2012, ജൂലൈ 3, ചൊവ്വാഴ്ച

വിത്തും വിതയും ...

വയലുകള്‍ കരയുന്നത് 
വിത്തും വിതയു മില്ലാത്തതല്ല 
വിപത്തിന്റെ വിള യിറക്കാന്‍
'വിത്തു കാള ' നല്‍കിയ വിഷവിത്തുകള്‍ 
വയലുകളില്‍ കുത്തി നിറച്ചതാണ് 

വയലുകള്‍ വരളുന്നത്‌ 
വെള്ളം  കിനിയാത്തതല്ല 
വിത്ത്‌ നല്‍കാത്ത വിളകളും 
വീര്‍ത്തു ചീര്‍ത്ത മക്കളും 
ഗര്‍ഭത്തിലൂറുന്നതോര്‍ത്താണ് 

വയലുകള്‍ വിതുമ്പുന്നത് 
വളം കിട്ടാതെ വിശന്നിട്ടല്ല 
വിരുന്നായി പ്പോലും -നീ 
വരമ്പിലിരുന്നൊന്ന് കാണാനും 
വിള തൊട്ടൊന്നു  തഴുകാനും വരാത്തതാണ് 

വയലുകള്‍ വിളറുന്നത് 
വിളകള്‍ക്ക് വില കിട്ടാത്തതല്ല 
വിരുന്നു വന്നവര്‍ വിരുതു കാട്ടി 
വിത്തെറിഞ്ഞവരുടെ വില കെടുത്തി 
വിള കവര്‍ന്ന് ഒളിപ്പിച്ചതാണ് 

വയലുകള്‍ മരിക്കുന്നത് 
വെട്ടും  കിളയു മില്ലാത്തതല്ല 
വില്‍ക്കപ്പെട്ട വിദൂഷകരും 
വിശപ്പറിയാത്ത ഭരണക്കാരും 
വിളകള്‍ക്ക് വിലയിടിച്ചു രസിക്കുന്നതാണ് 

വയലുകള്‍ കരയാതിരിക്കാന്‍ 
വിത്തുകള്‍ കാത്തു വെക്കുക  
വയലുകള്‍ വരളാതിരിക്കാന്‍ 
'വിത്തില്ലാത്ത വിള'കള്‍ക്ക് 
വഴിയടച്ച്  കാവലിരിക്കുക 

വയലുകള്‍ പൊട്ടിച്ചിരിക്കാന്‍ 
വരമ്പുകളില്‍ വിനോദം കാണുക 
വയലുകളുണങ്ങാതിരിക്കാന്‍ 
'വമ്പന്‍ ' മാരെ വഴി തടയുക 
വയലുകള്‍ മരിക്കാതിരിക്കാന്‍ 
വിശപ്പറിയാത്തവരെ വിശപ്പറിയിക്കുക 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ