരം കോച്ചുന്ന
ശൈത്യകാലത്തെ
കാത്തിരിക്കേണ്ടി വന്നു
ഒരു പരോളെങ്കിലും
പതിച്ചു കിട്ടാന്‍   

2013 ഡിസംബർ 20, വെള്ളിയാഴ്‌ച

മൗനം


മൌനത്തെ നമുക്ക്
മനോഹരമായൊരു
കവിതയാക്കാം

അക്ഷര ത്തെറ്റിനു
അമ്മിണി ടീച്ചര്‍
ചെവി പിടിക്കില്ല

വരി തെറ്റിച്ചെന്നു
സാറാമ്മ ടീച്ചര്‍
വഴക്കു പറയില്ല

വ്യാകരണം ചോദിച്ച്
വിജയമ്മ ടീച്ചര്‍
വടി യെടുക്കില്ല
 
ഉള്ളില്‍
കടലിരമ്പുമ്പോള്‍
ചുണ്ടില്‍
ഇലയനങ്ങാതെ

കണ്ണില്‍
കനലാളുമ്പോള്‍
കാഴ്ചകളില്‍
ഇരുട്ട് പുതച്ച്

ഒളിച്ചും
ഒതുങ്ങിയും
മരിച്ചു പോയവരെ
ശ്മശാനത്തിലേക്കെടുക്കുമ്പോള്‍
മൂളാനും വേണ്ടേ
ഒരു കവിത

വെയില്‍


മഞ്ഞുറഞ്ഞ
മരുഭൂമിയില്‍
കുളിര് കായാന്‍
വിരുന്നെത്തിയ
വെയില്‍ കുഞ്ഞുങ്ങള്‍
പുതപ്പില്ലാതെ
പനി  പിടിച്ച്
വിറച്ചുറങ്ങുന്നു  

2013 ഡിസംബർ 19, വ്യാഴാഴ്‌ച

മഞ്ഞു തുള്ളി


ഇലകള്‍ക്കുള്ളില്‍
ഒളിച്ചിരുന്ന മഞ്ഞു തുള്ളിക്ക്
വെയില്‍ പൊള്ളിയപ്പോഴാണ്
നീട്ടിക്കിട്ടിയ ആയുസ്സിന്റെ
ഭാരത്തെ കുറിച്ച്
ദൈവത്തോട് പരാതിപ്പെട്ടത് 

2013 ഡിസംബർ 18, ബുധനാഴ്‌ച

എന്റെ പ്രണയിനിക്ക്

പൂവിലേക്ക്
മഞ്ഞെന്ന പോലെ
നീ വന്നു

പുഴയില്‍
പൂന്തിങ്ക ളെന്നപോലെ
നീ ചിരിച്ചു

മരങ്ങളില്‍ ചേക്കേറിയ
കിളികളെ പോലെ
നീ ചിലച്ചു

പുലര്‍ കാലത്തെ
കിനാവ് പോലെ
നിന്നെ തനിച്ചാക്കി
ഞാന്‍ മടങ്ങി

തൊട്ടതും തലോടിയതും 
മഴ കരിഞ്ഞു പോയ 
മീന ച്ചൂടിലെങ്കിലും  

നീ പകര്‍ന്നു നല്‍കിയത്   
പുലരു മെന്നുറപ്പുള്ള
സ്വപ്നങ്ങളും

പ്രവാസത്തിന്റെ
ഇരുമ്പ് കട്ടിലില്‍
വിരിക്കാനുള്ള
പൂ നിലാവുമായിരുന്നു



2013 ഡിസംബർ 17, ചൊവ്വാഴ്ച

പ്രണയം


പത്താം ക്ലാസിന്റെ 
പാതി വഴിയില്‍
പിണങ്ങിപ്പോയ
പ്രണയം
നഗരത്തിന്റെ
തിരക്കുകള്‍ ഭേദിച്ച്
തിരഞ്ഞു വന്നത്
പരിചയം പുതുക്കാനും
പൊറുക്കണമെന്ന്
പറയാനുമായിരുന്നു

സിരകളില്‍  നുഴഞ്ഞു കയറി
ഹൃദയത്തിന്റെ
പൂട്ടുകള്‍ പൊളിച്ചതും
അകത്തു കയറി
സ്വപ്നങ്ങള്‍ക്ക് തീ പകര്‍ന്നതും
ഒളിചോടുമ്പോള്‍
'മറക്കുക'
എന്നെഴുതാനായിരുന്നോ...??!

2013 ഡിസംബർ 16, തിങ്കളാഴ്‌ച

പെട്ടികള്‍


മരങ്ങളില്ലാത്ത കാലത്ത്
ചിലന്തി  ക്കുഞ്ഞുങ്ങള്‍
വല നെയ്യുന്നതും നോക്കി
പ്രണയത്തിന്റെ നോവും
വിരഹത്തിന്റെ വേവും
തിരിച്ചറിയാതെ
വെയിലു കായുന്നു
ചില ചുവന്ന പെട്ടികള്‍