2013 നവംബർ 11, തിങ്കളാഴ്‌ച

തേന്‍


മുമ്പിലൊരു പടവാള്‍
വീശുമ്പോഴും
പിന്നിലൊരു തേന്‍ കുടം
തുളുമ്പുന്നുണ്ട്
പൂമ്പൊടി
വാരി പ്പറക്കുമ്പോഴും
പൂവിനൊരു ജീവന്‍
പകരുന്നുണ്ട്

2013 നവംബർ 10, ഞായറാഴ്‌ച


എത്ര പെയ്തിട്ടെന്ത് .....
ഏറ്റു പെയ്യാന്‍
ഒരു മരം പോലും
കൂട്ടിനില്ലെങ്കില്‍ ..... ?! 

2013 നവംബർ 9, ശനിയാഴ്‌ച

വിമാനത്താവളങ്ങള്‍


വിമാനത്താവളങ്ങള്‍ക്ക്
വീടൊഴിക്കപ്പെട്ട
കുഞ്ഞുങ്ങളില്‍ നിന്നും
കവര്‍ന്നെടുത്ത
ചിറകുകള്‍ വീശി
തെരുവിന്റെ
ഉറക്കം കെടുത്താന്‍
ഇരമ്പി പ്പറക്കുന്നു
ചതിയുടെ വിമാനങ്ങള്‍


2013 നവംബർ 8, വെള്ളിയാഴ്‌ച

ഉറുമ്പുകള്‍


ഉറുമ്പുകള്‍
പട നയിക്കുമ്പോഴും
പിന്നിലൊരു കണ്ണുണ്ടാവും
വഴി നടക്കുമ്പോഴും
'നിര' യിലൊരു കാവല്‍ കാണും
കതിര് തിന്നുമ്പോഴും
കണ്ണിലൊരു കണക്കുണ്ടാവും
കൂടണയുമ്പോഴും
കയ്യിലൊരു കരുതല്‍ കാണും 

വേരുകള്‍


മഴ
മണ്ണിനോടന്വേഷിച്ചത്
വെയില്‍ പൊള്ളി
മരിച്ചവര്‍
എവിടെ യെന്നാണ്

മണ്ണ്
മഴയോട് പറഞ്ഞത്
ഉറവ തേടുന്ന
വേരുകള്‍ തീര്‍ത്ത
ശില്‍പങ്ങളെ കുറിച്ചും

2013 നവംബർ 3, ഞായറാഴ്‌ച

പലിശ


കൂട്ടിയും ഗുണിച്ചും
പടി കേറി വന്നു
പലിശ  ..............
കൂട്ടിയിട്ടും കൂടാതെ
പടിയിറങ്ങി പ്പോയി
പ്രാണന്‍ ...................

പ്രണയം


മുറിവു ണങ്ങാത്ത
ചുണ്ടില്‍
പ്രണയത്തിന്റെ
പാട്ടുത്സവം

നിഴല്‍


മുമ്പിലും പിറകിലും
തുള്ളിയും തുളുമ്പിയും
ചാഞ്ഞും ചെരിഞ്ഞും
വളർന്നും തളര്‍ന്നും
ഒളിച്ചും കളിച്ചും
പിടി തരാതെ  നിഴല്‍ 

അരുവി


ഉറവയുടെ ചൂടറിഞ്ഞ്
കാടിന്റെ കുളിരണിഞ്ഞ്‌
കത്തുന്ന വഴി കടന്ന്
അലയുന്ന പുഴയിലേക്ക്
അരുവിയുടെ തീർത്ഥാടനം

2013 നവംബർ 2, ശനിയാഴ്‌ച

കണക്ക്


കണക്കു ടീച്ചർ
കൈ വെള്ളയില്‍ വരച്ചിട്ട
ഹരണവും ഗുണനവും
എത്ര പെട്ടെന്നാണ്
പത്തു റിയാലിന്റെ
കാല്‍ കുലെറ്റര്‍
മായ്ച്ചു കളഞ്ഞത് 

ചിപ്പി


ആഴിയുടെ 
കുളിരില്‍ നിന്നും
കവര്‍ന്നെടുക്കുമ്പോള്‍
നീ പറഞ്ഞില്ലല്ലോ
അഹങ്കാരത്തിന്റെ
കൊടും ചൂടിലെന്നെ
തളച്ചിടുമെന്ന്

2013 നവംബർ 1, വെള്ളിയാഴ്‌ച

പിടി


മരങ്ങളെല്ലാം
തീര്ന്നു പോയത്
മഴുവിന്
പിടി യിട്ടതാണെന്ന്

ചാര്‍ജ്


ശബ്ദം നിലച്ച
മൊബൈല്‍ ഫോണാണ്
ആദ്യം പറഞ്ഞത്
പ്രണയത്തിന്റെ
ചാര്‍ജ് തീര്‍ന്നെന്ന്

വാക്ക്


നീ എറിഞ്ഞത്
'ഒരു വാക്കാ'ണെങ്കിലും 
മുറിഞ്ഞു പോയത്
നമുക്കിടയിലെ 
ചിരി യായിരുന്നു

2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

ദേശീയ പാത .......


കുടിയിറക്കപ്പെട്ടവരുടെ
കലങ്ങിപ്പോയ ഹൃദയം
രണ്ടാക്കി പ്പിര്‍ളത്തിയ പോലെ
ചോരയുണങ്ങാതെ
ദേശീയ പാത .......

വിസ .....


വിസ ......
വഴി യടഞ്ഞവര്‍ക്കൊരു
'വഴി' യാണെങ്കിലും
വന്നണഞ്ഞാല്‍ പിന്നെ
വഴിപ്പെടാനുള്ള
വിധി യാണ് 

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

കലണ്ടര്‍


കൊല്ലം തികഞ്ഞാല്‍
കൊല്ലു മെന്നറിഞ്ഞ്
കലണ്ടറുകളൊക്കെ
കഴുത്തിലൊരു
കയറി ട്ടാണ്
കയറി വരുന്നത്
--------------------------------

 കലണ്ടര്‍
കഥകളോര്‍ത്ത് പറയാറുണ്ട്
കഴിഞ്ഞതും കണ്ടതും
കാത്തു വെക്കാറുണ്ട്
കല്യാണത്തിനും
കല്ലിടലിനും കൂട്ട് പോകാറുണ്ട്
കണിയാനും കപ്യാരും
കണക്കു നോക്കാറുണ്ട്
...........എന്നിട്ടും..........
കൊല്ലം തികഞ്ഞപ്പോ
കുറിച്ച് വെച്ച
കണക്കുകളടക്കം
കത്തിച്ചു കളഞ്ഞല്ലോ ...?!

2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

മുള



കൂര്‍ത്ത മുള്ളുകള്‍ വീശി
കാത്തു വെച്ചെങ്കിലും
കാറ്റിലാടിപ്പോയ ജീവിതം ...
പൂര്‍ത്തിയായെ ന്നറിയിച്ചത്
പറന്നു വന്നൊരു
പൂക്കാല മായിരുന്നു 

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇണക്കിളികള്‍...


കണ്ടിരിക്കുമ്പോള്‍
കണ്ണുരുട്ടുന്നവര്‍
കാത്തിരിക്കുമ്പോള്‍
കണ്ണു റങ്ങാത്തവര്‍
കാണാതിരിക്കുമ്പോള്‍
കണ്ണുകളുരുകുന്നവര്‍


ഒറ്റ മുറി


പ്രവാസത്തിന്റെ
ഒറ്റ മുറിയില്‍
കുത്തിയൊലിക്കുന്നുണ്ട് ..
ഓടിത്തീരാത്ത വലിയ വീട്ടിലെ
ഇരമ്പി പ്പെയ്യുന്ന നെടുവീര്‍പ്പും
ഇരമ്പലറിയാത്ത
കുഞ്ഞുങ്ങളുടെ ആരവങ്ങളും 

അച്ചാറ്



വിട്ടു പോരുമ്പോഴും
പൊതിഞ്ഞു തന്നിരുന്നു....
പ്രണയത്തിന്റെ മണമുള്ള
മുടിയിഴകള്‍ ഒളിപ്പിച്ച
നിറമുള്ള അച്ചാറും
വിരഹത്തിന്റെ എരിവുള്ള
കുറെ ഓര്‍മകളും

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

പല്ലി


ഒറ്റ ത്തുള്ളലില്‍ 
നീ മുറിച്ചു കളഞ്ഞത്
വീണ്ടും കിളിര്‍ക്കുന്ന
ഒരു വാല്‍ തലപ്പു
മാത്രമായിരുന്നില്ല 
തിരിച്ചു കിട്ടാത്ത
എന്റെ കരുതലും
കൗശലവും കൂടി യാണ്

അക്വറിയം


അക്വറിയം
-------------
ചില്ലു കൂടൊരുക്കി 
മീന്‍ വളര്‍ത്തുന്നത്
വലിയ കൂട്ടിലെ
ചെറിയ കൂട് കണ്ടെങ്കിലും
അവളിത്തിരി ചിരിക്കട്ടെ
എന്ന് കരുതി മാത്രമല്ല
കൂടിന്റെ
അതിരും അച്ചടക്കവും
ഓര്‍മിപ്പിക്കാന്‍ കൂടിയാണ്


2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

കുട്ടി


രാജാവ് നഗ്നനാണെന്നു 
വിളിച്ചു കൂവിയ കുട്ടി 
മുതിര്ന്ന പൌരനായി 
ഇപ്പൊഴവന്‍ 
തുണിയുടുക്കാത്തവരെ
തിരഞ്ഞു നടക്കുകയാണ് 
'ഗൂഗിളി'ല്‍ 

അനാഥം


കവിത നെയ്യാന്‍
വാക്കുകള്‍ കിട്ടാതെ
കണ്ണടച്ചിരിക്കുമ്പോ
ഉള്ളില്‍ കലമ്പുന്ന
ചുഴിയും ചാകരയും
അനാഥമായി പോകുന്നു